തിരുവനന്തപുരം: 2025 ലെ ഫൊക്കാന സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജി.ആര്‍. ഇന്ദുഗോപന്റെ 'ആനോ' (നോവല്‍), വര്‍ഗ്ഗീസ് അങ്കമാലിയുടെ 'പടക്കം'(കഥ), നാലപ്പാടം പത്മനാഭന്റ 'കാവ്യപ്രകാശം' (കവിത), വിജയകൃഷ്ണന്റെ 'ശിവപുരത്തെ ശാന്തിക്കാരന്‍' (ഓര്‍പ്പക്കുറിപ്പ്), എന്നിവയ്ക്കാണ് പുരസ്‌കാരം. ഐസക് ഈപ്പന്റെ 'സെര്‍ട്ടോ ഏലിയോസ്' (കഥ) പ്രത്യേക ജൂറി പുരസ്‌കാരം നേടി.
യുവ എഴുത്തുകാര്‍ക്കുള്ള പ്രത്യേക പുരസ്‌കാരം അഭിനാഷ് തുണ്ടുമണ്ണില്‍ രചിച്ച 'പരന്ത്രീസ്‌കുഴല്‍' (നോവല്‍), എന്‍.എസ്. സുമേഷ്‌കൃഷ്ണന്റെ 'കരയാത്ത കടല്‍' (കവിത), ഫെബിനയുടെ 'സന്ധ്യ മുതല്‍ സന്ധ്യവരെ' (ഓര്‍മക്കുറിപ്പ്) എന്നിവയ്ക്കും ജസീന റഹിം രചിച്ച 'അത്രമേല്‍ ഒരു പെണ്ണില്‍' (ഓര്‍മക്കുറിപ്പ്) പ്രത്യേക ജൂറി പുരസ്‌കാരവും നേടി.
നാല് വിഭാഗങ്ങളിലും ഫൊക്കാന സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായ കൃതികളുടെ രചയിതാക്കള്‍ക്ക് 10001 രൂപ ക്യാഷ് അവാര്‍ഡും ഫലകവും ബഹുമതി പത്രവും സമ്മാനിക്കും. പ്രത്യേക പുരസ്‌കാരങ്ങളും ജൂറി പരാമര്‍ശവും ശുപാര്‍ശ ചെയ്ത രചനകള്‍ക്ക് ഫലകവും ബഹുമതി പത്രവും സമ്മാനിക്കും. ആഗസ്ത് 2ന് രാവിലെ 10 ന് കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോര്‍ട്ടില്‍ നടക്കുന്ന ഫൊക്കാന കേരള കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള സാഹിത്യസമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രഭാവര്‍മ്മ, ജോസ് പനച്ചിപ്പുറം, ഡോ. പ്രമീളാദേവി എന്നിവര്‍ പങ്കെടുക്കുമെന്ന് ഫൊക്കാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോന്‍ ആന്റണി, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍, സാഹിത്യപുരസ്‌കാര സമിതി ചെയര്‍മാന്‍ കെ.വി. മോഹന്‍കുമാര്‍, അപ്പുക്കുട്ടന്‍പിള്ള, സുനില്‍ പാറയ്ക്കല്‍, ഡോ. മാത്യൂസ് കെ., ലൂക്ക് മന്നിയോട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.