ലോകത്തിലെ ശതകോടീശ്വരന്മാരിൽ മുന്നിലുള്ള ഇലോൺ മസ്‌കിന്റെ ആസ്തി 44,700 കോടി ഡോളറിലെത്തി (ഏകദേശം 37.92 ലക്ഷം കോടി രൂപ). അമേരിക്കൻ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ല, ബഹിരാകാശദൗത്യ കമ്പനി സ്‌പേസ്എക്‌സ്, സമൂഹമാധ്യമ പ്ലാറ്റ്‌ഫോം എക്‌സ് തുടങ്ങിയവയുടെ ഉടമയായ ഇദ്ദേഹത്തിന്റെ ആസ്തി ബ്ലൂംബെർഗിന്റെ ഒടുവിലത്തെ ശതകോടീശ്വര സൂചികപ്രകാരം, ഈമാസം 12നുമാത്രം 6280 കോടി ഡോളറാണ് (ഏകദേശം 5.33 ലക്ഷം കോടി രൂപ) വർധിച്ചത്. ഈ വർഷം ഇതുവരെയുള്ള വർധന 21,800 കോടി ഡോളറാണ് (ഏകദേശം 18.5 ലക്ഷം കോടി രൂപ). ലോകത്ത് 40,000 കോടി ഡോളറിലധികം ആസ്തി കൈവരിക്കുന്ന ആദ്യത്തെയാളാണ് മസ്‌ക്.
ബ്ലൂംബർഗ് സൂചികയിൽ രണ്ടാംസ്ഥാനത്തുള്ള ശതകോടീശരൻ ജെഫ് ബെസോസിന്റെ ആസ്തി 24,900 കോടി ഡോളറാണ് (ഏകദേശം 21.12 ലക്ഷം കോടി രൂപ). 22,400 കോടി ഡോളർ (ഏകദേശം 19.05 ലക്ഷം കോടി രൂപ) ആസ്തിയുമായി മെറ്റ മേധാവി മാർക്ക് സക്കർബർഗാണ് മൂന്നാംസ്ഥാനത്ത്. ഇന്ത്യക്കാരിൽ ഒന്നാംസ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് 9710 കോടി ഡോളർ (8.24 ലക്ഷം കോടി) ആസ്തിയുണ്ട്. 7930 കോടി ഡോളറാണ് (6.73 ലക്ഷം കോടി) രണ്ടാംസ്ഥാനത്തുള്ള അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ആസ്തി.
ഇലോൺ മസ്‌കിന്റെ ആസ്തി 44,700 കോടി ഡോളറിലെത്തി