സീറോ മലബാര്‍ ഷിക്കാഗോ രൂപതയുടെ ജൂബിലിക്ക് ഹ്യൂസ്റ്റണ്‍ ഇടവകയിലും തുടക്കമായി

സീറോ മലബാര്‍ ഷിക്കാഗോ രൂപതയുടെ ജൂബിലിക്ക് ഹ്യൂസ്റ്റണ്‍ ഇടവകയിലും തുടക്കമായി


ഷിക്കാഗോ: 2001 മാര്‍ച്ച് 13 ന് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാല്‍ സ്ഥാപിതമായ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആചരണത്തിന് തുടക്കമായി. രൂപത തലത്തിലുള്ള ഉത്ഘാടനം ഷിക്കാഗോ കത്തീഡ്രല്‍ ദൈവാലയത്തില്‍ രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ സാന്നിധ്യത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു. 

ജൂബിലി ആചരണത്തിന്റെ ഇടവക തലത്തിലുള്ള ഔദ്യോഗിക ഉദ്ഘാടനം സെന്റ് ജോസഫ് ഹാളില്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു. തദ്ദവസരത്തില്‍ ഹ്യൂസ്റ്റണ്‍ സെന്റ് ജോസഫ് ഇടവകയുടെ 20-ാം വാര്‍ഷികത്തില്‍ തുടക്കം കുറിച്ച ചാരിറ്റി ഹൗസിംഗ് പ്രോജക്ടിന്റെ വീടുകളുടെ സമര്‍പ്പണം ബിഷപ്പ് നിര്‍വഹിച്ചു. 

ക്രിസ്തുവിന്റെ തിരുജനനത്തിന്റെ 2025-ാം ആണ്ട് മഹാജൂബിലിയുടെയും രൂപതയുടെ സില്‍വര്‍ ജൂബിലിയുടെയും ഭാഗമായി ഇടവക നടത്തുന്ന വിവിധ കര്‍മ്മപരിപാടികളെക്കുറിച്ചു ഇടവക വികാരി റവ ഫാ. ജോണിക്കുട്ടി പുലിശ്ശേരിയും ജൂബിലി കോര്‍ഡിനേറ്റര്‍ സാബു മാത്യൂസും വിശദീകരിച്ചു. ജൂബിലിയോടനുബന്ധിച്ചു ഇടവക പ്രസിദ്ധീകരിക്കുന്ന ജൂബിലി ഓഫ് ഗ്രേസ്- ബൈബ്ള്‍ വേഴ്‌സസ് ഫോര്‍ റിഫ്‌ളക്ഷന്‍ ആന്റ് റിന്യൂവല്‍ എന്ന ബുക്ലെറ്റിന്റെ പ്രകാശനം ബിഷപ്പ് ആലപ്പാട്ട് നിര്‍വഹിച്ചു. യുവജന പ്രതിനിധികളായ ആന്‍ ആന്റണിയും  ജോയല്‍ ജോമിയും ബുക്ലെറ്റിന്റെ കോപ്പി ബിഷപ്പില്‍ നിന്ന് ഏറ്റുവാങ്ങി.

ജൂബിലി സമ്മേളനത്തിന് ഇടവക അസി. വികാരി റവ ഫാ. ജോര്‍ജ് പാറയില്‍ സ്വാഗതവും കൈക്കാരന്‍ സിജോ ജോസ് നന്ദിയും പ്രകാശിപ്പിച്ചു. 

ഫാ. വര്‍ഗ്ഗീസ് കുന്നത്ത്, ഫാ. അനീഷ് ഈറ്റയ്ക്കാകുന്നേല്‍, മദര്‍ സി എമിലിന്‍ എന്നിവര്‍ പ്രസംഗിച്ചു. കൈക്കാരന്മാരായ സിജോ ജോസ്, പ്രിന്‍സ് ജേക്കബ്, വര്‍ഗ്ഗീസ് കുര്യന്‍, ജോജോ തുണ്ടിയില്‍ എന്നിവര്‍ നേതൃത്വം നല്കി. യൂത്ത് ബോര്‍ഡ്, മിഷന്‍ ലീഗ്, ഹോളി ചൈല്‍ഡ് ഹുഡ്  എന്നീ ഭക്ത സംഘടനകള്‍ അവതരിപ്പിച്ച പരിപാടികളും ക്വയറിന്റെ സംഗീത പരിപാടിയും ചടങ്ങിനെ ആകര്‍ഷണീയമാക്കി.