ഗായകന്‍ എപി ധില്ലന്റെ വീട്ടില്‍ വെടിവെപ്പ് നടത്തിയ ലോറന്‍സ് ബിഷ്ണോയി സംഘാംഗത്തിന് കാനഡയില്‍ ആറുവര്‍ഷം തടവ്

ഗായകന്‍ എപി ധില്ലന്റെ വീട്ടില്‍ വെടിവെപ്പ് നടത്തിയ ലോറന്‍സ് ബിഷ്ണോയി സംഘാംഗത്തിന് കാനഡയില്‍ ആറുവര്‍ഷം തടവ്


ഒട്ടാവ: ഗായകന്‍ എപി ധില്ലന്റെ ബ്രിട്ടീഷ് കൊളംബിയയിലെ വീട്ടില്‍ വെടിവെപ്പ് നടത്തിയ സംഭവത്തില്‍ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയി സംഘാംഗത്തിന് ആറുവര്‍ഷം തടവ് ശിക്ഷ. 26 കാരനായ അബ്ജീത് കിംഗ്രയെ ആണ് വിക്ടോറിയയിലെ കോടതി ശിക്ഷ വിധിച്ചത്. ഓഗസ്റ്റില്‍ കിംഗ്ര കുറ്റം സമ്മതിക്കുകയും സെപ്റ്റംബര്‍ അവസാനം അദ്ദേഹത്തിനെതിരെ കോടതി ശിക്ഷ വിധിക്കുകയുമായിരുന്നുവെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ധില്ലന്റെ വാന്‍കൂവര്‍ ദ്വീപിലെ വീട്ടില്‍ നടന്ന ആക്രമണം ഒറ്റപ്പെട്ടതല്ലെന്ന നിഗമനത്തിലാണ് കോടതി. കിംഗ്ര ഏകദേശം നാലര വര്‍ഷം ജയിലില്‍ കഴിയേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതി കിംഗ്രയ്ക്ക് ആജീവനാന്ത തോക്ക് നിരോധനവും ഏര്‍പ്പെടുത്തി. ധില്ലന്റെ വീട്ടില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ടാമത്തെ പ്രതിയായ വിക്രം ശര്‍മയ്ക്കെതിരെ കനേഡിയന്‍ അധികൃതര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

കനേഡിയന്‍ സര്‍ക്കാര്‍ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയെ 'വിദേശ തീവ്രവാദ സംഘടന'യായി പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് കിംഗ്രയ്ക്ക് ശിക്ഷ വിധിച്ചതായുള്ള വാര്‍ത്ത പുറത്തുവന്നത്. 

2024 സെപ്റ്റംബര്‍ രണ്ടിനാണ് ബ്രിട്ടീഷ് കൊളംബിയയിലെ കോള്‍വുഡിലുള്ള എപി ധില്ലന്റെ വസതിക്ക് പുറത്ത് വെടിവെപ്പ് ഉണ്ടായത്. പിന്നാലെ 2024 ഒക്ടോബറില്‍ അബ്ജീത് കിംഗ്രയെ കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. തോക്ക് കൈവശം വെച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ കിംഗ്ര സമ്മതിച്ചിരുന്നു. ആക്രമണത്തില്‍ ഉള്‍പ്പെട്ട വിക്രം ശര്‍മ എന്ന മറ്റൊരു വ്യക്തി ഇന്ത്യയിലേക്ക് പലായനം ചെയ്തതായി കരുതപ്പെടുന്നു. ഇയാളെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ലോറന്‍സ് ബിഷ്ണോയി സംഘവും രോഹിത് ഗോദാരയും ധില്ലന്റെ വസതിയിലെ വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ധില്ലണ്‍ ഒരു മ്യൂസിക് വീഡിയോയില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനുമായി സഹകരിച്ചതാണ് ലോറന്‍സ് ബിഷ്ണോയി സംഘത്തെ പ്രകോപിപ്പിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കാനഡയില്‍ ലക്ഷ്യമിട്ടുള്ളതും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടത്താന്‍ ഇന്ത്യയിലെ ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ നിര്‍ദേശ പ്രകാരം കിംഗ്ര പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍സിഎംപി) പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

കൊലപാതകം, വെടിവയ്പ്പ്, കൊള്ള, ഭീഷണിപ്പെടുത്തല്‍, ഭീകരത സൃഷ്ടിക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് കനേഡിയന്‍ സര്‍ക്കാര്‍ ബിഷ്ണോയ് സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. സംഘം കാനഡയിലുടനീളം നിരവധി അക്രമ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍.