വര്‍ണ ശബളമായ ഘോഷയാത്രയോടെ ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് ആരംഭിക്കുന്നു

വര്‍ണ ശബളമായ ഘോഷയാത്രയോടെ ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് ആരംഭിക്കുന്നു


മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് കണക്റ്റികട്ട് സ്റ്റാംഫോര്‍ഡിലുള്ള ഹില്‍ട്ടണ്‍ സ്റ്റാംഫോര്‍ഡ് ഹോട്ടല്‍ ആന്റ് എക്‌സിക്യൂട്ടീവ് മീറ്റിംഗ് സെന്ററില്‍ ജൂലൈ 9 ബുധനാഴ്ച ആരംഭിക്കുന്നു.

ഉച്ചയ്ക്ക് ഒരു മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. വൈകുന്നേരം നാലു മുതല്‍ അഞ്ചര വരെ അത്താഴം വിളമ്പും. തുടര്‍ന്ന് വൈകുന്നേരം 5:30ന് ലോബിക്ക് പുറത്ത് നടത്തുന്ന മഹത്തായ ഘോഷയാത്രയില്‍  മുഖ്യാതിഥികളെയും പ്രതിനിധികളെയും സ്വാഗതം ചെയ്തുകൊണ്ട് ഗംഭീരമായ ചെണ്ടമേളവും  ആഘോഷങ്ങളുമായി കോണ്‍ഫറന്‍സിനു തുടക്കം കുറിക്കും. 

ഘോഷയാത്ര കോര്‍ഡിനേറ്റര്‍മാരായ രാജന്‍ പടിയറയും എബ്രഹാം പോത്തനും അവരുടെ സംഘവും പരമ്പരാഗത ഘോഷയാത്രയ്ക്കുള്ള അവസാന ഒരുക്കങ്ങള്‍ നടത്തിവരികയാണ്. ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാര്‍ നിക്കളാവോസ്, ഫാ. ഡോ. നൈനാന്‍ വി ജോര്‍ജ്, ഫാ. ഡോ. തിമോത്തി തോമസ്, ഫാ. ജോണ്‍ (ജോഷ്വ) വര്‍ഗീസ്, ഡീക്കണ്‍ അന്തോണിയോസ് (റോബി), ആന്റണി (അതിഥി പ്രഭാഷകര്‍), ഭദ്രാസനത്തിലെമ്പാടുമുള്ള വൈദികര്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഭദ്രാസന  കൗണ്‍സില്‍ അംഗങ്ങള്‍, ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ഘോഷയാത്രയില്‍ വിശ്വാസികളോടൊപ്പം ചേരും.

വൈകുന്നേരം 6:30ന് നിശ്ചയിച്ചിരിക്കുന്ന സായാഹ്ന പ്രാര്‍ഥനയ്ക്ക് ശേഷം ഗ്രാന്‍ഡ് ബാള്‍റൂമില്‍ നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഫാ. ഡോ. ബാബു കെ മാത്യു നയിക്കുന്ന ഗായകസംഘം സമ്മേളനത്തിലുടനീളം പ്രേക്ഷകര്‍ക്ക് സംഗീത സദ്യയൊരുക്കും. യുവാക്കളെ കേന്ദ്രീകരിച്ചുള്ള സമ്മേളനത്തില്‍ ആദ്യ രാത്രിയില്‍ തന്നെ പ്രത്യേക സെഷനുകള്‍ ഉണ്ടായിരിക്കും.

ജൂലൈ 9 ബുധനാഴ്ച മുതല്‍ ജൂലൈ 12 ശനിയാഴ്ച വരെ നടക്കുന്ന കോണ്‍ഫറന്‍സ് കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പഴയ സൗഹൃദങ്ങള്‍ പുതുക്കുന്നതിനും പുതിയ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും ആത്യന്തികമായി സമൂഹത്തില്‍ ശക്തമായ ഒരു ക്രിസ്തീയ സാക്ഷ്യം നല്‍കുന്നതിനും സഹായിക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. അബു വര്‍ഗീസ് പീറ്റര്‍, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫോണ്‍: 914-806-4595, ജെയ്സണ്‍ തോമസ്, കോണ്‍ഫറന്‍സ് സെക്രട്ടറി ഫോണ്‍: 917-612-8832, ജോണ്‍ താമരവേലില്‍, കോണ്‍ഫറന്‍സ് ട്രഷറര്‍ ഫോണ്‍: 917-533-3566