ഡാലസ്: കേരള വോളിബാള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ വി എല്‍ എന്‍ എ) സംഘടിപ്പിച്ച 36-ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ കാലിഫോര്‍ണിയ ടീം കിരീടം സ്വന്തമാക്കിയപ്പോള്‍ നയാഗ്ര സ്പാര്‍ട്ടന്‍സ് മികച്ച പ്രകടനവുമായി റണ്ണറപ്പായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ സ്പാര്‍ട്ടന്‍സിന്റെ പോരാട്ടവീര്യം ഏറെ ശ്രദ്ധേയമായി.
ടെക്‌സസിലെ ലൂയിസ്വില്ലിലായിരുന്നു മത്സരം. മെമ്മോറിയല്‍ ഡേ വാരാന്ത്യത്തില്‍ ഡാലസ് സ്‌ട്രൈക്കേഴ്‌സാണ് ഇത്തവണത്തെ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചത്.
ഇറ്റലിയില്‍ 1987 നവംബര്‍ 30-ന് വാഹനാപകടത്തില്‍ അന്തരിച്ച ഇന്ത്യന്‍ വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ഥമാണ് കെ വി എല്‍ എന്‍ എ രൂപീകരിക്കപ്പെട്ടത്. വെറും 32-ആം വയസ്സില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.
ടൂര്‍ണമെന്റില്‍ അമേരിക്കയിലും കാനഡയിലുമായി 11 ടീമുകള്‍ പങ്കെടുത്തു. ഡാലസ്, കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ഫിലഡല്‍ഫിയ, വാഷിങ്ടണ്‍, റോക്ലാന്‍ഡ്, ഷിക്കാഗോ, വര്‍ജീനിയ, ഹൂസ്റ്റണ്‍, നയാഗ്ര എന്നിവയായിരുന്നു മത്സരാര്‍ഥികള്‍.
ലീഗ് മത്സരങ്ങളില്‍ ഡാലസ്, ചിക്കാഗോ, വാഷിങ്ടണ്‍, ഫിലഡല്‍ഫിയ ടീമുകളോടൊപ്പമായിരുന്നു നയാഗ്രയുടെ പൂള്‍ എ ഗ്രൂപ്പ്. പൂള്‍ മത്സരങ്ങള്‍ക്കുശേഷം മൊത്തത്തില്‍ അഞ്ചാം സ്ഥാനത്തെത്തിയ നയാഗ്ര ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹൂസ്റ്റണിനെ നേരിട്ടു. നേരിട്ടുള്ള സെറ്റുകള്‍ക്ക് ഹൂസ്റ്റണിനെ തോല്‍പ്പിച്ച സ്പാര്‍ട്ടന്‍സ് സെമിഫൈനലില്‍ പ്രവേശിച്ചു.
അതേസമയം ആതിഥേയരായ ഡാലസിനെ കടുത്ത മൂന്ന് സെറ്റ് പോരാട്ടത്തില്‍ പരാജയപ്പെടുത്തിയ ഫിലഡല്‍ഫിയ സെമിയില്‍ നയാഗ്രയെ നേരിട്ടു. പൂള്‍ മത്സരത്തിലെ വിജയം ആവര്‍ത്തിച്ച നയാഗ്ര, ഫിലഡല്‍ഫിയയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി ഫൈനലിലെത്തി.
മറ്റൊരു സെമിഫൈനലില്‍ ന്യൂയോര്‍ക്കിനെ തോല്‍പ്പിച്ച കാലിഫോര്‍ണിയ ഫൈനലിലേക്ക് മുന്നേറി.
2007 മുതല്‍ കെ വി എല്‍ എന്‍ എയുടെ ഭാഗമായ നയാഗ്ര സ്പാര്‍ട്ടന്‍സ് ടീമിനെ ഇത്തവണ ജോസഫ് അഗസ്റ്റിന്‍ നയിച്ചു. സാല്‍വന്‍ സക്കറിയാസ് ടീം മാനേജരായും ജോര്‍ജ് വടക്കന്‍ ഹെഡ് കോച്ചായും ടോഗി പുളിക്കല്‍ അസിസ്റ്റന്റ് കോച്ചായും പ്രവര്‍ത്തിച്ചു.
ലിയാണ്ടര്‍ പെരേര, ഷിബിന്‍ കുഞ്ഞച്ചന്‍, ലിബിന്‍ ചെറിയാന്‍, ജസ്റ്റിന്‍ ജോണ്‍, സാന്‍ജോ മാത്യു, അലക്‌സ് ജോണ്‍, ആദിത്യ പിള്ള, റൂബന്‍ മാത്യു എന്നിവരാണ് മറ്റ് ടീം അംഗങ്ങള്‍.
