എന്തുകൊണ്ട് രാഹുൽ സെലക്ടീവാകുന്നു? വിദ്യാർഥി വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്രമന്ത്രി നദ്ദ

എന്തുകൊണ്ട് രാഹുൽ സെലക്ടീവാകുന്നു? വിദ്യാർഥി വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്രമന്ത്രി നദ്ദ


ന്യൂഡൽഹി: വിദ്യാർത്ഥികളുടെ പ്രശ്‌നം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് കേന്ദ്രമന്ത്രി ജെ.പി നദ്ദ. കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ ചോദ്യപേപ്പർ ചോർന്നു. കോൺഗ്രസ് ഭരണത്തിൽ ഛത്തീസ്ഘട്ടിലും ചോർന്നു. തമിഴ്നാട്ടിലും, പഞ്ചാബിലും, ബംഗാളിലുമൊക്കെ പേപ്പർ ചോർന്നു. കേരളത്തിൽ പിഎസ്‍സി പരീക്ഷ ചോദ്യപേപ്പർ ചോർന്നു. പിന്നെ എന്തുകൊണ്ട് കോൺഗ്രസ് സെലക്ടീവ് വിമർശനം നടത്തുന്നുവെന്ന് ജെപി നദ്ദ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

നിങ്ങളുടെ ഉദ്ദേശ്യം വിദ്യാർത്ഥികൾക്ക് നീതി കിട്ടുകയെന്നതല്ല. അവരുടെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പാണ്. ഞങ്ങൾ പാർലമെൻ്റിൽ ചർച്ചക്ക് തയ്യാറാണ്. അവിടെ വിശദമായ ചർച്ച നടക്കട്ടെ. ആരൊക്കെയാണ് ഇതിന് പിന്നിൽ എന്ന് തുറന്ന് കാട്ടപ്പെടട്ടേ. ചോദ്യപേപ്പർ ചോർച്ച ഗുരുതരമായ വിഷയമാണെന്ന കാര്യത്തിൽ സംശയമില്ല. പ്രതിപക്ഷം പറയുന്ന സമയം ചർച്ച ചെയ്യാൻ തയ്യാറാണ്. ഇത് ഉത്തരവാദിത്തമുള്ള സർക്കാരാണ്. മോദിയുടെ നേതൃത്വത്തിലാണ് ഈ സർക്കാർ മുൻപോട്ട് പോകുന്നത്. പ്രധാനമന്ത്രിയും വളരെ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. ചർച്ച നടക്കട്ടെ സർക്കാരിന് മറുപടിയുണ്ടാകുമെന്നും നദ്ദ പറഞ്ഞു.