ലോസ് ആഞ്ചലസ്: യു.എസിലെ ലോസ് ആഞ്ചലസിൽ പടരുന്ന കാട്ടുതീ ഇപ്പോഴും നിയന്ത്രിക്കാൻ കഴിയാതെ നാശം വിതച്ചുകൊണ്ടിക്കുകയാണ്. കാട്ടുതീയിൽ ഇതുവരെ 24 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. മേഖലയിൽ ശക്തമായിക്കൊണ്ടിരിക്കുന്ന കാറ്റ് കാട്ടുതീ കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് അതിവേഗം പടരുന്നതിന് കാരണമാകുന്നുണ്ട്.
ലോസ് ആഞ്ചലസ് കാട്ടുതീയുടെ ഫേട്ടോകളും വിഡിയോകളും കാണുന്നവർ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകാം. കാട്ടുതീ അണയ്ക്കുന്നതിനായി വിമാനങ്ങളിലും ഹെലികോപ്ടറുകളിലുമായി എത്തി പിങ്ക് നിറത്തിലുള്ള ഒരു വസ്തു ആകാശത്ത് നിന്ന് തഴേക്ക് ചൊരിയുന്നത്. എന്താണിതെന്ന സംശയം പലർക്കുമുണ്ടാകാം.
ഫോസ്‌ചെക്ക്' എന്ന മിശ്രിതമാണ് തീയെ പ്രതിരോധിക്കാനായി മേഖലയിൽ വ്യാപകമായി വിതറുന്നത്. പലതരത്തിലുള്ള അഗ്‌നിപ്രതിരോധ വസ്തുക്കൾ വിപണിയിൽ ലഭ്യമാണെങ്കിലും വലിയ തീപിടിത്തങ്ങൾ തടയുന്നതിന് അമേരിക്കയിൽ ഉപയോഗിച്ചുവരുന്നത് ഫോസ്‌ചെക്കാണ്. പെരിമീറ്റർ സൊലൂഷൻസ് എന്ന കമ്പനിയാണ് ഇതിന്റെ ഉൽപ്പാദകർ.
വെള്ളം, അമോണിയം നൈട്രേറ്റ്, അമോണിയം പോളിഫോസ്‌ഫേറ്റ്, ഡൈ അമോണിയം സൾഫേറ്റ്, ഗുവാർ ഗം, അറ്റാപൾഗസ് ക്ലേ തുടങ്ങിയവയാണ് ഇതിന്റെ ഘടകങ്ങൾ. ഈ സംയുക്തം ചെന്നുവീഴുന്ന വസ്തുക്കളെ മൂടിക്കിടക്കുകയും അതുവഴി ഓക്‌സിജനുമായുള്ള രാസപ്രവർത്തനം തടയുകയും തീപിടിക്കുന്നത് ഒഴിവാക്കുകയുമാണ് ചെയ്യുന്നത്.
വിമാനങ്ങളിലും മറ്റുമായി ചെന്ന് വൻതോതിൽ പ്രയോഗിക്കമ്പോൾ ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് കൃത്യമായി തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഫോസ്‌ചെക്കിന് കടുത്ത നിറം നൽകുന്നത്. ചുവപ്പ്, ഓഫ് വൈറ്റ് നിറങ്ങളിലുള്ള ഫോസ്‌ചെക്കുകളുമുണ്ട്. ഇത് ഒരു പ്രതലത്തിൽ വന്നുവീണ് സൂര്യപ്രകാശമേറ്റ് ഏതാനും സമയത്തിനകം ഈ നിറം മങ്ങിവരും.
ലോസ് ആഞ്ചലസിൽ വിവിധയിടങ്ങളിൽ വൻതോതിൽ ഫോസ് ചെക്ക് പ്രയോഗിച്ചിട്ടുണ്ട്. ആകെ പിങ്ക് നിറത്തിലായിക്കിടക്കുന്ന പ്രദേശങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ കാണാം.
അതേസമയം, കാറ്റ് വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പ് ലോസ് ആഞ്ചലസ് നിവാസികളെ ആശങ്കയിലാഴ്ത്തുകയാണ്. സാൻഫ്രാൻസിസ്‌കോയെക്കാൾ വലിയൊരു പ്രദേശമാണ് ഇതിനകം കാട്ടുതീ വിഴുങ്ങിയത്. 16 പേരെ കാണാതായതായും വിവരമുണ്ട്.
ചൊവ്വാഴ്ച പുലർച്ച നാലുമുതൽ ബുധനാഴ്ച ഉച്ചവരെ മണിക്കൂറിൽ 80 മുതൽ 113 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. തീ കൂടുതൽ ആളിക്കത്താൻ കാറ്റ് ഇടയാക്കുമെന്ന് നാഷനൽ വെതർ സർവിസ് അധികൃതർ പറഞ്ഞു. കാട്ടുതീ ഏറ്റവും രൂക്ഷമാവുക ചൊവ്വാഴ്ചയായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥനായ റിച്ച് തോംസൺ പറഞ്ഞു.
ലോസ് ആഞ്ചലസിൽ 40,000 ഏക്കർ പ്രദേശമാണ് ഇതിനകം കാട്ടുതീ ചുട്ടെരിച്ചത്. ഒന്നരലക്ഷം പേരെ പ്രദേശത്തുനിന്ന് കുടിയൊഴിപ്പിച്ചു. ഇതിനകം 13 ലക്ഷം കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ഏറ്റവും ശക്തമായ പാലിസേഡ്‌സ് തീ 13 ശതമാനത്തോളം അണക്കാനായി.
16 പേരുടെ മരണത്തിനിടയാക്കിയ ഈറ്റൺ തീ 27 ശതമാനത്തോളം കെടുത്തി. കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ അഗ്‌നിബാധയാണിത്. ഹേസ്റ്റ് തീ 89 ശതമാനത്തോളം കെടുത്താനായതായും അധികൃതർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ചിലർക്ക് ഈയാഴ്ച ഒടുവിൽ വീടുകളിലേക്ക് മടങ്ങാൻ കഴിയുമെന്ന് അധികൃതർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. അഗ്‌നിബാധയുണ്ടായ പ്രദേശങ്ങളിലെ വസ്തുവകകൾ സംരക്ഷിക്കാൻ വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഒഴിഞ്ഞ വീടുകഴിൽ നിന്ന് കവർച്ച നടത്താൻ ശ്രമിച്ച ഏതാനുംപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
കാട്ടുതീ അണയ്ക്കാൻ വിമാനങ്ങളിൽ നിന്ന് താഴേയ്ക്ക് ചൊരിയുന്ന പിങ്ക് നിറമുള്ള വസ്തു എന്താണ്?