ഷിക്കാഗോ: കേരളത്തില്‍ കുറെ നാളുകളായി യുവാക്കളുടെയും കുട്ടികളുടെയും ഇടയില്‍ കണ്ടു വരുന്ന അമിതമായ ലഹരി ഉപയോഗത്തിനെതിരായി കേരളാ ഗവണ്‍മെന്റും കേന്ദ്ര സര്‍ക്കാരും സംഘടിപ്പിച്ചു വരുന്ന ബോധവത്ക്കരണ പരിപാടികളില്‍ ഷിക്കാഗോ മലയാളി അസോസിയേഷനും പങ്കാളിയായി.
ഇതിന്റെ ഭാഗമായി റാന്നി കനകപ്പലം എം ടി ഹൈസ്‌കൂളിലും ചുങ്കപ്പാറ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലും ഷിക്കാഗോ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറുകള്‍ ശ്രദ്ധേയമായി. രണ്ടു സെമിനാറുകളും ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജെസ്സി റിന്‍സി ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കറും ലഹരി വിരുദ്ധ പ്രചാരകനുമായ ബി ഹരികുമാര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.
സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ തടയിടുവാന്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും അതിനായി നിരന്തരം ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ജെസ്സി റിന്‍സി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇതിനായി ഷിക്കാഗോ മലയാളി അസോസിയേഷന്റെ എല്ലാ സഹായ സഹകരണങ്ങളും ജെസ്സി വാഗ്ദാനം ചെയ്തു.
കനകപ്പലം എം ടി എച്ച് എസ് പ്രധാനാധ്യാപിക ജെറ്റി തോമസ്, ഷിജി ജേക്കബ്, രാജീവ് നായര്‍, ധന്യ തോമസ്, അനില്‍ പെണ്ണുക്കര, സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ വര്‍ഗീസ് ജോസഫ് എന്നിവര്‍ സംസാരിച്ചു. കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി രണ്ടു സ്‌കൂളുകള്‍ക്കും പുസ്തകങ്ങള്‍ സമ്മാനിച്ചു.