വൈവിധ്യമാര്‍ന്ന പരിപാടികളോടെ കോട്ടയം ക്ലബ് ഹൂസ്റ്റന്റെ പിക്‌നിക് ശ്രദ്ധേയമായി

വൈവിധ്യമാര്‍ന്ന പരിപാടികളോടെ കോട്ടയം ക്ലബ് ഹൂസ്റ്റന്റെ പിക്‌നിക് ശ്രദ്ധേയമായി



ജീമോന്‍ റാന്നി

 

ഹൂസ്റ്റണ്‍: കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ വാര്‍ഷിക പിക്നിക്ക് കിറ്റി ഹോളോ പാര്‍ക്കില്‍ നടന്നു. കോട്ടയംകാരുടെ മാത്രമായ പരമ്പരാഗത രീതിയിലുള്ള വിവിധ കലാപരിപാടികള്‍ പ്രായഭേദമെന്യേ നടത്തി. 


ജൂണ്‍ 14ന് ശനിയാഴ്ച രാവിലെ 9 മണിക്ക് പിക്നിക്കിന്റെ ഔദ്യോഗികമായ ഉദ്ഘാടനം പ്രസിഡന്റ് ജോമോന്‍ ഇടയാടി നിര്‍വഹിച്ചു. മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ചെയര്‍മാനുമായ ബാബു ചാക്കോ  അംഗങ്ങളെ സ്വാഗതം ചെയ്തു.


ട്രഷറര്‍ ഫ്രാന്‍സിസ് തയ്യില്‍, പിക്നിക്ക് കോര്‍ഡിനേറ്റര്‍ ബിജു പാലയ്ക്കല്‍, സെക്രട്ടറി സജി സൈമന്‍, മാഗ് മുന്‍ പ്രസിഡന്റും ഇലക്ഷന്‍ കമ്മീഷണറുമായ മാര്‍ട്ടിന്‍ ജോണ്‍, മുന്‍ പ്രസിഡന്റ് ജോസ് ജോണ്‍, പിക്നിക്ക് കമ്മിറ്റി അംഗങ്ങളായ സജി ജോസ്, തോമസ് കൊരട്ടിയില്‍, സെബാസ്റ്റിയന്‍ ജോസ്, റ്റോമി പീറ്റര്‍, ചാക്കോ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.


കോട്ടയംകാരുടെ പരമ്പരാഗതമായ വിവിധതരം ഭക്ഷണങ്ങള്‍ പിക്നിക്കിന് മാറ്റുകൂട്ടി. പ്രായഭേദമെന്യേ വ്യത്യസ്ത ഗെയിമുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്തി. അവസാന കായിക ഇനമായി നടത്തപ്പെട്ട വടംവലി മത്സരം വീറും വാശിയുമുള്ളതായിരുന്നു.


പിക്നിക്കില്‍ സംബന്ധിച്ചവര്‍ക്ക് ട്രഷറര്‍ ഫ്രാന്‍സിസ് തയ്യില്‍ നന്ദി രേഖപ്പെടുത്തി. മത്സര വിജയികള്‍ക്ക് സെപ്റ്റംബര്‍ 13ന് മാഗ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ ആദരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.