പാക് അധീന കശ്മീരില്‍ പ്രക്ഷോഭം, ലോങ് മാര്‍ച്ചിന് നേരെ വെടിവെപ്പ്; 12 പേര്‍ കൊല്ലപ്പെട്ടു

പാക് അധീന കശ്മീരില്‍ പ്രക്ഷോഭം, ലോങ് മാര്‍ച്ചിന് നേരെ വെടിവെപ്പ്; 12 പേര്‍ കൊല്ലപ്പെട്ടു


ന്യൂഡല്‍ഹി: പാകിസ്താന്‍ ഭരണകൂടത്തിനെതിരെ പാക് അധീക കശ്മീരില്‍ തുടരുന്ന സംഘര്‍ഷം മൂന്നാം ദിവസത്തിലേക്ക്. മുസാഫറാബാദിലേക്ക് ലോങ് മാര്‍ച്ച് നടത്തുന്ന പ്രക്ഷോഭകരും പാക് സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി. സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ദദ്യാലിലാണ് പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മില്‍ വ്യാഴാഴ്ച ഏറ്റുമുട്ടിയത്.

മുസാഫറാബാദിലും ദീര്‍കോട്ടിലും അഞ്ച് വീതവും ദദ്യാലില്‍ രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 200 പേര്‍ക്ക് പരിക്കേറ്റു. വെടിവെപ്പില്‍ പരിക്കേറ്റവരുടെ നില ഗുരുതരമാണ്. മുസാഫറാബാദിലെ പാലത്തില്‍ ലോങ് മാര്‍ച്ച് തടയാനായി സ്ഥാപിച്ച കൂറ്റന്‍ കണ്ടെയ്‌നറുകള്‍ പ്രതിഷേധക്കാര്‍ നദിയിലെറിഞ്ഞു.

'ഭരണാധികാരികളേ, സൂക്ഷിക്കുക, ഞങ്ങള്‍ നിങ്ങളുടെ വിധിയാണ്', 'കശ്മീര്‍ ഞങ്ങളുടേതാണ്, അതിന്റെ വിധി ഞങ്ങള്‍ തീരുമാനിക്കും' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രക്ഷോഭകര്‍ വിളിച്ചു. പ്രക്ഷോഭകര്‍ കല്ലെറിയുന്നതിന്റെയും സുരക്ഷാസേന വെടിവെക്കുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

റാവല്‍കോട്ട്, നീലം താഴ്വര, കോട്ട്‌ലി എന്നിവിടങ്ങളില്‍ നിന്ന് മുസാഫറാബാദിലേക്കാണ് പ്രക്ഷോഭകര്‍ ലോങ് മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രക്ഷോഭകര്‍ പ്രധാന പാതകള്‍ ഉപരോധിച്ചതോടെ ജനജീവിതം സ്തംഭിച്ചു. ഇന്ന് സംഘര്‍ഷമുണ്ടായ ദദ്യാലില്‍ പ്രക്ഷോഭകരെ നേരിടാന്‍ കൂടുതല്‍ സൈന്യത്തെ ഭരണകൂടം വിന്യസിച്ചു. കൂടാതെ, മേഖലയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ്, ലാന്‍ഡ് ഫോണ്‍ സൗകര്യങ്ങള്‍ വിലക്കിയിട്ടുണ്ട്.

പാക് അധീന കശ്മീരിലെ ജനങ്ങളോട് കാണിക്കുന്ന പാക് ഭരണകൂടത്തിന്റെ അവഗണനക്കെതിരെയാണ് കുറച്ചുനാളുകളായി പ്രതിഷേധം ശക്തമാണ്. 38 പ്രധാന ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഭരണകൂടത്തിനെതിരെ ജനം തെരുവിലിറങ്ങിയത്. പാകിസ്ഥാനില്‍ താമസിക്കുന്ന കശ്മീരി അഭയാര്‍ഥികള്‍ക്കായി നീക്കിവെച്ചിരിക്കുന്ന പാക് അധീന കശ്മീരിലെ 12 നിയമസഭ സീറ്റുകള്‍ നിര്‍ത്തലാക്കണമെന്നതാണ് പ്രധാന ആവശ്യം. നികുതി ഇളവ്, മാവിനും വൈദ്യുതിക്കും സബ്സിഡികള്‍, വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കല്‍ എന്നീ ആവശ്യങ്ങളും പ്രക്ഷോഭകര്‍ ഉയര്‍ത്തുന്നുണ്ട്.


ജമ്മു ആന്‍ഡ് കശ്മീര്‍ അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധത്തെ ശക്തമായി അടിച്ചമര്‍ത്താന്‍ പാക് സൈന്യം നിരവധി തവണ നടത്തിയ ശ്രമങ്ങളെ അതിജീവിച്ചാണ് പ്രക്ഷോഭകരുടെ സമരം. ആദ്യമായാണ് പാക് അധീക കശ്മീരിലെ ജനങ്ങള്‍ പാക് ഭരണകൂടത്തെയും സൈന്യത്തെയും ലക്ഷ്യമിട്ട് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പാക് അധീന കശ്മീരില്‍ ഈ വര്‍ഷം നടക്കുന്ന പ്രക്ഷോഭങ്ങളില്‍ വലുതാണ് ഇത്തവണത്തേത്.