ഡാളസ് സ്‌കൂള്‍ ഓഫ് തിയോളജി അലുംനി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം നടത്തി

ഡാളസ് സ്‌കൂള്‍ ഓഫ് തിയോളജി അലുംനി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം നടത്തി


ഡാളസ്: ഡാളസ് സ്‌കൂള്‍ ഓഫ് തിയോളജി അലുംനി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിജയകരമായി സംഘടിപ്പിച്ചു. റിച്ചാര്‍ഡ്‌സണ്‍ ഗ്രേസ് ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിലായിരുന്നു സമ്മേളനം. ''സേവനത്തിനായി വിളിക്കപ്പെട്ടവര്‍: ക്രിസ്തീയ ശുശ്രൂഷയിലെ ആഹ്വാനങ്ങളും വെല്ലുവിളികളും''  എന്നതായിരുന്നു ഈ വര്‍ഷത്തെ മുഖ്യ ചിന്താവിഷയം.

പാസ്റ്റര്‍ മാത്യു സാമുവല്‍ അധ്യക്ഷത വഹിച്ച യോഗം ബ്രദര്‍ ജോണ്‍സണ്‍ സാമുവലിന്റെ പ്രാരംഭ പ്രാര്‍Lനയോടെയാണ് ആരംഭിച്ചത്. പാസ്റ്റര്‍ ജസ്റ്റിന്‍ വര്‍ഗീസ് ആരാധനയ്ക്ക് നേതൃത്വം നല്‍കി. ബ്രദര്‍ ബാബു സൈമണ്‍ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് സ്വാഗതമാശംസിക്കുകയും സമ്മേളനത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു.

തുടര്‍ന്ന് നടന്ന സെമിനാറില്‍ മുഖ്യ പ്രഭാഷകനായ പാസ്റ്റര്‍ കെ പി മാത്യുവിനെ പാസ്റ്റര്‍ മാത്യു സാമുവല്‍ യോഗത്തിന് പരിചയപ്പെടുത്തുകയും അദ്ദേഹം വിഷയാധിഷ്ഠിത പ്രഭാഷണം നടത്തുകയും ചെയ്തു. അലുംനി അസോസിയേഷന്റെ ലക്ഷ്യങ്ങളെയും ഭാവി വീക്ഷണങ്ങളെയും കുറിച്ച് പാസ്റ്റര്‍ തോമസ് ജോണ്‍ വിശദീകരിച്ചു. ഡാളസ് സ്‌കൂള്‍ ഓഫ് തിയോളജി പൂര്‍വ്വ വിദ്യാര്‍ഥി സിസ്റ്റര്‍ മേരിക്കുട്ടി എബ്രഹാം രചിച്ച 'ആന്‍ ഔട്ട്‌ലൈന്‍ ഓഫ് ദി ഹിസ്റ്ററി ഓഫ് ക്രിസ്ത്യാനിറ്റി ഇന്‍ കേരള' എന്ന പുസ്തകത്തിന്റെ പ്രകാശനവും യോഗത്തില്‍ നടന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ പാസ്റ്റര്‍ ഡോ. എബ്രഹാം തോമസ് കോളേജിന്റെ പ്രവര്‍ത്തനങ്ങളെയും ഭാവി പരിപാടികളെയും കുറിച്ച് വിശദീകരിച്ചു.

അസോസിയേഷന്റെ അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും യോഗത്തില്‍  നടന്നു. ഭാരവാഹികളായി പാസ്റ്റര്‍ ജസ്റ്റിന്‍ വര്‍ഗീസ് (പ്രസിഡന്റ്), സുജന്‍ തരകന്‍ (സെക്രട്ടറി), എലിസബത്ത് സാമുവല്‍ (ട്രഷറര്‍) എന്നിവരെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു.

സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും ബ്രദര്‍ സജിത് സ്‌കറിയ നന്ദി പ്രകാശിപ്പിച്ചു. പാസ്റ്റര്‍ ഡോ. തോമസ് മുള്ളയ്ക്കലിന്റെ സമാപന പ്രാര്‍ഥനയോടും ആശീര്‍വാദത്തോടും കൂടി യോഗം അവസാനിച്ചു. ഡാളസിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി പൂര്‍വ്വവിദ്യാര്‍ഥികളും ശുശ്രൂഷകരും യോഗത്തില്‍ പങ്കെടുത്തു.

ആഗസ്റ്റ് മാസം ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ ചേരുവാന്‍ താത്പര്യമുള്ളവര്‍ക്ക് schooloftheology.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.