ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു


ഫിലഡല്‍ഫിയ (പെന്‍സില്‍വേനിയ): മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ഫിലഡല്‍ഫിയയിലെ മാഷര്‍ സ്ട്രീറ്റിലുള്ള സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആരംഭിച്ചു. ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദര്‍ശിച്ചു. ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് കമ്മിറ്റി അംഗങ്ങളായ ലിസ് പോത്തന്‍, റോണ വര്‍ഗീസ്, മില്ലി ഫിലിപ്പ്, ഐറിന്‍ ജോര്‍ജ് എന്നിവരായിരുന്നു സന്ദര്‍ശന സംഘത്തില്‍. 

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി ഫാ. ടോജോ ബേബി കോണ്‍ഫറന്‍സ് ടീമിനെ പരിചയപ്പെടുത്തി സ്വാഗതം ആശംസിച്ചു. ഇടവക ട്രസ്റ്റി മാണി പ്ലാംപറമ്പില്‍, ഭദ്രാസന അസംബ്ലി അംഗം ജെയിന്‍ കല്ലറക്കല്‍ എന്നിവരും വേദിയില്‍ ചേര്‍ന്നു.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ്. നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളില്‍ നിന്നുള്ള അംഗങ്ങള്‍ നാല് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. 

കോണ്‍ഫറന്‍സിന്റെ വേദി, തിയ്യതി, തീം, പ്രാസംഗികര്‍, വേദിക്ക് സമീപമുള്ള ആകര്‍ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പൊതുവായ വിവരങ്ങള്‍ ലിസ് പോത്തന്‍ നല്‍കി. കഴിഞ്ഞ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തതിന്റെ സ്വന്തം അനുഭവവും സമവിശ്വാസത്തിലുള്ള മറ്റുള്ളവരുമായുള്ള കൂട്ടായ്മ തന്റെ വിശ്വാസം ശക്തിപ്പെടുത്താന്‍ സഹായിച്ചതെങ്ങനെയെന്നും ലിസ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു.

രജിസ്ട്രേഷന്‍ നടപടികളെക്കുറിച്ചും കോണ്‍ഫറന്‍സിന്റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും റോണ വര്‍ഗീസ് സംസാരിച്ചു. റാഫിള്‍ ടിക്കറ്റുകള്‍, ആകര്‍ഷകമായ സമ്മാനങ്ങള്‍, കോണ്‍ഫറന്‍സിനെ പിന്തുണയ്ക്കാന്‍ ലഭ്യമായ സ്‌പോണ്‍സര്‍ഷിപ്പ് അവസരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഐറിന്‍ ജോര്‍ജ്ജ് പങ്കിട്ടു.

കോണ്‍ഫറന്‍സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റര്‍ടൈന്‍മെന്റ് നൈറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ മില്ലി ഫിലിപ്പ് പങ്കുവെച്ചു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ഉണ്ടായിരിക്കും.

സുവനീറില്‍ ആശംസകള്‍ രേഖപ്പെടുത്താന്‍ ഫാ. ടോജോ ബേബി ഇടവകയെ പ്രതിനിധീകരിച്ച് സംഭാവന നല്‍കി. സുവനീറില്‍ വ്യക്തിപരമായ ആശംസകള്‍ ഉള്‍പ്പെടുത്താന്‍ വര്‍ഗീസ് സി ജോണ്‍ സംഭാവന നല്‍കി. റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങി നിരവധി അംഗങ്ങള്‍ സമ്മേളനത്തിന് പിന്തുണ വാഗ്ദാനം ചെയ്തു.

ആത്മാര്‍ഥമായി സഹകരിച്ച വികാരി, ഭാരവാഹികള്‍, ഇടവക അംഗങ്ങള്‍ എന്നിവര്‍ക്ക് കോണ്‍ഫറന്‍സ് സംഘത്തിന് വേണ്ടി ലിസ് പോത്തന്‍ നന്ദി പറഞ്ഞു.

2024 ജൂലൈ 10 മുതല്‍ 13 വരെ പെന്‍സില്‍വേനിയ ലങ്കാസ്റ്ററിലെ വിന്‍ധം റിസോര്‍ട്ടിലാണ് സമ്മേളനം നടക്കുന്നത്. സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ജനറലും പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയുമായ ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികന്‍  ഫാ. ജോയല്‍ മാത്യുവും യുവജന സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. 'ദൈവിക ആരോഹണത്തിന്റെ ഗോവണി' എന്ന വിഷയത്തെപ്പറ്റി 'ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളില്‍ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക' (കൊലൊ സ്യര്‍ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ്  കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. ബൈബിള്‍, വിശ്വാസം, സമകാലിക വിഷയങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം സംവേദനാത്മക സെഷനുകള്‍ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. അബു പീറ്റര്‍, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ (ഫോണ്‍: 914.806.4595), ചെറിയാന്‍ പെരുമാള്‍, കോണ്‍ഫറന്‍സ് സെക്രട്ടറി (ഫോണ്‍: 516.439.9087) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.