ബംഗ്ലാദേശ് മുന്‍ മന്ത്രിക്ക് മരണക്കിടക്കയിലും കൈവിലങ്ങ്; സര്‍ക്കാറിനെതിരെ വിമര്‍ശനം

ബംഗ്ലാദേശ് മുന്‍ മന്ത്രിക്ക് മരണക്കിടക്കയിലും കൈവിലങ്ങ്; സര്‍ക്കാറിനെതിരെ വിമര്‍ശനം


ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിശ്വസ്തനും മുന്‍ മന്ത്രിയുമായ നൂറുല്‍ മജീദ് മഹ്മൂദ് ഹുമയൂണിന് മരണക്കിടക്കയിലും കൈവിലങ്ങ്. ബംഗ്ലാദേശ് ഭരണകൂടമാണ് അത്യാസന്ന നിലയിലായിരുന്നിട്ടും മന്ത്രിയുടെ കൈകളില്‍ വിലങ്ങണിയിച്ചത്. 

2024ലെ പ്രക്ഷോഭത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഹുമയൂണ്‍ മൂന്നു ദിവസം മുമ്പാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്തശേഷം ധാക്ക മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുമ്പോള്‍ കൈയില്‍ വിലങ്ങിട്ടിരുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സമൂഹമാധ്യമങ്ങളില്‍ ചിത്രം വൈറലായതോടെ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാര്‍ രൂക്ഷ വിമര്‍ശനമാണ് നേരിടുന്നത്. 

സര്‍ക്കാര്‍ നടപടി മനുഷ്യാവകാശ വിരുദ്ധവും കടുത്ത നിയമലംഘനവുമാണെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നു. മരണം ആസന്നമായിരിക്കുന്നുവെന്ന് അറിഞ്ഞിട്ടു പോലും കൈവിലങ്ങ് അഴിക്കാത്തവര്‍ക്ക് എന്തു മാനവികതയെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ചോദ്യം. എന്നാല്‍, ആശുപത്രി വാസത്തിന്റെ തുടക്കത്തിലാണു വിലങ്ങിട്ടിരുന്നതെന്നും സ്ഥിതി വഷളായപ്പോള്‍ ഇതു നീക്കിയെന്നുമാണു ജയില്‍ അധികൃതര്‍ വിശദീകരിക്കുന്നത്. 

മരണാസന്നനായ ഒരാളുടെ കൈകളില്‍ വിലങ്ങിടുന്നത് മനുഷ്യാവകാശത്തിന്റെ നഗ്നമായ ലംഘനമാണെന്നു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൂര്‍ ഖാന്‍ ലിട്ടണ്‍ പറഞ്ഞു. മനുഷ്യനെന്ന നിലയിലുള്ള അന്തസിന്റെ ഹീനമായ ലംഘനത്തിന് ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. രോഗശയ്യയില്‍ കഴിയുന്ന എഴുപത്തഞ്ചുകാരനെ ജയില്‍ ചാടാന്‍ സാധ്യതയുള്ള അപകടകാരിയായ തടവുകാരനായി മുദ്രകുത്തുന്നത് ഏത് അര്‍ഥത്തിലാണെന്ന് അഭിഭാഷകനായ അബു ഉബൈദുര്‍ റഹ്മാന്‍ ചോദിച്ചു. ഭരണകൂടത്തിന്റെ വലിയ വീഴ്ചയാണിതെന്നു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അബു അഹമ്മദ് ഫൈജുല്‍ കബീര്‍ ചൂണ്ടിക്കാട്ടി.