ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ച് താലിബാന്‍ സര്‍ക്കാര്‍; ജനങ്ങള്‍തെരുവിലിറങ്ങി ആഘോഷിച്ചു

ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ച് താലിബാന്‍ സര്‍ക്കാര്‍; ജനങ്ങള്‍തെരുവിലിറങ്ങി ആഘോഷിച്ചു


കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ 48 മണിക്കൂര്‍ നീണ്ട ഇന്റര്‍നെറ്റ്, ടെലികോം സേവന നിരോധനം പിന്‍വലിച്ചത് ജനങ്ങള്‍ ആഘോഷിച്ചത് തെരുവില്‍ ആഹ്ലാദം പ്രകടിപ്പിച്ചാണ്.
 താലിബാന്‍ പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് ഭാഗികമായി കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചതായി ഇന്റര്‍നെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ്‌ബ്ലോക്ക്‌സും സ്ഥിരീകരിച്ചു. ബുധനാഴ്ച ഉച്ചയോടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും പുനഃസ്ഥാപിച്ചതായി ഖത്തറിലെ മുതിര്‍ന്ന താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീനും വ്യക്തമാക്കി.
നിരോധനം പിന്‍വലിച്ചതോടെ ബുധനാഴ്ച വൈകുന്നേരം കാബൂളിലെ തെരുവുകളില്‍ നിരവധിപേരാണ് ഒത്തുകൂടിയത്. ഇന്റര്‍നെറ്റ് കണക്ടിവിറ്റി പുനസ്ഥാപിച്ച സന്തോഷം ജനങ്ങള്‍ പരസ്പരം പങ്കുവെച്ചു. ദൂരദേശങ്ങളിലുള്‍പ്പെടെയുള്ളവരെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

തിങ്കളാഴ്ചയാണ് രാജ്യത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. 48 മണിക്കൂര്‍ നീണ്ട നിരോധനം വ്യാപാരങ്ങളെയും വിമാന സര്‍വീസുകളെയും തടസ്സപ്പെടുത്തിയിരുന്നു. അടിയന്തര സേവനങ്ങളുടെ ലഭ്യതയും പരിമിതപ്പെടുത്തി. 2021ല്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം അവകാശങ്ങള്‍ ഇല്ലാതാക്കപ്പെട്ട സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇത് കൂടുതല്‍ ഒറ്റപ്പെടുത്തുമെന്ന ഭയവും വര്‍ദ്ധിപ്പിച്ചു.

എന്തിനാണ് സേവനങ്ങള്‍ നിര്‍ത്തിവെച്ചതെന്നതിന് താലിബാന്‍ സര്‍ക്കാര്‍ ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല. എന്നിരുന്നാലും, കഴിഞ്ഞ മാസം വടക്കന്‍ ബല്‍ഖ് പ്രവിശ്യയിലെ താലിബാന്‍ ഗവര്‍ണറുടെ വക്താവ്, തിന്മകള്‍ തടയുന്നതിനായി ഇന്റര്‍നെറ്റ് ലഭ്യത തടയുകയാണെന്ന് പറഞ്ഞിരുന്നു.

2021ല്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം, ഇസ്ലാമിക ശരീഅത്ത് നിയമത്തിനെ വ്യാഖ്യാനിച്ച് താലിബാന്‍ നിരവധി നിയന്ത്രണങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ട നിയന്ത്രണമായിരുന്നു 12 വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചത്. സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ കര്‍ശനമായി പരിമിതപ്പെടുത്തുകയും സര്‍വകലാശാലകളില്‍ നിന്ന് സ്ത്രീ എഴുത്തുകാരുടെ പുസ്തകങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് പുറം ലോകവുമായുള്ള ഏക ആശ്രയമായിരുന്നു ഇന്റര്‍നെറ്റ്. അതുകൂടി വിലക്കപ്പെട്ടതോടെ ജനങ്ങള്‍ ഏറെ പ്രയാസപ്പെട്ടു. 

ഇതൊരു ക്രമാനുഗതമായ മരണമാണെന്നായിരുന്നു ഒരു കടയുടമ ബിബിസിയോട് പ്രതികരിച്ചത്. പ്രതീക്ഷയില്ലാത്ത, പുരോഗതിക്ക് സാധ്യതയില്ലാത്ത, സംസാര സ്വാതന്ത്ര്യമില്ലാത്ത, നിങ്ങളുടെ കുട്ടിയുടെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസമില്ലാത്ത, നിങ്ങളുടെ ബിസിനസ്സിന് സ്ഥിരതയില്ലാത്ത, നിങ്ങളുടെ പഠനങ്ങളില്‍ നിന്ന് പ്രയോജനം നേടാന്‍ കഴിയാത്ത ഒരവസ്ഥ. അദ്ദേഹം പറഞ്ഞു.

ഇന്റര്‍നെറ്റ് നിരോധനത്തെത്തുടര്‍ന്ന്, അഫ്ഗാനിസ്ഥാന്‍ പുറം ലോകത്ത് നിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെട്ടുവെന്ന് യുഎന്‍ പറഞ്ഞിരുന്നു. അഫ്ഗാന്‍ ജനതയെ ഈ നിരോധനം ദോഷകരമായി ബാധിക്കുമെന്ന് യുഎന്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.