ബംഗ്ലാദേശിലെ മുന്‍ ഷേഖ് ഹസീന സര്‍ക്കാരിനെതിരായ അഴിമതി അന്വേഷണങ്ങള്‍ക്കിടയില്‍ യുകെ അഴിമതിവിരുദ്ധ മന്ത്രി തുലിപ് സിദ്ദിഖ് രാജിവച്ചു

ബംഗ്ലാദേശിലെ മുന്‍ ഷേഖ് ഹസീന സര്‍ക്കാരിനെതിരായ അഴിമതി അന്വേഷണങ്ങള്‍ക്കിടയില്‍ യുകെ അഴിമതിവിരുദ്ധ മന്ത്രി തുലിപ് സിദ്ദിഖ് രാജിവച്ചു


ലണ്ടന്‍: ബംഗ്ലാദേശില്‍ തന്റെ അമ്മായിയും മുന്‍ പ്രധാനമന്ത്രിയുമായ ഷേഖ് ഹസീന ഉള്‍പ്പെട്ട നിരവധി അഴിമതി അന്വേഷണങ്ങളില്‍ പേര് പരാമര്‍ശിച്ചതിനെ തുടര്‍ന്ന് യു.കെയിലെ അഴിമതി വിരുദ്ധ മന്ത്രി തുലിപ് സിദ്ദിഖ് രാജിവച്ചു.

തന്റെ മന്ത്രിസ്ഥാനം ഒരു സര്‍ക്കാരിന്റെ മേല്‍ അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാക്കും എന്നതിനാലാണ് സ്ഥാനമൊഴിയുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കെയ്ര്‍ സ്റ്റാര്‍മറിന് അയച്ച രാജി കത്തില്‍, ലേബര്‍ എംപി അറിയിച്ചു.

മന്ത്രി എന്ന നിലയില്‍ തന്നില്‍ അര്‍പ്പിച്ച പുലര്‍ത്തിയ വിശ്വാസത്തിന് അവര്‍ നന്ദി പറഞ്ഞു. തുലിപിന്റെ പകരക്കാരിയായി വൈകോംബെയുടെ എംപിയായ എമ്മ റെയ്‌നോള്‍ഡ്‌സ് സ്ഥാനം ഏറ്റെടുത്തു.

ഇപ്പോള്‍ ഇന്ത്യയില്‍ നാടുകടത്തപ്പെട്ടിരിക്കുന്ന തന്റെ അമ്മായി ഷെയ്ഖ് ഹസീനയുടെ വിശ്വസ്തരുമായി ബന്ധപ്പെട്ട ലണ്ടനിലെ സ്വത്തുക്കളിലാണ് അവര്‍ താമസിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ മന്ത്രിതല ഉപദേഷ്ടാവ് സര്‍ ലോറി മാഗ്‌നസ് സിദ്ദിഖിനെ ചോദ്യം ചെയ്തിരുന്നു.

മന്ത്രിതല പെരുമാറ്റച്ചട്ടം ലംഘനത്തില്‍ നിന്ന് സര്‍ ലോറി അവരെ കുറ്റവിമുക്തയാക്കിയെങ്കിലും, ട്രഷറി മന്ത്രിയുടെ ചില ഉത്തരവാദിത്തങ്ങള്‍ പ്രധാനമന്ത്രി എടുത്തുകളയണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉത്തരവാദിയായ മന്ത്രി, ബംഗ്ലാദേശുമായുള്ള കുടുംബത്തിന്റെ ബന്ധത്തില്‍ നിന്ന് അവര്‍ക്കും സര്‍ക്കാരിനും ഉണ്ടാകാനിടയുള്ള ചീത്തപ്പേരിനെക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തിയില്ല എന്നത് ഖേദകരമാണെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു.


2015ല്‍ നോര്‍ത്ത് ലണ്ടന്‍ ഡിസ്ട്രിക്റ്റ്  എംപിയായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ ലോക്കല്‍ കൗണ്‍സിലറാണ് 42 കാരിയായ തുലിപ് സിദ്ദിഖ്. ജൂലൈയില്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെ മധ്യ-ഇടതുപക്ഷ ലേബര്‍ പാര്‍ട്ടി വന്‍ വിജയം നേടിയതിനെ തുടര്‍ന്നാണ് അവരെ സര്‍ക്കാരിലേക്ക് നിയമിച്ചത്.

സിദ്ദിഖ് സ്ഥാനമൊഴിയുന്നത് ഖേദകരമാണെന്നും അവര്‍ക്കെതിരായി നടത്തിയ അന്വേഷണങ്ങളില്‍ മന്ത്രി എന്ന നിലയിലുള്ള പെരുമാറ്റച്ചട്ട ലംഘനങ്ങളോ സാമ്പത്തിക ക്രമക്കേടുകളോ സംബന്ധിച്ച തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും  സ്റ്റാര്‍മര്‍ പറഞ്ഞു.