ചെന്നൈ: തമിഴക വെട്രി കഴകം (ടി വി കെ) നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായതോടെ മെയ് ഏഴിന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ടി വി കെയ്ക്ക് 108 സീറ്റുകളാണ് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. 118 ആണ് തമിഴ്‌നാട്ടില്‍ ഭൂരിപക്ഷത്തിന് ആവശ്യമായ സംഖ്യ.
234 അംഗങ്ങളുള്ള സഭയില്‍ ഭൂരിപക്ഷത്തിനാവശ്യമായ 118 സീറ്റുകളില്‍ നിന്നും 10 സീറ്റുകള്‍ കുറവുള്ളതിനാല്‍, സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ പിന്തുണ നേടാനുള്ള നീക്കത്തിലാണ് ടി വി കെ. സത്യപ്രതിജ്ഞാ ചടങ്ങ് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കാനാണ് സാധ്യത.
കൂടുതല്‍ പിന്തുണ ഉറപ്പാക്കുന്നതിനാന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, പട്ടാളി മകക്കള്‍ കച്ചി, സി പി ഐ എം, ഇടത് കക്ഷികള്‍, വിടുതലൈ ചിരുതൈഗള്‍ കച്ചി തുടങ്ങിയ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
സഖ്യ സാധ്യതകളെക്കുറിച്ച് പ്രതികരിച്ച കോണ്‍ഗ്രസ് നേതാവ് ഗിരീഷ് ചോദാങ്കര്‍ അന്തിമ തീരുമാനം പാര്‍ട്ടി നേതൃത്വമാണ് എടുക്കുകയെന്ന് വ്യക്തമാക്കി. തമിഴ്‌നാട് ജനങ്ങള്‍ മാറ്റത്തിനാണ് വോട്ട് ചെയ്തതെന്നും പ്രത്യേകിച്ച് യുവാക്കളും സ്ത്രീകളും ടി വി കെയെ പിന്തുണച്ചതാണ് ഫലത്തില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരണ നടപടികളുടെ ഭാഗമായി തമിഴ്‌നാട് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിനെ കാണാന്‍ ടി വി കെ സമയം അഭ്യര്‍ഥിച്ചതായും റിപ്പോര്‍ട്ടുണ്ട്.
സര്‍ക്കാര്‍ രൂപീകരണത്തില്‍ സാധ്യതയുള്ള പങ്കാളിയായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് വിജയ് നന്ദി അറിയിച്ചു. പൊതുസേവനത്തിലും സംസ്ഥാനത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളുടെ സംരക്ഷണത്തിലും പ്രതിബദ്ധത തുടരുമെന്ന് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ആശംസകള്‍ക്ക് വിജയ് നന്ദി അറിയിച്ചു. ജനങ്ങളുടെ ക്ഷേമമാണ് തങ്ങളുടെ ഏക ലക്ഷ്യമെന്നും രാഷ്ട്രീയതലത്തില്‍ നിന്ന് അതീതമായി സംസ്ഥാനത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
