ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യിയോളിനെ അറസ്റ്റ് ചെയ്തു

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യിയോളിനെ അറസ്റ്റ് ചെയ്തു


സിയോള്‍: ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യിയോളിനെ അറസ്റ്റ് ചെയ്തു. എതിര്‍പ്പുകള്‍ക്കിടയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് പുറത്താക്കപ്പെട്ട പ്രസിഡന്റിനെ അറസ്റ്റുചെയ്തത്.

ഈ മാസം ആദ്യം അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോടതി പുറപ്പെടുവിച്ച അറസ്റ്റ്  വാറണ്ട് നീട്ടി നല്‍കുകയായിരുന്നു.

ഡിസംബറില്‍ സൈനികനിയമം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നടത്തിയ യൂണിനെതിരെ കലാപക്കുറ്റം ചുമത്തി അന്വേഷണം നടക്കുന്നതിനിടയില്‍ അദ്ദേഹം ആഴ്ചകളായി ഒളിവില്‍ കഴിയുകയായിരുന്നു.

സിയോളില്‍ യൂണിന്റെ ഔദ്യോഗിക വസതിക്ക് പുറത്ത് യൂണിനെ പിന്തുണയ്ക്കുന്നവരും വിമര്‍ശിക്കുന്നവരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയിട്ടുണ്ട്. ആയിരത്തോളം ഉദ്യോഗസ്ഥരെയും പോലീസ് വിന്യസിച്ചിരുന്നു.

യൂണിനെ അറസ്റ്റുചെയ്യാനുള്ള നീക്കത്തിനെതിരെ യൂണിന്റെ അനുയായികള്‍ രംഗത്തുവന്നിരുന്നു. അറസ്റ്റ് ജനവഞ്ചനയാണെന്നും അവര്‍ ആരോപിക്കുന്നു.

യൂണിനെ പദവിയില്‍ നിന്ന് നീക്കം ചെയ്യുമോ എന്ന് തീരുമാനിക്കുന്ന ഇംപീച്ച്‌മെന്റ് വിചാരണ കഴിഞ്ഞദിവസം ആരംഭിച്ചെങ്കിലും അദ്ദേഹം ഹാജരാകാതിരുന്നതിനാല്‍ നാല് മിനിറ്റിനുള്ളില്‍ അവസാനിച്ചു