ഡോ. ആനി ജോര്‍ജും സുജ തോമസും അമേരിക്കന്‍ അക്കാദമി ഓഫ് നഴ്‌സിങ്ങില്‍ ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു

ഡോ. ആനി ജോര്‍ജും സുജ തോമസും അമേരിക്കന്‍ അക്കാദമി ഓഫ് നഴ്‌സിങ്ങില്‍ ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു


വാഷിംഗ്ടണ്‍: നഴ്‌സിംഗ് രംഗത്ത് തിളങ്ങുന്ന ഡോ. ആനി ജോര്‍ജും സുജ തോമസും അമേരിക്കന്‍ അക്കാദമി ഓഫ് നഴ്‌സിങ്ങില്‍ (എ എ എന്‍) ഫെല്ലോ ആയി  തെരഞ്ഞെടുക്കപ്പെട്ടു.  നഴ്‌സിംഗ് പ്രൊഫെഷനില്‍ അമേരിക്കയിലെ ഏറ്റവും ഉന്നത ബഹുമതികളില്‍ ഒന്നാണ് അമേരിക്കന്‍ അക്കാദമിയിലെ ഫെല്ലോഷിപ്പ്.  ആരോഗ്യ മേഖലയില്‍, പ്രത്യേകിച്ച് നഴ്‌സിംഗ് രംഗത്ത് നയരൂപീകരണത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന ഈ സംഘടനയില്‍ ഫെല്ലോ ആയുള്ള തെരഞ്ഞെടുപ്പ് നഴ്‌സിംഗ് പാണ്ഡിത്യത്തിന്റെ കൊടുമുടിയായാണ് അറിയപ്പെടുന്നത്. അമേരിക്കയിലെ മുപ്പത്തിയൊന്‍പത് സംസ്ഥാനങ്ങളില്‍ നിന്നും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയില്‍ നിന്നും മറ്റു പതിനേഴു രാജ്യങ്ങളില്‍ നിന്നുമായി ആരോഗ്യരംഗത്ത് റിസേര്‍ച്ച്, ക്ലിനിക്കല്‍ പ്രാക്ടീസ്, പോളിസി, എജുക്കേഷന്‍ എന്നീ ശാഖകളിലെ നേതൃത്വത്തിലൂടെ പുരോഗതിക്കായി നൂതനമായ മാറ്റങ്ങള്‍ വരുത്തിയ സമുന്നതരായ ഇരുന്നൂറ്റി എഴുപത്തിഅഞ്ചു പേരെയാണ് ഈ വര്‍ഷം അമേരിക്കന്‍ അക്കാദമി ഓഫ് നഴ്‌സിംഗ് ഫെല്ലോ ആയി അവരോധിക്കുന്നത്. 

ലോകത്തെ ഏറ്റവും വിദഗ്ദ്ധരായ നഴ്‌സുമാരെ തിരിച്ചറിഞ്ഞു അവരെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ പരിരക്ഷയ്ക്കുള്ള പ്രാപ്തി എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുമുള്ള നയവികസനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്ന എ എ എന്‍ ഒക്ടോബറില്‍ വാഷിങ്ടണ്‍ ഡി സിയില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ സുജയെയും ആനിയെയും എഫ് എ എ എന്‍ ക്രെഡന്‍ഷ്യല്‍ നല്‍കി ആഗോള നഴ്‌സിങ്ങിലെ ഏറ്റവും വിശിഷ്ടരായ ചെറിയ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യും. ക്ലിനിക്കല്‍ പ്രാക്ടിസില്‍  വരുത്തിയ തെളിവു സഹിതമുള്ള പരിണാമങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വം, സംസ്ഥാന- ദേശീയ നയങ്ങളില്‍ വരുത്തിയ സ്വാധീനം, നഴ്‌സിങ്ങിന്റെ അറിവുമണ്ഡലത്തില്‍ നേടിയ പുതുമ, കമ്മ്യൂണിറ്റി- സാമൂഹികാരോഗ്യത്തില്‍ വരുത്തിയ പുരോഗമനം എന്നീ വിഷയങ്ങളില്‍ തങ്ങള്‍ ചെയ്ത കാര്യങ്ങളെ വളരെ കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷമാണ് അമേരിക്കന്‍ അക്കാദമി ഓഫ് നഴ്‌സിംഗ് അപേക്ഷകരെ ഫെല്ലോ അംഗങ്ങളായി തെരഞ്ഞെടുത്തത്.  

അമേരിക്കന്‍ ആരോഗ്യരംഗത്തെ നയങ്ങളില്‍ ആണ്  അമേരിക്കന്‍ അക്കാദമി ഓഫ് നഴ്‌സിംഗ് കേന്ദ്രീകരിക്കുന്നതെങ്കിലും അതിന്റെ അംഗങ്ങളായ ഫെല്ലോകള്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസഷന്‍, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് എന്നീ സ്ഥാപനങ്ങളുമായി പ്രവര്‍ത്തിച്ച് ഔദ്യോഗിക നയ പ്രഖ്യാപനങ്ങള്‍ക്കും ആഗോളതലത്തില്‍ ആരോഗ്യരംഗത്തെ ഭാവി നടപടികള്‍ക്കുള്ള രൂപപ്പെടുത്തലിനും മാരകമായ പകര്‍ച്ചവ്യാധികള്‍ക്കുള്ള പരിഹാരം കണ്ടെത്തുന്നതിനും സജീവമായി  ഉള്‍പ്പെടുന്നവരാണ്. നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് തങ്ങളുടെ ഔദ്യോഗിക ചട്ടക്കൂടിനു പുറത്തു വിശിഷ്ടവും അസാമാന്യവും നൂതനവും താത്ക്കാലികതയ്ക്കതീതവുമായ ഫലങ്ങള്‍ സ്ഥാപിച്ച അപേക്ഷകരില്‍ നിന്ന് വളരെ കര്‍ശനമായ സൂക്ഷ്മപരിശോധനയ്ക്കു ശേഷമാണ് ഫെല്ലോയെ തെരഞ്ഞെടുക്കുക. നാല്‍പത്തഞ്ചിലധികം രാജ്യങ്ങളില്‍ നിന്നായി മൂവായിരത്തി അറുന്നൂറിലധികം നഴ്‌സിംഗ് നേതാക്കള്‍ അക്കാദമിയിലുണ്ട്. അമേരിക്കയില്‍ 0.06 ശതമാനം നഴ്‌സുമാര്‍ക്കു മാത്രമേ (പതിനായിരത്തില്‍ ആറു നഴ്‌സുമാര്‍) എഫ് എ എ എന്‍ ലഭിച്ചിട്ടുള്ളൂ.  നോര്‍ത്ത് വെല്‍ ഹെല്‍ത്ത് സിസ്റ്റം മുന്‍ റിസര്‍ച്ച് ആന്‍ഡ് എവിഡന്‍സ് പ്രാക്ടീസ് വൈസ് പ്രസിഡന്റ് ഡോ. ലില്ലി തോമസും ന്യൂ യോര്‍ക്ക് സിറ്റി ഹെല്‍ത് ആന്‍ഡ് ഹോസ്പിറ്റല്‍സ് കോര്‍പറേഷന്‍ ജെക്കോബി ആന്‍ഡ് നോര്‍ത്ത് സെന്‍ട്രല്‍ ബ്രോങ്ക്‌സ് ഒക്കുപ്പേഷണല്‍ ഹെല്‍ത് അസോസിയേറ്റ് ഡിറക്ടറും നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്കയുടെ മുന്‍ പ്രസിഡന്റുമായ ഡോ. സോളിമോള്‍ കുരുവിള എന്നീ മലയാളികള്‍  ഈ ബഹുമതിക്ക് മുന്‍പ് അര്‍ഹമായിട്ടുണ്ട്.

മാംഗ്ലൂരിലെ ഫാ. മുള്ളേഴ്സ് കോളേജ് ഓഫ് നഴ്‌സിംഗ് ശിക്ഷണം നല്‍കി പുറത്തു വിട്ട നഴ്‌സുമാരാണ്, തെളിയിക്കപ്പെട്ട പ്രവര്‍ത്തനഫലങ്ങളിലൂടെ ഭാവിയിലേക്കുള്ള പ്രചോദനം നല്‍കുന്ന, ദാര്‍ശനികതയും പാണ്ഡിത്യവും അര്‍പ്പണവും തെളിയിച്ച സുജയും ആനിയും.