വാഷിംഗ്ടണ്‍: 2020ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ട്രംപ് നടത്തിയ ശ്രമങ്ങളെക്കുറിച്ചുള്ള ജാക്ക് സ്മിത്തിന്റെ റിപ്പോര്‍ട്ട് 'വ്യാജം' എന്ന് യു എസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുക്കപ്പെടാത്ത കമ്മിറ്റി എല്ലാ തെളിവുകളും നിയമവിരുദ്ധമായി നശിപ്പിക്കുകയും ഇല്ലാതാക്കുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.
2024ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലായിരുന്നുവെങ്കില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ തുടരാനും ട്രംപിനെ വിചാരണയില്‍ കുറ്റക്കാരനാക്കാനും മതിയായ തെളിവുകള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നതായി സ്മിത്ത് തന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 250 സ്വമേധയാ ഉള്ള അഭിമുഖങ്ങളും ഗ്രാന്‍ഡ് ജൂറിക്ക് മുമ്പാകെ 55ലധികം സാക്ഷികളില്‍ നിന്നുള്ള സാക്ഷ്യപ്പെടുത്തലുകളും ഉള്‍പ്പെടുന്നു.
അധികാരം നിലനിര്‍ത്തുന്നതിന് 2020ലെ തെരഞ്ഞെടുപ്പിന്റെ നിയമാനുസൃത ഫലങ്ങള്‍ അട്ടിമറിക്കാന്‍ നിയുക്ത പ്രസിഡന്റ് അഭൂതപൂര്‍വമായ ക്രിമിനല്‍ ശ്രമത്തില്‍ ഏര്‍പ്പെട്ടുവെന്ന് സ്മിത്ത് ആരോപിച്ചു. എന്നാല്‍ 2024ലെ തെരഞ്ഞെടുപ്പ് വിജയം അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യുന്നത് അസാധ്യമാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡെറേഞ്ച്ഡ് ജാക്ക് സ്മിത്ത് എത്രമാത്രം നിരാശനാണെന്ന് കാണിക്കാന്‍ പുലര്‍ച്ചെ ഒരു മണിക്ക് അദ്ദേഹം തന്റെ വ്യാജ കണ്ടെത്തലുകള്‍ പുറത്തുവിട്ടുവെന്നും അണ്‍സെലക്ട് കമ്മിറ്റി എല്ലാ തെളിവുകളും നിയമവിരുദ്ധമായി നശിപ്പിച്ച് ഇല്ലാതാക്കിയെന്ന് അദ്ദേഹം പറഞ്ഞോ? എന്നും ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.
നിലവിലെ പ്രസിഡന്റുമാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനെതിരായ നീതിന്യായ വകുപ്പിന്റെ നയം കാരണം ട്രംപിനെതിരായ രഹസ്യ രേഖകളുടേത് ഉള്‍പ്പെടെയുള്ള കേസുകള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം നിര്‍ത്തലാക്കി.
2024ല്‍ വോട്ടര്‍മാര്‍ അദ്ദേഹത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തില്ലെങ്കില്‍ 2020-ലെ തെരഞ്ഞെടുപ്പ് ഫലം നിയമവിരുദ്ധമായി മാറ്റാന്‍ ശ്രമിച്ചതിന് ട്രംപ് ഒന്നിലധികം കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുമായിരുന്നുവെന്ന് സ്മിത്ത് വിശ്വസിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
137 പേജുള്ള ഈ വാല്യം സ്മിത്തിന്റെ അന്തിമ റിപ്പോര്‍ട്ടിലെ രണ്ടെണ്ണത്തില്‍ ഒന്നാണ്. പുറത്തുവിടുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരേയൊരു വാല്യം ഇതാണ്. ട്രംപ് രഹസ്യ വൈറ്റ് ഹൗസ് രേഖകള്‍ തടഞ്ഞുവച്ചതായി ആരോപിക്കപ്പെടുന്നതിനെക്കുറിച്ചുള്ള അന്വേഷണം രണ്ടാമത്തെ വാല്യത്തിലാണുള്ളത്.