നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെല്ലോഷിപ്പ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെല്ലോഷിപ്പ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു


ഹൂസ്റ്റണ്‍: ചര്‍ച്ച് ഓഫ് ഗോഡ് (ഇന്ത്യ) ഇന്റര്‍നാഷണല്‍ ഫെല്ലോഷിപ്പിന്റെ 2025-ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രസിഡന്റ് പാസ്റ്റര്‍ മാത്യു കെ ഫിലിപ് അധ്യക്ഷനായുള്ള കമ്മറ്റിയാണ് നോര്‍ത്ത് അമേരിക്കന്‍ ദൈവസഭകളില്‍ നിന്നും വിവിധ ക്രൈസ്തവ സാഹിത്യ സംഭാവനകള്‍ നല്‍കിയവരെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

റവ. ഡോ. സി വി ആന്‍ഡ്രൂസ് 

അറ്റ്‌ലാന്റ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകനും പേട്രണ്‍ പാസ്റ്ററുമായിരിക്കുന്ന പാസ്റ്റര്‍ സി വി ആന്‍ഡ്രൂസ് നടത്തുന്ന എവെരി ഹോം ബൈബിള്‍ സ്‌കൂള്‍ ഓണ്‍ലൈന്‍ ബൈബിള്‍ കമന്ററി, വിവിധ മാധ്യമങ്ങളിലൂടെ വിവിധ രാജ്യങ്ങളിലുള്ളവര്‍ക്കായി നടത്തുന്ന പഠന ക്ലാസുകളും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.

പാസ്റ്റര്‍ മത്തായി സാംകുട്ടി 

എന്റെ യേശു എനിക്ക് നല്ലവന്‍, കാല്‍വറിയില്‍ കാണും സ്‌നേഹം അത്ഭുതം തുടങ്ങി 160 ല്‍ പരം ഗാനങ്ങളുടെ രചയിതാവായ പാസ്റ്റര്‍ മത്തായി സാംകുട്ടി തന്റെ എണ്‍പത്തി എട്ടാമത്തെ വയസിലും പുതിയ ഗാനങ്ങള്‍ രചിച്ചുകൊണ്ടിരിക്കുന്നു. മലയാള ക്രൈസ്തവ ലോകത്തിനു നല്‍കിയ സംഭാവനയുടെ അംഗീകാരമാണ് അവാര്‍ഡ്.

റവ. ഡോ. ഷിബു തോമസ്

അറ്റ്‌ലാന്റ കാല്‍വറി അസംബ്ലി ചര്‍ച് ഓഫ് ഗോഡ് സഭയുടെ ശുശ്രുഷകനും പ്രഭാഷകനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ ഇദ്ദേഹത്തിന്റെ ദി പനോരമിക് വ്യൂ ഓഫ് ബൈബ്ള്‍ എന്ന പുസ്തകമാണ് അവാര്‍ഡ് നേടിക്കൊടുത്തത്.

എബി ജേക്കബ്, ഹ്യൂസ്റ്റണ്‍ 

മൂന്ന് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള എബി ഫിലോസഫിയില്‍ പി എ്ച്ച് ഡി ചെയ്യുന്നുണ്ട്. ക്രിസ്ത്യന്‍ അപ്പോളജിറ്റിക്സ് പഠനത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഇദ്ദേഹം രചിച്ച ഹു ഈസ് വൈസ് ഇനഫ് ടു അണ്ടര്‍സ്റ്റാന്റ് ദിസ് എന്ന പുസ്തകമാണ് അവാര്‍ഡിന് അര്‍ഹമായി തിരഞ്ഞെടുത്തത്

പാസ്റ്റര്‍ ജോണ്‍സന്‍ സഖറിയാ

പല പതിറ്റാണ്ടുകളായി അമേരിക്കയില്‍ സഭാ ശുശ്രുഷയിലും മറ്റു നേതൃത്വ നിരയിലും സേവനം ചെയ്തിട്ടുള്ള പാസ്റ്റര്‍ ജോണ്‍സന്‍ സഖറിയാ അമേരിക്കയിലെ മിക്ക പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്. മലയാള ഭാഷയും ശബ്ദങ്ങളും പ്രാസവും ഒന്നിച്ചു കൈകാര്യം ചെയ്യുവാന്‍ കഴിവുള്ള എഴുത്തുകാര്‍ അധികമില്ല. ദീര്‍ഘ കാലങ്ങളിലായി താന്‍ ചെയ്തിട്ടുള്ള സാഹിത്യ സംഭാവനകളുടെ അംഗീകാരമാണ് അവാര്‍ഡ്

റോയി മേപ്രാല്‍

കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി കേരളത്തിലെ മിക്കവാറും എല്ലാ ക്രൈസ്തവ മാധ്യമങ്ങളിലും ലേഖനങ്ങള്‍, കഥകള്‍, കാര്‍ട്ടൂണുകള്‍ എന്നിവ പ്രസിദ്ധീകരിക്കാറുണ്ട്. റോബര്‍ട്ട് കുക്ക് ആത്മകഥ മലയാളം പരിഭാഷ ശ്രദ്ധേയമായിരുന്നു. കാലികമായ വിഷയങ്ങളെ ആധാരമാക്കി സുവിശേഷ സാഹിത്യ മേഖലയില്‍ നല്‍കിയിട്ടുള്ള സംഭാവനകളെ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.

സൂസന്‍ ബി ജോണ്‍

അഞ്ഞുറിലധികം പാട്ടുകളും നൂറോളം കവിതകളും നാലു പുസ്തകങ്ങളും എഴുതിയിട്ടുള്ള സൂസന്‍ ബി ജോണ്‍ പെന്തക്കോസ്തു എഴുത്തുകാരുടെ ഇടയില്‍ സുപരിചിതയാണ്. വിവിധ പെന്തക്കോസ്തു കോണ്‍ഫെറന്‍സുകളില്‍ തീം സോങ് എഴുതിയിട്ടുണ്ട്. അനവധി സിഡികളും ഓഡിയോ വിഷ്വല്‍ ഗാനങ്ങളും റിലീസ് ചെയ്തതിന്റെ അംഗീകാരമാണ് ഈ അവാര്‍ഡ്.

ഏലിയാമ്മ ലൂക്കോസ്

നിരവധി പുസ്തകങ്ങളുടെ രചയിതാവായ ഏലിയാമ്മ ലൂക്കോസ് കേരള എക്‌സ്പ്രസ്സ്, ജ്യോതിമാര്‍ഗം തുടങ്ങി അനേകം പ്രസിദ്ധീകരങ്ങളില്‍ സ്ഥിരമായി എഴുതാറുണ്ട്. ഒരു നല്ല സംഘാടകയും പ്രഭാഷകയുമായ സഹോദരിയുടെ വിശുദ്ധ ബൈബിളിലെ വനിതകള്‍ എന്ന പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

റീന സാമുവേല്‍

യുവജങ്ങളുടെ ഇടയില്‍ നിന്നും വളര്‍ന്നു വരുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാന്‍ സംഘടനയുടെ മുഖപത്രമായ ഗോസ്പല്‍ എക്കോസില്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ലേഖനം റീന സാമുവേലിന് അംഗീകാരം നേടിക്കൊടുത്തു. .കുട്ടികള്‍ക്കായി നിരവധി കഥകളും കവിതകളും എഴുതിയിട്ടുണ്ട്.

ജൂലൈ 10 മുതല്‍ ന്യുയോര്‍ക്കില്‍ നടക്കുന്ന ഇരുപത്തിയെട്ടാമത് കോണ്‍ഫറന്‍സിലെ എഴുത്തുകാരുടെയും പത്രപ്രവര്‍ത്തകരുടെയും പ്രത്യേക സമ്മളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്.