അമേരിക്കയിലിരുന്നു 2026 ഏപ്രില്‍ 9 നു കേരളത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് എന്ത് സംസാരിക്കാനാണ് എന്നു ചിന്തിച്ചേക്കാം. പ്രവാസികളെ വെറും എ ടി എം ആയി മാത്രം കാണുന്ന ഒരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ത്തന്നെ പ്രവാസികളുടെ സഹായംകൊണ്ടു മാത്രം ചലിക്കുന്ന ഒരു സംവിധാനം ഇപ്പോള്‍ കേരളത്തിനുണ്ട്. അതുകൊണ്ടുതന്നെ പ്രവാസികള്‍ക്ക്, ഇവിടെനിന്നുകൊണ്ടുതന്നെ കേരളത്തില്‍ ചില്ലറ ചലനങ്ങള്‍ ഉണ്ടാക്കാനാവും എന്നതാണ് യാഥാര്‍ഥ്യം.
വാല്‍ക്കണ്ണാടി മീഡിയ സംവാദത്തിനു കേരള സെന്റര്‍ എല്‍മോണ്ട് വേദിയായപ്പോള്‍ മലയാളം ഗ്ലോബല്‍ വോയിസ് തുറന്ന കൈത്താങ്ങു നല്‍കി. ഡിബേറ്റില്‍ മൂന്ന് വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉള്ള മൂന്നു മുന്നണികളില്‍നിന്നും പ്രതിനിധികള്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കുവാനും കാണുവാനുമായി നിരവധിപ്പേര്‍ സംവാദസ്ഥലത്തു എത്തിച്ചേര്‍ന്നിരുന്നു. വാല്‍ക്കണ്ണാടി മീഡിയ അധ്യക്ഷന്‍ കോരസണ്‍ വര്‍ഗീസ് മോഡറേറ്റ് ചെയ്ത ചര്‍ച്ചകള്‍ക്കു കേരള സെന്റര്‍ പ്രസിഡന്റ് അലക്‌സ് എസ്തഫാനും മലയാളം ഗ്ലോബല്‍ വോയിസ് പത്രാധിപര്‍ ഫിലിപ്പ് മഠത്തിലും സ്വാഗതം നേര്‍ന്നു. കേരളത്തിലെ പെറ്റി രാഷ്ട്രീയം ചര്‍ച്ച ചെയ്യാതെ 2026 മുതല്‍ കേരളം എങ്ങോട്ടു ചലിക്കണം എന്നതാണ് ചര്‍ച്ചയുടെ കേന്ദ്രബിന്ദു എന്ന് മോഡറേറ്റര്‍ ഓര്‍മ്മപ്പെടുത്തി. 'പ്രവാസികളുടെ ആശങ്കകളും പ്രതീക്ഷകളുംഇവയാണ് ചര്‍ച്ചയുടെ കേന്ദ്രം.' അദ്ദേഹം പറഞ്ഞു.
വികസനവും അടിസ്ഥാന സൗകര്യങ്ങളും- ? ആദ്യ റൗണ്ട് എല്‍ ഡി എഫിന്റെ 10 വര്‍ഷത്തെ ട്രാക്ക് റെക്കോര്‍ഡും പ്രതിപക്ഷത്തിന്റെ ബദലുകളും തമ്മിലുള്ള വ്യത്യാസത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. വിഴിഞ്ഞം തുറമുഖവും ദേശീയപാത വികസനവും വഴി 'നവകേരളം' എന്ന് എല്‍ ഡി എഫ് അവകാശപ്പെടുമ്പോള്‍, കേരളം ഒരു വലിയ കടക്കെണിയിലാണെന്ന് പ്രതിപക്ഷം പറയുന്നു. ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ എങ്ങനെയാണ് മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് ഇടതുമുന്നണിയില്‍ നിന്നും ഡോ. ജേക്കബ് തോമസും കൂട്ടരും മറുപടി പറഞ്ഞു. കേരളം എത്ര മാറി എന്നു ആര്‍ക്കും മനസ്സിലാകും. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായി, മെഡിക്കല്‍ കോളേജുകള്‍ വികസിപ്പിച്ചു, മെച്ചപ്പെട്ട റോഡ് അടിസ്ഥാന സൗകര്യങ്ങളും എണ്ണിയെണ്ണി പറഞ്ഞു ഇടതുമുന്നണിയുടെ വികസന പരിപാടികള്‍ വിവരിച്ചു. വികസനത്തിന് കടം വാങ്ങാതെ തരമില്ല, അത് തിരികെക്കൊടുക്കാനാവും. കേന്ദ്രപദ്ധതികള്‍ ആണ് ആകെ കേരളത്തിന് ഇതുവരെ എണ്ണിപ്പറയാവുന്നത്, വിഴിഞ്ഞം, കൊച്ചി മെട്രോ തുടങ്ങി എല്ലാ പദ്ധതികള്‍ക്കും മാര്‍ഗ്ഗതടസ്സം ഉണ്ടാക്കിയവരാണ് ഇടതുമന്നണികള്‍, ഈ കഴിഞ്ഞ 10 വര്‍ഷത്തില്‍ അവര്‍ കൊണ്ടുവന്ന ഒരു പദ്ധതിയും പറയാനില്ല എന്ന് എന്‍ ഡി എ പ്രതിനിധി ബാബു പാറക്കല്‍ അഭിപ്രായപ്പെട്ടു.
'സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളെ യു ഡി എഫ് എതിര്‍ക്കുന്നു. നിങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കേരളത്തിന്റെ ഗതാഗത- അടിസ്ഥാന സൗകര്യ വികസനത്തിന് മുന്നോട്ടുവെക്കുന്ന ബദല്‍ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്? എന്ന് മോഡറേറ്റര്‍ യു ഡി എഫിനോട് ചോദിക്കുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖ പദ്ധതി കൊണ്ടുവന്നപ്പോള്‍ 6000 കോടി രൂപയുടെ അഴിമതി എന്ന് പറഞ്ഞവരാണ് ഇടതുപക്ഷം. മെട്രോ, കണ്ണൂര്‍ എയര്‍പോര്‍ട്ട്, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് തുടങ്ങി എന്തൊക്കെ പദ്ധതികളാണ് യു ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുവന്നത്. ഗ്യാസ് പൈപ്പ് ലൈന്‍, മണ്ണിനടിയില്‍ വെക്കുന്ന ബോംബാണെന്ന് പറഞ്ഞയാളാണ് ഇപ്പോഴത്തെ വ്യവസായ മന്ത്രി. യു ഡി എഫ് വലിയ സേവന പദ്ധതിയുമായാണ് ഇത്തവണ മുന്നോട്ടു വന്നിട്ടുള്ളതു എന്ന് യു ഡി എഫ് നേതാവ് ജയചന്ദ്രന്‍ വിലയിരുത്തി. പുതിയ സേവന പദ്ധതികള്‍ക്ക് വക കണ്ടെത്താനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ യു ഡി എഫ് കണ്ടെത്തിയിട്ടുണ്ട് എന്ന് ഷോളി കുമ്പിളുവേലി പറഞ്ഞു.
'ദേശീയപാത വികസനത്തിനും വിഴിഞ്ഞത്തിനും കേന്ദ്രം വലിയ സഹായം നല്‍കുന്നുണ്ടെങ്കിലും അത് വോട്ടായി മാറുന്നില്ല. 2026-ല്‍ ബി ജെ പി മുന്നോട്ടുവെക്കുന്ന 'ഡബിള്‍ എന്‍ജിന്‍' വികസനത്തിന് കേരളം എന്തിന് വോട്ട് ചെയ്യണം? എന്ന ചോദ്യത്തിനു എന്‍ ഡി എ പ്രതിനിധി ഡോ. ജയശ്രീ മറുപടി പറഞ്ഞു. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരിനു മാത്രമേ വികസനത്തെ വേഗത്തിലും എളുപ്പത്തിലും കൊണ്ടുവരാനാകൂ. ഇപ്പോള്‍ സ്ഥലം ഏറ്റെടുക്കുന്നതടക്കം എല്ലാ പ്രാഥമിക കാര്യങ്ങളിലും മെല്ലെപ്പോക്കു നടക്കുമ്പോള്‍ പുതിയ കേന്ദ്ര പദ്ധതികള്‍ എങ്ങനെ കൊണ്ടുവരാനാവും? കേരളത്തിന്റെ മനസ്സ് മാറി ചിന്തിച്ചുതുടങ്ങി എന്ന് അവര്‍ അഭിപ്രായപ്പെട്ടു.
10 മണ്ഡലങ്ങളില്‍ എന്‍ ഡി എ- എല്‍ ഡി എഫ് ഡീല്‍ നടക്കുന്നു എന്ന് കേള്‍ക്കുന്നു വാസ്തവമുണ്ടോ, അങ്ങനെയെങ്കില്‍ പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തും എന്ന ചോദ്യത്തിന് എല്‍ ഡി എഫ് വ്യക്തമായ മറുപടി പറഞ്ഞില്ല. ഡീല്‍ എന്നത് വ്യാജ, നിരുത്തരവാദിത്തമായ വാര്‍ത്തയാണെന്നും കേരളത്തിനു വേണ്ടത് കൂടുതല്‍ തൊഴില്‍ അവസരങ്ങളാണ്, സര്‍ക്കാര്‍ ശമ്പളം കൊണ്ട് ജീവിക്കുന്ന ഒരു ജനതയല്ലെന്നും എന്‍ ഡി എ പ്രതിനിധി ശിവദാസന്‍ നായര്‍ പറഞ്ഞു. കേരളത്തില്‍ എന്‍ ഡി എക്കു ജനങ്ങളുമായുള്ള ഡീല്‍ മാത്രമേയുള്ളൂ. ശബരിമല സ്ത്രീ പ്രവേശന വിഷയം കേരളത്തില്‍ തീകത്തിച്ചതുപോലെ കിലോക്കണക്കിനു സ്വര്‍ണം ശബരിമയില്‍നിന്നും കൊള്ളയടിച്ചിട്ടു അത്ര തീവ്ര പ്രതികരണം കാണുന്നില്ല, അതുകൊണ്ടാണ് ഒരു ഡീല്‍ എന്നത് സംശയിക്കുന്നതെന്നു മോഡറേറ്റര്‍ കൂട്ടിച്ചേര്‍ത്തു.
'ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ചയും തൊഴിലില്ലായ്മയും കാരണം കേരളത്തിലെ യുവത്വം വിദേശങ്ങളിലേക്ക് (പ്രത്യേകിച്ച് ന്യൂയോര്‍ക്ക് പോലുള്ള നഗരങ്ങളിലേക്ക്) ചേക്കേറുകയാണ്. ഈ 'ബ്രെയിന്‍ ഡ്രെയിന്‍' തടയാന്‍ നിങ്ങളുടെ മുന്നണി എന്ത് നടപടി സ്വീകരിക്കും?' എന്ന ചോദ്യത്തിന്, യു ഡി എഫ് പ്രതിനിധി ലീല മാരേട്ട് മറുപടി പറഞ്ഞു. ഇത് ഒരു ദയനീയമായ അവസ്ഥയാണെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ യു ഡി എഫ് പ്രതിഞ്ജാബദ്ധമാണെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ വിദേശ യൂണിവേഴ്‌സിറ്റികളുമായി ഒത്തുചേര്‍ന്നു വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തും.
അറിവ് അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ ആണ് ഇന്ന് കേരളത്തിന് അഭികാമ്യം, ഐ ടി കൂടാതെ ബയോടെക്നിക്, ഫര്‍മസൂട്ടിക്കല്‍, ടെലെകോംമ്യൂണിക്കേഷന്‍സ് തുടങ്ങിയ മേഖലകളില്‍ കേരളത്തിനു എന്ത് ചെയ്യാനാവും എന്ന ചോദ്യത്തിന്, ബി ജെ പി ഭരിക്കുന്ന മറ്റു സംസ്ഥാങ്ങളിലെ അവസ്ഥ നോക്കൂ എന്നാണ് എന്‍ ഡി എ പ്രതിനിധി ബാബു പാറക്കല്‍ പറഞ്ഞത്. യു പിയില്‍ 140 പുതിയ യൂണിവേഴ്‌സിറ്റികളാണ് പുതുതായി വന്നത്, അവയുടെ നിലവാരവും മെച്ചമാണ്, അതോടൊപ്പം വികസനവും ശ്രദ്ധേയമായി. എന്നാല്‍ കേരളത്തില്‍ ഇംഗ്ലീഷ്പോലും പറയാനറിയാത്ത ഡോക്ടര്‍ ഡിഗ്രിയുള്ളവര്‍ അപമാനകരമായ വിദ്യാഭ്യാസ നിലവാരമാണ് കാട്ടുന്നത്. പിന്നെയെങ്ങനെ കേരളത്തില്‍ നിന്നും കുട്ടികള്‍ ഓടിപ്പോകാതെയിരിക്കുന്നത് അദ്ദേഹം ചോദിച്ചു.
'മലയോര മേഖലകളില്‍ വന്യജീവി അക്രമങ്ങള്‍ വലിയ തെരഞ്ഞെടുപ്പ് വിഷയമാണ്. കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ കേരളം പരാജയപ്പെട്ടത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് തോമസ് സാമുവേല്‍ യു ഡി എഫില്‍ നിന്നും മറുപടി പറഞ്ഞു. ആര്‍ക്കും ഉത്തരമില്ലാത്ത, ഉത്തരവാദിത്തമില്ലാത്ത ഒരു സ്ഥിതിയാണ് ഈ വിഷയം. സാധാരണ ജനത്തിന്റെ സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കാനാവാത്ത കേന്ദ്ര നിയമങ്ങളാണ് ഇതിനു കാരണം. പട്ടിയെ തല്ലിയാല്‍ പിടിച്ചു ജയിലടക്കും മനുഷ്യനെ കൊന്നാല്‍ അത്രയും പ്രശ്നമില്ല എന്നുതോന്നും. കാട്ടില്‍നിന്നും കൂട്ടമായി നാട്ടിലിറങ്ങുന്ന മൃഗങ്ങള്‍ക്ക് കുടിക്കാനുള്ള വെള്ളം കാട്ടില്‍ ക്രമീകരിക്കാനാവില്ലേ അദ്ദേഹം ചോദിച്ചു.
കേന്ദ്ര വന്യജീവി സംരക്ഷണ നയങ്ങളും നിയമങ്ങളുമാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ജീവിതം ദുസ്സഹമാക്കുന്നതെന്നു എല്‍ ഡി എഫിനു വേണ്ടി മാത്യു ജോസഫ് പറഞ്ഞു. ഓരോ സ്ഥലത്തിനും സാഹചര്യത്തിനും അനുസരിച്ചു നിയമങ്ങളില്‍ മാറ്റം വരുത്തണം. മൃഗങ്ങളെ തെരുവില്‍ അലയാന്‍ വിടുന്നത് എന്ത് സുരക്ഷയാണ് ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം? മൃഗങ്ങള്‍ എണ്ണം കൂടുമ്പോള്‍ വേട്ടയാടാനുള്ള അനുവാദം കൊടുക്കണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരുവുനായ ശല്യം ഇത്രയധികം കൂടിയിട്ട് 10 വര്‍ഷം എല്‍ ഡി എഫ് സര്‍ക്കാര്‍ എന്തുചെയ്തു എന്ന് ബാബു പാറക്കല്‍ ചോദിച്ചു. കേന്ദ്ര നയം മാറ്റാന്‍ കേരളത്തില്‍നിന്നുള്ള 20 എം പിമാര്‍ എന്താണ് ചെയ്തതെന്ന് അറിഞ്ഞാല്‍കെക്കാള്ളാം.
'ലോക കേരള സഭ കേവലം ഒരു പി ആര്‍ എക്‌സര്‍സൈസ് ആണെന്ന ആക്ഷേപം ശക്തമാണ്. അമേരിക്കന്‍ മലയാളികളുടെ നിക്ഷേപവും അറിവും കേരളത്തിന്റെ വളര്‍ച്ചയ്ക്കായി എങ്ങനെ പ്രയോജനപ്പെടുത്തും?' എന്ന ചോദ്യത്തിന് ലോക കേരള സഭ അംഗം ഡോ. ജേക്കബ് തോമസ് മറുപടി പറഞ്ഞു. കേരളത്തിനു പ്രയോജനപ്പെടുന്ന പോസിറ്റീവ് ആയ കാര്യങ്ങള്‍ ഒന്നിച്ചു ചര്‍ച്ചചെയ്യാന്‍ ലോക കേരള സഭക്കു കഴിയും. കൂടുതലും ഗള്‍ഫ് മേഖലയില്‍ ഉള്ളവര്‍ക്ക് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ സംവിധാനം ഒക്കെ ഡെവലപ്പ് ചെയ്യാനായി. എന്നാല്‍ ഇത് തികച്ചും ധൂര്‍ത്തും അമേരിക്കന്‍ മലയാളികള്‍ക്ക് യാതൊരു പ്രയോജനവുമില്ലാത്ത പദ്ധതിയാണെന്നു യു ഡി എഫ്, എന്‍ ഡി എ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
''ക്ഷേമനയങ്ങള്‍ ആളുകളെ സഹായിക്കുകയാണോ, അല്ലെങ്കില്‍ ആശ്രിതരാക്കുകയാണോ? എന്ന ചോദ്യത്തിന് ഇത് സഖാക്കളെ സംരക്ഷിക്കാനുള്ള പദ്ധതിയാണ് എന്ന് അഭിപ്രായം യു ഡി എഫ് ഉയര്‍ത്തി. അര്‍ഹിക്കാത്ത ആര്‍ക്കും അങ്ങനെ പെന്‍ഷന്‍ കൊടുക്കുന്നില്ല എന്ന് എല്‍ ഡി എഫ് അവകാശപ്പെട്ടു. കേന്ദ്രപദ്ധതികള്‍ പേരുമാറ്റി കേരള പദ്ധതിയാക്കി അവതരിപ്പിക്കുക മാത്രമാണ് എല്‍ ഡി എഫ് ചെയ്തിട്ടുള്ളത്. കടം വാങ്ങി പെന്‍ഷന്‍ കൊടുത്തു ഒരു സര്‍ക്കാരിന് എങ്ങനെ മുന്നോട്ടുപോകാനാവും എന്‍ ഡി എ പ്രതിനിധി ശിവദാസന്‍ നായര്‍ ചോദിച്ചു.
'ന്യൂനപക്ഷ വോട്ടുകളില്‍ വലിയ മാറ്റങ്ങള്‍ ദൃശ്യമാണ്. മതസൗഹാര്‍ദ്ദവും മതേതരത്വവും സംരക്ഷിക്കുന്നതില്‍ നിങ്ങളുടെ നിലപാട് എന്താണ്?'എന്ന ചോദ്യത്തിന് എന്‍ ഡി എ മറുപടി പറഞ്ഞു. എല്ലാവര്‍ക്കും ബുദ്ധിയും ഇന്ന് മീഡിയ ശക്തവുമാണ്. ഒരു മതത്തോടും പ്രത്യേകത കാട്ടാതെ എല്ലാ മതത്തോടും ഒരേ സമീപനമാണ് ബി ജെ പി സര്‍ക്കാര്‍ പുലര്‍ത്തുന്നത്. പഴയ രീതിയിലുള്ള ഭയം ഇന്നില്ല. മാറിമാറി ആളുകള്‍ എന്‍ ഡി എയിലേക്ക് കടന്നുവരുന്നു. എന്നാല്‍ ഇപ്പോഴും ഇന്ത്യയില്‍ പലയിടത്തും വളരെ മോശമായ മതസംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നു. മതസ്വാതന്ത്ര്യം ഒരു പാര്‍ട്ടിയുടെയും ഔദാര്യമല്ല, പൗരനിയമമാണ്, യു ഡി എഫ് പ്രതികരിച്ചു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളം ഒരു 'വൃദ്ധസദനം' ആയി മാറുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുണ്ടോ? എന്ന ചോദ്യത്തിന് അതേ എന്ന ഒരേ മറുപടിയാണ് പറഞ്ഞത്. 2026 മെയ് മാസത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആരായിരിക്കും? എന്ന ചോദ്യത്തിനു ആര്‍ക്കും പേരുകള്‍ നിര്‍ദ്ദേശിക്കാനായില്ല.
വളരെ ചൂടുപിടിച്ച ചര്‍ച്ചയാണ് നടന്നത്. ന്യൂയോര്‍ക്കിലെ മലയാളി സമൂഹം ഉറ്റുനോക്കുന്നത് വെറും വാഗ്ദാനങ്ങളെയല്ല, മറിച്ച് മാറ്റങ്ങളെയാണ്. ഈ തിരഞ്ഞെടുപ്പ് വെറുമൊരു അധികാരക്കൈമാറ്റമല്ല, കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനമാണ്. ''കേരളത്തിന്റെ ഭാവി കേരളത്തില്‍ മാത്രം അല്ല, ലോകമെമ്പാടുമുള്ള മലയാളികളുടെ സ്വപ്‌നങ്ങളിലും തീരുമാനിക്കപ്പെടുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കോരസണ്‍ വര്‍ഗീസ് നന്ദി പറഞ്ഞു.
കാണികളില്‍നിന്നും തീഷ്ണമായ വാഗ്വാദങ്ങളും അഭിപ്രായങ്ങളും ചേര്‍ന്നു ചര്‍ച്ച അര്‍ഥ ഗംഭീരമായി. എല്ലാവരും ആവശ്യപ്പെടുന്നത് ഒരു മാറ്റമാണ്. അഴിമതിയും ധൂര്‍ത്തും സ്വജന പക്ഷപാതവും കേരള രാഷ്ട്രീയത്തിന്റെ മുഖമായി മാറിയിട്ട് പ്രവാസി മലയാളികള്‍ അസ്വസ്ഥരാണ്. ജനസേവകര്‍ എന്ന നിലയില്‍ രാഷ്രീയക്കാര്‍ ഉയരണം. മതവിദ്വേഷം ഉണ്ടാക്കുന്ന രാഷ്രീയ നിലപാടുകള്‍ പിന്തുണക്കരുത്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കിയാല്‍ യുവാക്കള്‍ കേരളത്തില്‍ നില്‍ക്കും, കേരളം വൃദ്ധസദനം ആകില്ല. പ്രവാസികളെ എ ടി എം മെഷീന്‍ ആയി കാണാതെ അവര്‍ക്കു തിരികെയെത്താന്‍, സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കണം എന്നൊക്കെ ഫ്‌ളോറില്‍ നിന്നും നല്ല അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരുന്നു. ഈ ചര്‍ച്ച കേരളസമൂഹം ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്നതായി മോഡറേറ്റര്‍ കോരസണ്‍ വര്‍ഗീസ് അഭിപ്രായപ്പെട്ടു.
