ട്വിറ്ററിനെ സ്വന്തമാക്കാന്‍ ശതകോടീശ്വരനും ടെസ്‌ല അടക്കമുള്ള നിരവധി കമ്പനികളുടെ സി.ഇ.ഒയുമായ ഇലോണ്‍ മസ്‌ക് നടത്തിയ നാടകീയ നീക്കങ്ങള്‍ ആരും മറക്കാനിടയില്ല. സ്വന്തമാക്കിയ ഉടനെ മസ്‌ക് ട്വിറ്റിന് എക്സ് എന്ന് പേരുമാറ്റം വരുത്തുകയും ചെയ്തു. ഇപ്പോള്‍ യുഎസില്‍ നിരോധന ഭീഷണി നേരിടുന്ന പ്രമുഖ ചൈനീസ് ഷോര്‍ട്ട് വിഡിയോ ആപ്പായ ടിക്ക്ടോക്ക് സ്വന്തമാക്കുന്നതിനുള്ള കരുനീക്കളില്‍ സജീവമാണ് മസ്‌ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ ദേശീയ സുരക്ഷ മുന്‍നിര്‍ത്തി ടിക്ക്ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വളരെ ചുരുങ്ങിയ സമയം കൊണ്ട് ആഗോളതലത്തില്‍ ട്രെന്‍ഡിംഗ് ആയി മാറിയ ആപ്പാണ് ടിക്ടോക്ക്. കൊവിഡ് കാലത്താണ് ആപ്പ് ജനശ്രദ്ധ ആകര്‍ഷിച്ചത്. നിലവില്‍ യുഎസും ടിക്ടോക്കിന് നിരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ഇലോണ്‍ മസ്‌ക് ടിക്ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്
ആപ്പിന്റെ പിന്നണിക്കാരയ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍ഡ് മസ്‌കിന്റെ ഓഫര്‍ കാര്യമായി പരിഗണിക്കുന്നുവെന്നാണ് വിവരം. ആഗോള വാര്‍ത്ത ഏജന്‍സിയായി ബ്ലുംബെര്‍ഗ് ആണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണെന്നും, അന്തിമ തീരുമാനം ആയിട്ടില്ലെന്നുമാണ് വിവരം.
മസ്‌കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് ആണ് ടിക് ടോക്കിന്റെ യുഎസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിലും, ബിസിനസ് സംയുക്തമായി നടത്തുന്നതിലും നീക്കങ്ങള്‍ നടത്തുന്നത്. അതേസമയം ടിക്ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ നിയന്ത്രണത്തില്‍ തുടരാന്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ ഇഷ്ടപ്പെടുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിരോധനം ഒഴിവാക്കാന്‍ ടിക് ടോക്ക് നിലവില്‍ യുഎസ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ചൈനയുമായുള്ള ടിക് ടോക്കിന്റെ ബന്ധത്തെക്കുറിച്ചുള്ള ദേശീയ സുരക്ഷാ ആശങ്കകളാണ് നിരോധനത്തിനു മുറവിളി കൂട്ടുന്നത്. പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് എത്തുന്നത് ചൈനീസ് കമ്പനികള്‍ക്കു വന്‍ തിരിച്ചടിയാകുമെന്നാണു വിലയിരുത്തല്‍. ഈ മാസം 20 ന് ആണ് ട്രംപിന്റെ സത്യപ്രതിജ്ഞ. ഈ മാസം 19 നകം ടിക് ടോക്ക് വില്‍പ്പനയ്‌ക്കോ, നിരോധനത്തിനോ കാരണമാകുന്ന ഒരു നിയമത്തെ സുപ്രീം കോടതി പിന്തുണയ്ക്കുന്നുവെന്നാണ് ലഭ്യമായ വിവരം.
ടിക്ടോക്ക് അതിന്റെ ഉപയോക്താക്കളുടെ വിവരം ചൈനയിലേയ്ക്ക് കടത്തുന്നുവെന്നാണ് ആരോപണം. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആപ്പിന് നിരോധനം ഏര്‍പ്പെടുത്താനുള്ള കാരണം ഇതുതന്നെ. കമ്പനിയുടെ ഡാറ്റാ രീതികള്‍ ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് യുഎസില്‍ വലിയ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുന്നുണ്ട്.
വിഷയത്തില്‍ ഉടന്‍ ഒരു തീരുമാനം ഉണ്ടാകുമെന്നു കരുതപ്പെടുന്നു. യുഎസ് സുപ്രീം കോടതിയുടെ നിലപാട് കണക്കിലെടുക്കുമ്പോള്‍ മസ്‌കിന്റെ ഓഫര്‍ ടിക്ടോക്ക് സ്വീകരിക്കേണ്ടി വന്നേക്കും. അല്ലാത്തപക്ഷം യുഎസ് വിപണികളോട് വിടപറയേണ്ടി വരും. മസ്‌കിന് കീഴില്‍ എത്തിയാല്‍ ഇന്ത്യയടക്കമുള്ള സ്വപ്ന ഭൂമിയില്‍ വീണ്ടും തിരിച്ചെത്താണും ടിക്ടോക്കിന് സാധിച്ചേക്കും. അതേസമയം ടിക്ടോക്കിനായുള്ള മസ്‌കിന്റെ ഓഫര്‍ ഇപ്പോഴും അവ്യക്തമാണ്.
ടിക് ടോക്കിനുമേലും ഇലോണ്‍ മസ്‌കിനു നോട്ടം; സ്വന്തമാക്കുമോ ?