സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ കിക്കോഫിന് ടെക്‌സാസ് പെയര്‍ലാന്‍ഡ് ദേവാലയത്തില്‍ മികച്ച പ്രതികരണം

സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ കിക്കോഫിന് ടെക്‌സാസ് പെയര്‍ലാന്‍ഡ് ദേവാലയത്തില്‍ മികച്ച പ്രതികരണം


ഷിക്കാഗോ : രജതജൂബിലി ആഘോഷിക്കുന്ന സീറോ മലബാര്‍ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കണ്‍വെന്‍ഷന്റെ കിക്കോഫ് ഫാ: മെല്‍വിന്‍ പോളിന്റെ  നേതൃത്വത്തില്‍ ടെക്‌സാസ് പെയര്‍ലാന്‍സ്  സെന്റ് മേരീസ് ദേവാലയത്തില്‍ നടന്നു. കണ്‍വെന്‍ഷന്റെ ഭാഗമായി ഇടവകകള്‍ സന്ദര്‍ശിക്കുന്നതിനും വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനും ആയി എത്തിച്ചേര്‍ന്ന  ഫാ: മെല്‍വിന്‍ പോളിനെയും കണ്‍വന്‍ഷന്‍ ടീമിനെയും ഇടവക വികാരി ഫാദര്‍ വര്‍ഗീസ് ജോര്‍ജ് കുന്നത്തിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ഹൃദ്യമായി സ്വീകരിച്ചു. അപ്പച്ചന്‍ തൊട്ടാട്ടുശ്ശേരില്‍, സിബി മുണ്ടനാട്ട്, ബെന്നിച്ചന്‍ ചാക്കോ, ജോര്‍ജ് ഫിലിപ്പ് എന്നിവര്‍ മനോഹരമായ കിക്കോഫിന് നേതൃത്വം നല്‍കി. കണ്‍വന്‍ഷന്‍ ഫസിലിറ്റി ചെയര്‍മാന്‍ ജോണി വടുക്കും ചേരി, ബിസിനസ് മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ സന്തോഷ് കാട്ടൂക്കാരന്‍ എന്നിവര്‍ കണ്‍വന്‍ഷന്റെ വിവിധവശങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുകയും ഏവരെയും കണ്‍വന്‍ഷനിലേക്ക് ക്ഷണിക്കുകയും ചെയ്തു. 

രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലി കൂടി ഇതോടൊപ്പം ആഘോഷിക്കുകയാണ്. 
2026 ജൂലൈ മാസം 9 മുതല്‍ 12 വരെ അതിമനോഹരമായ ഷിക്കാഗോ നഗരത്തില്‍ ആഘോഷപൂര്‍വ്വമായി നടക്കുന്ന ഈ കണ്‍വെന്‍ഷന്റെ വേദി നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ മക്കോര്‍മിക് പ്ലേസും അതോട് ചേര്‍ന്ന മൂന്ന് ഹോട്ടലുകളും ആണ്. കണ്‍വെന്‍ഷന്‍ ടീം രൂപതയിലെ ഇടവകകളില്‍ സന്ദര്‍ശനം നടത്തി രജിസ്‌ട്രേഷന്റെയും മറ്റു പരിപാടികളുടെയും വിശദമായ രൂപരേഖകള്‍ അവതരിപ്പിച്ചു വരുന്നു. നേരിട്ടുള്ള ഈ സന്ദര്‍ശനങ്ങളും ആശയവിനിമയവും വളരെ സ്വാഗതാര്‍ഹമാണെന്ന് ഇടവക വികാരിമാരും കണ്‍വെന്‍ഷന്‍ പ്രതിനിധികളും പറയുകയുണ്ടായി. വിശ്വാസ സംരക്ഷണത്തിനും,ആശയവിനിമയത്തിനും, സൗഹൃദ കൂട്ടായ്മകള്‍ക്കുംഉതകുന്ന വിധത്തില്‍ കണ്‍വെന്‍ഷന്‍ ക്രമീകരിക്കുവാന്‍ ഏവരും ഒറ്റക്കെട്ടായി പരിശ്രമിച്ചു വരുന്നു. 
ദിവസേനയുള്ള ദിവ്യബലി, ആരാധന എന്നിവയോടൊപ്പം, വൈവിധ്യമാര്‍ന്ന വിഷയാവതരണങ്ങളും, സംഘടനാകൂട്ടായ്മകളും, കലാപരിപാടികളും, മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക ട്രാക്കുകളില്‍ ആയിട്ടാണ് പരിപാടികള്‍ ഒരുക്കുന്നത്. അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളുടെ അതിബൃഹത്തായ ഈ ആത്മീയസാംസ്‌കാരിക സംഗമത്തില്‍ പങ്കാളികളാവാന്‍ ഏവരെയും കണ്‍വെന്‍ഷന്‍ ടീം ക്ഷണിക്കുന്നു.

പെയര്‍ലാന്‍ഡ് പള്ളിയിലെ അച്ചന്റെയും, ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കണ്‍വെന്‍ഷന്‍ ടീം പ്രത്യേകം നന്ദി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും wwws.yroconvention.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.