ഇതിഹാസം തിരിച്ചുവരുന്നു: എഴുത്തച്ഛന്‍ നാടകവുമായി മലയാളി സമൂഹം

ഇതിഹാസം തിരിച്ചുവരുന്നു: എഴുത്തച്ഛന്‍ നാടകവുമായി മലയാളി സമൂഹം


ന്യൂയോര്‍ക്ക്: മലയാള സാഹിത്യത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന എഴുത്തച്ഛനെ ആസ്പദമാക്കി ഒരുക്കിയ എഴുത്തച്ഛന്‍ എന്ന നാടകവുമായി സാംസ്‌കാരിക വിരുന്ന് മലയാളി സമൂഹത്തെ തേടിയെത്തുന്നു. ജൂലൈ 18 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് എല്‍മോണ്ട്, ന്യൂയോര്‍ക്കിലെ സെന്റ് വിന്‌സന്റ് ഡി പോള്‍ ഓഡിറ്റോറിയത്തില്‍ നാടകം അരങ്ങേറും.

മലയാളം ഗ്ലോബല്‍ വോയ്‌സ്, വാല്‍കണ്ണാടി മീഡിയ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ നാടകാവതരണം ഡാലസിലെ ഭാരതകലാ തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്നു. സാഹിത്യ പൈതൃകവും നാടകീയതയും സമന്വയിപ്പിച്ചുകൊണ്ട് ഒരുക്കിയിരിക്കുന്ന നാടകം എഴുത്തച്ഛന്റെ ജീവിതവും സംഭാവനകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ഒരു പ്രധാന സാംസ്‌കാരിക സംരംഭമായിരിക്കും.

പ്രസിദ്ധ മലയാള സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ എഴുതിയ തീക്കടല്‍ കടഞ്ഞ തിരുമധുരം എന്ന നോവലിനെ ആസ്പദമാക്കി അവതരിപ്പിച്ചിരിക്കുന്ന നാടകം ഇതിനകം തന്നെ പ്രേക്ഷകരുടെ പ്രശംസ നേടിയിട്ടുണ്ട്. ഋഷികവിയായ എഴുത്തച്ഛനെ തീനാളം പോലെ ജ്വലിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയ അവതരണം ഭാഷാസ്‌നേഹികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയും തീര്‍ഥാടനവുമാണ്.

നാടകത്തിന്റെ ടിക്കറ്റ് റിലീസ് ചടങ്ങ് ക്വീന്‍സ് ഗ്ലെന്‍ ഓക്‌സ് പി എസ് ക്യു 115 സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കലാവേദി പരിപാടിക്കിടെ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ജോയ് മെക്കാട്ടെ നിര്‍വഹിച്ചു. വിവിധ സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.

മലയാള ഭാഷയുടെ വളര്‍ച്ചയിലും രൂപീകരണത്തിലും നിര്‍ണായക പങ്കുവഹിച്ച എഴുത്തച്ഛന്‍ മലയാള സാഹിത്യ ചരിത്രത്തില്‍ അനശ്വര സാന്നിധ്യമാണ്. അദ്ദേഹത്തിന്റെ കൃതികളും ചിന്തകളും നാടകത്തിന്റെ മുഖ്യ ആസ്പദമാണ്.

ടിക്കറ്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഫിലിപ്പ് മടത്തില്‍ (9174597819), വര്‍ഗീസ് കോരസന്‍ (5163985989), മാത്യു ജോഷ്വ (6462016315) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.