ഇന്ത്യയുടെ സ്വന്തം വിസ്‌കി ബ്രാന്‍ഡായ ഇന്ദ്രി തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സിംഗിള്‍ മാള്‍ട്ടായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ വൈന്‍ & സ്പിരിറ്റ്‌സ് റെക്കോര്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
2024 ല്‍ ഇന്ദ്രിയുടെ 2.04 ദശലക്ഷം കുപ്പികള്‍ (1,70,000 ഒമ്പത് ലിറ്റര്‍ കേസുകള്‍) വില്‍പന നടത്തി. ആഭ്യന്തരമായി 1,24,000 കേസുകളും വിദേശ വിപണികളില്‍ 46,000 കേസുകളും വിറ്റഴിച്ചുകൊണ്ട്, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സിംഗിള്‍ മാള്‍ട്ടായി ഇന്ദ്രി മാറി. ഒരു കാലത്ത് വിദേശ സിംഗിള്‍ മാള്‍ട്ടുകള്‍ അടക്കി വാണിരുന്ന ഇന്ത്യന്‍ വിപണിയിലേക്ക്, രാജ്യാന്തര നിലവാരമുള്ള ഉല്‍പ്പന്നങ്ങളുമായി കടന്നുവന്ന ഈ ഇന്ത്യന്‍ ബ്രാന്‍ഡ്, വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ ലോക ശ്രദ്ധ ആകര്‍ഷിച്ചു.
ഡല്‍ഹി ആസ്ഥാനമായുള്ള പിക്യാഡിലി ഡിസ്റ്റിലറീസ് ആണ് ഇന്ദ്രി വിസ്‌കിയുടെ നിര്‍മാതാക്കള്‍. ഹരിയാനയിലെ ഇന്ദ്രിയില്‍, യമുന നദിയുടെ തീരത്താണ് ഈ ഡിസ്റ്റിലറി സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങളോളം വൈനിന്റെയും ബിയറിന്റെയും നിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിച്ചതിന് ശേഷമാണ് കമ്പനി വിസ്‌കി നിര്‍മ്മാണത്തിലേക്ക് കടന്നുവന്നത്. ഇന്ദ്രി എന്ന സ്ഥലപ്പേര് തന്നെയാണ് ഈ വിസ്‌കിയുടെ പേരിന് പിന്നില്‍. ഈ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യവും ഈ പേരിന് പിന്നിലുണ്ട്. പുരാതന കാലത്ത് ഇന്ദ്രി ഒരു പ്രധാന ആത്മീയ കേന്ദ്രമായിരുന്നു എന്നും, സംസ്‌കൃതത്തില്‍ 'ഇന്ദ്രിയ' എന്ന വാക്കിന്റെ പരിഷ്‌കരിച്ച രൂപമാണ് ഈ പേരെന്നും കരുതപ്പെടുന്നു.
പരമ്പരാഗത സ്‌കോട്ടിഷ് സിംഗിള്‍ മാള്‍ട്ടുകളുടെ നിര്‍മ്മാണ രീതികള്‍ പിന്തുടര്‍ന്നാണ് ഇന്ദ്രി നിര്‍മ്മിക്കുന്നത്. ബാര്‍ലി, വെള്ളം, യീസ്റ്റ് എന്നിവ മാത്രം ഉപയോഗിച്ചാണ് ഇതിന്റെ ഉത്പാദനം. ഇന്ത്യന്‍ കാലാവസ്ഥ, പ്രത്യേകിച്ച് ചൂടുള്ള അന്തരീക്ഷം വിസ്‌കിക്ക് അതിന്റേതായ സവിശേഷതകള്‍ നല്‍കുന്നു. വേഗത്തില്‍ നടക്കുന്ന പാകപ്പെടുത്തല്‍ പ്രക്രിയ വിസ്‌കിക്ക് കൂടുതല്‍ തീവ്രമായ സ്വാദ് നല്‍കാന്‍ സഹായിക്കുന്നു.
ഇന്ദ്രിയിലെ ശ്രദ്ധേയമായ ഒരു സവിശേഷത, 'ട്രിപ്പിള്‍ വുഡ്' രീതിയാണ്. ഇതില്‍ വിസ്‌കി മൂന്ന് വ്യത്യസ്തതരം വീപ്പകളില്‍ പാകപ്പെടുത്തുന്നു:
മുന്‍പ് ഉപയോഗിച്ച ബര്‍ബണ്‍ വീപ്പകള്‍ (ഇതിലൂടെ വാനില, തേന്‍, കാരമല്‍ എന്നിവയുടെ സ്വാദ് ലഭിക്കുന്നു)
മുന്‍പ് ഉപയോഗിച്ച വൈന്‍ വീപ്പകള്‍ (പഴങ്ങളുടെയും മസാലകളുടെയും സങ്കീര്‍ണ്ണമായ രുചികള്‍ നല്‍കുന്നു)
മുന്‍പ് ഉപയോഗിച്ച ഷെറി വീപ്പകള്‍ (ഉണങ്ങിയ പഴങ്ങള്‍, ചോക്ലേറ്റ്, ഓക്ക് തുടങ്ങിയവയുടെ ഗന്ധവും രുചിയും ലഭിക്കുന്നു.
ഈ മൂന്ന് വീപ്പകളിലെയും വിസ്‌കി പാകമായ ശേഷം ഒരുമിച്ച് ചേര്‍ത്ത് കുപ്പികളിലാക്കുന്നു. ഈ പ്രക്രിയ ഇന്ദ്രിക്ക് സങ്കീര്‍ണ്ണവും ആഴത്തിലുള്ളതുമായ ഒരു രുചി അനുഭവം നല്‍കുന്നു.
ഇന്ദ്രിക്ക് പല പതിപ്പുകളുണ്ട്. അവയില്‍ ഏറ്റവും പ്രശസ്തമായത്
ഇന്ദ്രി ട്രിനി വുഡ് തന്നെയാണ്. ഈ ബ്രാന്‍ഡിന്റെ ഏറ്റവും പ്രചാരത്തിലുള്ളതും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതുമായ പതിപ്പാണിത്. മുകളില്‍ വിശദീകരിച്ചതുപോലെ മൂന്ന് വീപ്പകളില്‍ പാകപ്പെടുത്തുന്ന ഇത്, സങ്കീര്‍ണ്ണമായ രുചിക്കൂട്ടുകള്‍ക്ക് പേരുകേട്ടതാണ്. കൂടാതെ, ഇന്ദ്രി ദ്രു, ഇന്ദ്രി ട്രാവല്‍ റീട്ടെയില്‍ എക്‌സ്‌ക്ലൂസീവ്, ഹൗസ് ഓഫ് ഡ്രാഗണ്‍ എക്‌സ്‌ക്ലൂസീവ് എഡിഷന്‍, സിറ്റി സീരീസ്, ആഗ്‌നേയ തുടങ്ങിയ വേറെയും പതിപ്പുകള്‍ ഉണ്ട്.
രാജ്യാന്തര വിപണിയില്‍ ഒരു ഇന്ത്യന്‍ വിസ്‌കിക്ക് ഇത്രയും സ്വീകാര്യത ലഭിക്കുന്നത് ഇന്ദ്രിയിലൂടെയാണ്. ലോകോത്തര വിസ്‌കി മത്സരങ്ങളില്‍ ഈ ബ്രാന്‍ഡ് നേടിയ വിജയങ്ങള്‍ അതിന് ഉദാഹരണമാണ്. വിസ്‌കി ഓഫ് ദി ഇയര്‍ പോലെയുള്ള നിരവധി പുരസ്‌കാരങ്ങള്‍ ഇന്ദ്രിക്ക് ലഭിച്ചു. ഈ അംഗീകാരങ്ങള്‍, ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ടുകള്‍ക്കും ലോക വിപണിയില്‍ തങ്ങളുടേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കുമെന്നതിന്റെ തെളിവാണ്.
ഇത് തങ്ങളുടെ ഗുണനിലവാരത്തിനും ഉപഭോക്താക്കള്‍ക്ക് ഞങ്ങള്‍ നല്‍കുന്ന മൂല്യത്തിനും ഒരു അംഗീകാരമാണ് എന്ന് പിക്കാഡിലി അഗ്രോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സിഇഒ (ഐഎംഎഫ്എല്‍) പ്രവീണ്‍ മാളവ്യ പറഞ്ഞു.
ഇന്ത്യയുടെ സ്വന്തം വിസ്‌കി ബ്രാന്‍ഡായ ഇന്ദ്രിക്ക് തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ആഗോള അംഗീകാരം
