എഡ്മന്റണ്‍: കാനഡയില്‍ നിന്നുള്ള മദ്യോല്‍പന്നങ്ങള്‍ക്ക് 50 ശതമാനം ഇറക്കുമതി താരിഫ് ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഭീഷണി യാഥാര്‍ഥ്യമായാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് ആല്‍ബര്‍ട്ടയിലെ മദ്യനിര്‍മാതാക്കളും വ്യാപാരികളും മുന്നറിയിപ്പ് നല്‍കി. ചിലര്‍ അമേരിക്കന്‍ മദ്യത്തിന്റെ ഇറക്കുമതിക്ക് ആല്‍ബര്‍ട്ട സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തിരിച്ചടിക്കണമെന്നും ആവശ്യപ്പെട്ടു.
അമേരിക്കന്‍ മദ്യോത്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താത്ത കാനഡയിലെ രണ്ട് പ്രവിശ്യകള്‍ ആല്‍ബര്‍ട്ടയും സസ്‌കാഷെവാനും മാത്രമാണ്.
എഡ്മന്റണിലെ സ്ട്രാത്ത്‌കോണ സ്പിരിറ്റ്‌സിന്റെ സ്ഥാപകനും മാസ്റ്റര്‍ ഡിസ്റ്റിലറുമായ ആദം സ്മിത്ത്, അമേരിക്കന്‍ മദ്യത്തിന്റെ ഇറക്കുമതി ആല്‍ബര്‍ട്ട സര്‍ക്കാര്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
ആല്‍ബര്‍ട്ടയിലെ ഉത്പാദകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അതിന് ഏറ്റവും യുക്തിസഹമായ മറുപടി അമേരിക്കന്‍ മദ്യവില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് പുതിയ താരിഫുകള്‍ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓഗസ്റ്റ് 19 മുതല്‍ അവ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. അമേരിക്കന്‍ ഉത്പന്നങ്ങളോട് കാനഡ വിവേചനപരമായ സമീപനം സ്വീകരിക്കുന്നതിനുള്ള മറുപടിയായാണ് ഈ നടപടിയെന്ന് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നു.
ഫ്‌ളോറിഡയിലേക്കും വാഷിംഗ്ടണിലേക്കും ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും പുതിയ പ്രഖ്യാപനത്തോടെ അതെല്ലാം തത്ക്കാലം നിര്‍ത്തിവച്ചതായി ആദം സ്മിത്ത് പറഞ്ഞു.
പദ്ധതികള്‍ അനിശ്ചിതത്വത്തിലല്ല, പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ആല്‍ബര്‍ട്ട ക്രാഫ്റ്റ് ഡിസ്റ്റിലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും കാല്‍ഗറിയിലെ ട്രൂ വൈല്‍ഡ് ഡിസ്റ്റില്ലിങ്ങിന്റെ സി ഇ ഒയുമായ ബ്രൈസ് പാര്‍സണ്‍സ് പറയുന്നത് പുതിയ താരിഫ് ചെറുകിട ഉത്പാദകരുടെ വിപണി സാധ്യതകള്‍ ഗണ്യമായി കുറയ്ക്കുമെന്നാണ്. അമേരിക്കയിലേക്ക് വ്യാപനം നടത്താനുള്ള പദ്ധതികള്‍ പുനഃപരിശോധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
തങ്ങള്‍ക്ക് മികച്ച വരുമാനം നല്‍കാന്‍ കഴിയുന്ന വലിയൊരു വിപണിയാണ് നഷ്ടമാകുന്നതെന്നും അതിനാല്‍ മറ്റ് രാജ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കേണ്ട സാഹചര്യമാണുള്ളതെന്നും എന്നാല്‍ പുതിയ വിപണികള്‍ കണ്ടെത്താന്‍ സമയവും വലിയ പരിശ്രമവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കാനഡ- അമേരിക്ക വ്യാപാരബന്ധത്തിലെ അനിശ്ചിതത്വം കഴിഞ്ഞ ഒന്നരവര്‍ഷമായി തുടരുകയാണെന്ന് എഡ്മന്റണിലെ ഷെര്‍ബ്രൂക്ക് ലിക്കര്‍ സ്റ്റോറിന്റെ ഉടമ ഡേവിഡ് ഓവന്‍സ് ചൂണ്ടിക്കാട്ടി. താരിഫ് വരുമെന്ന പ്രഖ്യാപനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ടെന്നും അതിനാല്‍ യഥാര്‍ഥത്തില്‍ നടപ്പാകുന്നതുവരെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 19 വരെ 30 ദിവസത്തെ സമയപരിധി നല്‍കിയിരിക്കുന്നതിനാല്‍ താരിഫ് യഥാര്‍ഥത്തില്‍ പ്രാബല്യത്തില്‍ വരുമോയെന്ന കാര്യത്തിലും സംശയമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ വിസ്‌കിക്കും ബര്‍ബണും ഇപ്പോഴും ആവശ്യക്കാരുണ്ടെങ്കിലും അമേരിക്കന്‍ വൈനിന്റെ വില്‍പ്പന കുത്തനെ ഇടിഞ്ഞതായി ഓവന്‍സ് പറഞ്ഞു.
ഒരു വര്‍ഷത്തിലേറെയായി പുതിയ അമേരിക്കന്‍ വൈന്‍ ഇറക്കുമതി ചെയ്തിട്ടില്ല. ആവശ്യക്കാര്‍ ഇല്ലാത്തതിനാല്‍ പഴയ കുപ്പികള്‍ ഇപ്പോഴും ഷെല്‍ഫുകളില്‍ കിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രിന്‍സ് എഡ്വേര്‍ഡ് ദ്വീപില്‍ ചേര്‍ന്ന കനേഡിയന്‍ പ്രീമിയര്‍മാരുടെ കൗണ്‍സില്‍ ഓഫ് ദ ഫെഡറേഷന്‍ യോഗത്തില്‍ ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് കാനഡയും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകളില്‍ നയതന്ത്രപരമായ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞു.
ഇതിനിടെ സസ്‌കാഷെവാന്‍, മാനിറ്റോബ, ഒന്റാറിയോ, ന്യൂ ബ്രണ്‍സ്വിക്, നോവ സ്‌കോഷ്യ, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളുമായി നേരിട്ടുള്ള ഉപഭോക്തൃ മദ്യവില്‍പ്പന കരാറില്‍ ഒപ്പുവച്ചതായി ആല്‍ബര്‍ട്ട സര്‍ക്കാര്‍ അറിയിച്ചു.
ഈ കരാര്‍ പ്രകാരം ആല്‍ബര്‍ട്ടയിലെ മദ്യനിര്‍മാതാക്കള്‍ക്ക് ബിയര്‍, വൈന്‍, സ്പിരിറ്റ്‌സ് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ മറ്റ് കനേഡിയന്‍ പ്രവിശ്യകളിലെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വില്‍ക്കാനാകും. പ്രവിശ്യകള്‍ തമ്മിലുള്ള വ്യാപാരതടസ്സങ്ങള്‍ കുറയ്ക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണിതെന്നും കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നും പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് വ്യക്തമാക്കി.
