ഡാളസ്: ഡാളസിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി (കെ എല്‍ എസ്) ഡാളസിന്റെ പ്രഥമ പ്രസിഡന്റും പ്രവാസി മലയാള കവിയുമായ മനയില്‍ ജേക്കബിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ 2023-24 മനയില്‍ കവിതാ പുരസ്‌കാരത്തിന് അമേരിക്കന്‍ മലയാളി സാഹിത്യകാരിയായ ബിന്ദു ടിജിയുടെ 'ഉടലാഴങ്ങള്‍' അര്‍ഹമായി.
മനയില്‍ കുടുംബമാണ് വിശിഷ്ട അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ജേതാവിനു ഇരുനൂറ്റിയന്‍പതു യു എസ് ഡോളറും ഫലകവും പ്രശസ്തിപത്രവും മെയ് 10- 12 തിയ്യതികളില്‍ ഡാളസില്‍ നടക്കുന്ന കെ എല്‍ എസ്, ലാന ലിറ്റററി ക്യാമ്പില്‍ നല്‍കും.
ഡാളസിലെ മലയാള സാഹിത്യാസ്വാദകരെ പ്രസ്തുത ക്യാമ്പിലേക്കും കെ എല്‍ എസ് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. അറിയപ്പെടുന്ന സാഹിത്യപ്രതിഭകളായ ഡോ. എം വി പിള്ള, ഷാനവാസ് പോങ്ങുമ്മൂട്, പുളിമാത്ത് ശ്രീകുമാര്‍ എന്നിവരടങ്ങുന്നതായിരുന്നു ഈ വര്‍ഷത്തെ ജഡ്ജിംഗ് പാനല്‍.
2022 വര്‍ഷത്തെ ഒന്നാം പുരസ്‌കാരം ലഭിച്ചിരുന്നത് ഡോ. മാത്യു ജോയ്‌സിനാണ്. അദ്ദേഹത്തിന്റെ 'മാനിന്റെ മാതൃരോദനം' എന്ന ചെറുകവിതയാണ് കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇത്തവണത്തെ പുരസ്‌കാര ജേത്രിയായ ബിന്ദു ടിജി അമേരിക്കന്‍ മലയാള സാഹിത്യലോകത്തു അറിയപ്പെടുന്ന കവയത്രിയാണ്്. രസതന്ത്രം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമയക്കിയ ബിന്ദു ടിജിയുടെ ജന്മദേശം തൃശ്ശൂര്‍ ആണ്. ആനുകാലികങ്ങളില്‍ കവിത എഴുതുന്നു. നാടകരചന, അഭിനയം, ഗാനരചന തുടങ്ങിയ മേഖലകളിലും സജീവം. ലാനയുടെ 2019ലെ കവിതാ പുരസ്‌കാരവും 2020ല്‍ കൊടുങ്ങല്ലൂര്‍ എ അയ്യപ്പന്‍ ട്രസ്റ്റിന്റെ നേരളക്കാട് രുഗ്മണിയമ്മ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കുന്നു.
ഭര്‍ത്താവ്: ടിജി തോമസ്. കുട്ടികള്‍: മാത്യു തോമസ്, അന്നാ മരിയ തോമസ്.