ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാനിരക്കിൽ ഇടിവ്. സാമ്പത്തിക വർഷത്തിലെ ജൂലൈ മുതൽ സെ്ര്രപംബർ വരെയുള്ള രണ്ടാംപാദ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ചാനിരക്ക് 5.4 ശതമാനമായി താഴ്ന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.1 ആയിരുന്നു രണ്ടാംപാദ വളർച്ചാനിരക്ക്. രണ്ട് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്.
6.9 ശതമാനം വരെ വളർച്ച പ്രതീക്ഷിച്ച സ്ഥാനത്താണ് 2.7 ശതമാനം കുറഞ്ഞ വളർച്ചാനിരക്ക് രേഖപ്പെടുത്തിയത്. ഉൽപാദനം, ഉപഭോഗം, ഖനനം എന്നിവയിലെ വളർച്ചാ നിരക്ക് ഇടിഞ്ഞതാണ് തിരിച്ചടിക്ക് പ്രധാന കാരണമായത്. നടപ്പുവർഷം ഏപ്രിൽജൂൺ പാദത്തിൽ 6.7 ശതമാനമായിരുന്നു ജിഡിപി വളർച്ച.
മധ്യവർഗ കുടുബങ്ങൾ നേരിട്ട സാമ്പത്തിക ഞെരുക്കം, നഗരങ്ങളിലെ ഉപഭോക്തൃച്ചെലവഴിക്കലുകൾ കുറഞ്ഞത് എന്നിവയെല്ലാം ജി ഡി പി വളർച്ചയെ ബാധിച്ചു. രാജ്യത്തിന്റെ വളർച്ചാ നിരക്കത് 7 ശതമാനമാകുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രതീക്ഷ. ആദ്യം 7.2 ശതമാനം വളർച്ചയുണ്ടാകും എന്നായിരുന്നു റിസർവ്വ് ബാങ്കിന്റെ പ്രതീക്ഷ. എന്നാൽ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഇത് 7 ശതമാനത്തിലേക്ക് താഴ്ത്തി. അതിനും ഏറെ താഴെയുള്ള വളർച്ചയാണ് യഥാർത്ഥത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ഉൽപ്പാദനമേഖലയിൽ വെറും 2.2 ശതമാനത്തിന്റെ വളർച്ച മാത്രമാണ് രണ്ടാംപാദത്തിലുണ്ടാത്. ഏപ്രിൽജൂൺ പാദത്തിൽ ഇത് ഏഴ് ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ 14.3 ശതമാനത്തിന്റെ മികച്ച വളർച്ച നേടിയ മേഖലയായിരുന്നു ഇത്. ഖനന മേഖലയിലും ഇടിവുണ്ടായി. അതേസമയം, കാർഷിക മേഖലയിൽ വളർച്ച രേഖപ്പെടുത്തി. ആദ്യ പാദത്തിൽ രണ്ട് ശതമാനം മാത്രമായിരുന്നത് ഇത്തവണ 3.5 ശതമാനമായി ഉയർന്നിട്ടുണ്ട്. നിർമാണ മേഖലയിൽ 7.7 ശതമാനമാണ് വളർച്ച. ആദ്യപാദത്തിൽ ഇത് 10.5 ശതമാനമായിരുന്നു. സേവന മേഖല 7.1 ശതമാനം വളർച്ച രേഖപ്പെടുത്തി.
വളർച്ചാ നിരക്കിൽ കുറവ് ഉണ്ടായിരുന്നിട്ടും 4.6 ശതമാനം ജി.ഡി.പി വളർച്ച റിപ്പോർട്ട് ചെയ്ത ചൈനയെ പിന്തള്ളി ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുകയാണ്. യു.എസ് 2.8 ശതമാനവും യുകെ 0.1 ശതമാനവുമാണ് ജൂലൈ -സെപ്തംബർ പാദത്തിൽ ജി.ഡി.പി വളർച്ചാ നിരക്ക് രേഖപ്പെടുത്തിയത്.
ജി.ഡി.പി വളർച്ചാ നിരക്ക് 5.4 ശതമാനമായി താഴ്ന്നു; രണ്ട് വർഷത്തിനിടയിലെ ഏറ്റവും കുറവ്