തൃശൂർ: ഡൽഹിയിലെ സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ ടൊവിനോ തോമസിന്റെ തൃശൂർ ഇരിങ്ങാലക്കുടയിലെ വീടിനുമുന്നിൽ യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചു. പ്രവർത്തകർ വായ്മൂടിക്കെട്ടിയാണ് നടന്റെ വീടിനുമുന്നിൽ പ്രതിഷേധമറിയിച്ചത്. അപ്രതീക്ഷിത പ്രതിഷേധ സാന്നിധ്യം കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ടൊവിനോ തോമസിന്റെ വീടിന് മുന്നിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര സർക്കാരിനെതിരെയും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുമാണ് വിദ്യാർത്ഥികൾ സി.ജെ.പി.യുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നത്. സമാധാനപരമായി നടക്കുന്ന ഒരു വിദ്യാർത്ഥി സമരത്തെ പോലീസിനെ ഉപയോഗിച്ച് ഇത്തരത്തിലാണോ നേരിടേണ്ടതെന്ന് ടൊവിനോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചോദിച്ചിരുന്നു. രാജ്യത്തിന്റെ ഭാവി തലമുറ സംസാരിക്കുമ്പോൾ അതിനെ അടിച്ചമർത്തുന്നപക്ഷം ഭാവി തന്നെയാണ് ചവിട്ടിത്താഴ്ത്തപ്പെടുന്നതെന്നും അദ്ദേഹം കുറിച്ചിരുന്നു.
രാജ്യത്ത് സമാധാനപൂർവ്വം പ്രതിഷേധിക്കുന്ന ഏതൊരാൾക്കും തന്റെ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും വിയോജിപ്പിനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും ടൊവിനോ തോമസ് വ്യക്തമാക്കിയിരുന്നു. ദേശീയബോധത്തെ ചോദ്യം ചെയ്യാൻ വരുന്നവരോട് മനുഷ്യത്വമാണ് തന്റെ രാഷ്ട്രീയമെന്നും സമാധാനത്തിലാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രതികരണത്തിന് പിന്നാലെയാണ് ഇരിങ്ങാലക്കുടയിലെ വീടിന് നേരെ പ്രതിഷേധവുമായി യുവമോർച്ച രംഗത്തെത്തിയത്.
അതേസമയം, നടന്മാരായ ദുൽഖർ സൽമാൻ, ആസിഫ് അലി എന്നിവർ സമൂഹ മാദ്ധ്യമത്തിലൂടെയും ജോജു ജോസഫ്, അമൽ നീരദ് തുടങ്ങിയവർ കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിലും വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അന്നൊന്നും വാ തുറന്നു കണ്ടില്ലല്ലോ! വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ ടൊവിനോയുടെ വീടിന് മുമ്പിൽ പ്രതിഷേധവുമായി യുവമോർച്ച
