മലങ്കര മാര്‍ത്തോമാ യുവജനസഖ്യം നോര്‍ത്ത് അമേരിക്ക 22-ാമത് നാഷണല്‍ കോണ്‍ഫറന്‍സിന് ഗംഭീര തുടക്കം

മലങ്കര മാര്‍ത്തോമാ യുവജനസഖ്യം നോര്‍ത്ത് അമേരിക്ക 22-ാമത് നാഷണല്‍ കോണ്‍ഫറന്‍സിന് ഗംഭീര തുടക്കം


ഡാലസ്: മലങ്കര മാര്‍ത്തോമാ യുവജനസഖ്യം നോര്‍ത്ത് അമേരിക്കയുടെ 22-മത് നാഷണല്‍ കോണ്‍ഫറന്‍സിന് പ്രൗഡ ഗംഭീരമായ തുടക്കവുമായി. 'വിശ്വാസ തികവുള്ള ഭാവി' എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സിന്റെ തീം. കോണ്‍ഫ്രന്‍സിന്റെ ഉത്ഘാടനം ഡയോസിസ് ബിഷപ്പ് അഭിവന്ദ്യ ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ നിര്‍വഹിച്ചു.

സെപ്റ്റംബര്‍ 26 വ്യാഴാഴ്ച മുതല്‍ ആരംഭിച്ച നാഷണല്‍ കോണ്‍ഗ്രസ് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയുടെ സമാപിക്കും. കുര്‍ബാനയ്ക്ക് ഭദ്രാസന എപിസ്‌കോപ്പാ എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ നേതൃത്വം നല്‍കും.

എപ്പോഴും സഫലമായ സഭാ ജീവിതത്തിന് വിശ്വാസത്തിന്റെ പൈതൃകത്തെ കൈമോശം വരാതെ തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കണമെന്ന് എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ ഉദ്ഘാടന പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. നാം ഇവിടെ ജനിച്ചു വളര്‍ന്ന നമ്മുടെ കുട്ടികളെ ഇടവകയോട് ചേര്‍ത്ത് നിര്‍ത്താന്‍ പ്രയത്നിക്കണമെന്ന് അദ്ദേഹം മുന്‍നിര്‍ത്തി പറഞ്ഞു.

400-ല്‍ പരം ആളുകള്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുത്ത ഈ മഹത്തായ സമ്മേളനം ഡാലസിലെ ഫാര്‍മേര്‍സ് ബ്രാഞ്ച് ഇടവകയുടെ ആതിഥേയത്വത്തില്‍ നടന്നു വരുന്നു. അമേരിക്കയില്‍ ഉടനീളം ഉള്ള മാര്‍ത്തോമ യുവജനങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് കോണ്‍ഫ്രന്‍സ് ശ്രദ്ധേയമായി.

കോണ്‍ഫ്രന്‍സിന്റെ ലോഗോ തയ്യാറാക്കിയത്  ഇരുവെള്ളിപ്ര ക്രിസ്‌തോസ് മാര്‍ത്തോമാ ഇടവകാംഗമായ മ്രധുലാ സൂസന്‍ ബ്ലസന്‍ ആയിരുന്നു. കൂടാതെ, കോണ്‍ഫറന്‍സിന്റെ സുവനീറും ഉദ്ഘാടന വേദിയില്‍ പ്രകാശനം ചെയ്തു.

മികച്ച ശാഖകള്‍ക്കുള്ള പുരസ്‌കാരവും വേദിയില്‍ വിതരണം ചെയ്തു.

പുറപ്പാടിന്റെ പുതിയ നിയമം എന്ന ലഘു നാടകത്തിലൂടെ കോണ്‍ഫറന്‍സ് തീം പ്രസന്റേഷന്‍ ചെയ്ത ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യം കടന്നുവന്നവര്‍ക്ക് ഒരു ദൃശ്യവിരുന്നാണ് ഒരുക്കിയത്.

കോവിഡിന്റെ ഇരുളടഞ്ഞ അധ്യായത്തില്‍ നിന്നും പ്രകാശത്തിന്റെ പുതിയൊരു സഹസ്രാബ്ദത്തില്‍ എത്തിനില്‍ക്കുമ്പോള്‍ നോര്‍ത്ത് അമേരിക്കയിലെ മാര്‍ത്തോമ യുവജന സഖ്യത്തിന്  പുതുജീവന്‍ നല്‍കുന്ന സമ്മേളനമായിരിക്കും ഇത് എന്ന് കോണ്‍ഫറന്‍സിന്റെ കണ്‍വീനര്‍ ജോബി ജോണ്‍ പറഞ്ഞു.

  വിശ്വാസത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കാനും പുതിയ തലമുറകളെ സഭാ ജീവിതത്തില്‍ ഉള്‍പ്പെടുത്താനുമുള്ള ഒരു ശക്തമായ ചുവടുവയ്പാണ് ഈ കോണ്‍ഫറന്‍സ്.