ബൊഗോട്ട: ഉപരോധത്താല്‍ വലയുന്ന ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാന്‍ ശ്രമിച്ച കപ്പല്‍ വ്യൂഹമായ സുമുദ് ഫ്‌ളോട്ടില്ലക്കു നേരയുണ്ടായ ആക്രമണത്തത്തിനു പിന്നാലെ കൊളംബിയയില്‍ നിന്നുള്ള മുഴുവന്‍ ഇസ്രായേലി നയതന്ത്ര പ്രതിനിധി സംഘത്തെയും പുറത്താക്കാന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉത്തരവിട്ടു. ഫ്‌ലോട്ടില്ല സംഘത്തിലെ കൊളംബിയന്‍ പൗരന്മാരടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ ഇസ്രായേല്‍ കസ്റ്റഡിയിലെടുത്തിരുന്നു. കൊളംബിയന്‍ പൗരന്‍മാരായ മാനുവേല ബെഡോയയും ലൂണ ബാരെറ്റോയും ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയുടെ ക്രൂവിന്റെ ഭാഗമായിരുന്നു.
കപ്പല്‍ വ്യൂഹത്തെയും പൗരന്‍മാരെയും തടഞ്ഞത് ബഞ്ചമിന്‍ നെതന്യാഹുവിന്റെ പുതിയ അന്താരാഷ്ട്ര കുറ്റകൃത്യമായി മാറുമെന്ന് ഗുസ്താവോ പെട്രോ 'എക്സി'ല്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേലുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെ ഉടന്‍ പരിശോധിക്കും എന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച ആദ്യം ഇസ്രായേലുമായുള്ള കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ പെട്രോ ശ്രമം നടത്തിയിരുന്നു. 2024 മെയ് മാസത്തില്‍ പെട്രോ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നെങ്കിലും, ശേഷിക്കുന്ന നയതന്ത്ര പ്രതിനിധികളോട് ഉടന്‍ കൊളംബിയന്‍ പ്രദേശം വിടാന്‍ ഉത്തരവിട്ടുകൊണ്ട് അദ്ദേഹം പ്രസ്താവന കടുപ്പിച്ചു.
കൊളംബിയന്‍ വിദേശകാര്യ മന്ത്രാലയം ഇസ്രായേല്‍ കോടതികളില്‍ ഉള്‍പ്പെടെ കേസുകള്‍ ഫയല്‍ ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. കൂടാതെ കൊളംബിയന്‍ നിയമസംഘത്തെ പിന്തുണക്കാന്‍ അന്താരാഷ്ട്ര നിയമജ്ഞരോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
ഇസ്രായേലി ഉപരോധം തകര്‍ത്ത് ഗാസയിലേക്ക് കടല്‍ വഴി സഹായം എത്തിക്കാന്‍ ശ്രമിക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര ശ്രമമാണ് സുമുദ് ഫേ്‌ലാട്ടില്ല. തീരത്ത് നിന്ന് 150 നോട്ടിക്കല്‍ മൈല്‍ അകലെ ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശത്ത് എത്തിയതിന് ശേഷം വ്യാഴാഴ്ച രാത്രി ഇസ്രായേല്‍ സൈന്യം കപ്പല്‍ വ്യൂഹത്തെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്നും ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും ജനീവ കരാറുകളുടെയും ലംഘനം ആണെന്നും ഗ്ലോബല്‍ മൂവ്മെന്റ് ടു ഗാസ പ്രസ്താവനയില്‍ പറഞ്ഞു.
സുമുദ് ഫ്‌ളോട്ടില്ലക്കു നേരയുണ്ടായ ഇസ്രായേല്‍ ആക്രമണം; ഇസ്രായേലി നയതന്ത്രജ്ഞരെ പുറത്താക്കി കൊളംബിയ
