ഓട്ടോ റിക്ഷയുടെ രൂപമുള്ള ഹാന്‍ഡ് ബാഗ് പുറത്തിക്കി ലൂയി വിറ്റോണ്‍; വില 35 ലക്ഷം രൂപ

ഓട്ടോ റിക്ഷയുടെ രൂപമുള്ള ഹാന്‍ഡ് ബാഗ് പുറത്തിക്കി ലൂയി വിറ്റോണ്‍; വില 35 ലക്ഷം രൂപ


സാധാരണക്കാരുടെ ഇഷ്ടവാഹനമായി ഇന്ത്യയുടെ നിരത്തുകള്‍ കീഴടക്കുന്ന ഓട്ടോറിക്ഷകളില്‍ ഒരെണ്ണം വാങ്ങാന്‍ എത്ര രൂപ വേണ്ടിവരും? നാല് ലക്ഷത്തില്‍ താഴെ രൂപയ്ക്ക് ഒരു ഓട്ടോറിക്ഷ വാങ്ങാനാവും. എന്നാല്‍ ലൂയി വിറ്റോണിന്റെ ഈ ഓട്ടോറിക്ഷ ഒരെണ്ണത്തിന് 35 ലക്ഷം രൂപയോളം വില വരും. അതിന് പെട്രോളും ഡീസലുമൊന്നും അടിക്കണ്ടതില്ല എന്നൊരു പ്രത്യേകതയുണ്ട്. കയ്യില്‍ കൊണ്ട് നടക്കാം. ലൂയി വിറ്റോണ്‍ വിപണിയിലെത്തിച്ച ഈ ഓട്ടോറിക്ഷകള്‍ ട്രെന്‍ഡാവുകയാണ്. 
ഇന്ത്യയിലെ മുക്കിലും മൂലയിലും നിറയുന്ന ഓട്ടോറിക്ഷകളുടെ രൂപത്തില്‍ ഹാന്‍ഡ് ബാഗുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ലൂയി വിറ്റോണ്‍. സാധാരണക്കാരുടെ ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷയെ അത്യാഡംബരത്തോട് കൂട്ടിയിണക്കിയാണ് ഫാരല്‍ വില്യംസിന്റെ നേതൃത്വത്തില്‍ ഈ വ്യത്യസ്ത ഹാന്‍ഡ് ബാഗ് ലോഞ്ച് നടന്നത്. 

ഇത് ആദ്യമായല്ല ലൂയി വിറ്റോണ്‍ ഹാന്‍ഡ് ബാഗില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തുന്നത്. ലോബ്സ്റ്ററുകളുടേയും വിമാനങ്ങളുടേയും ഡോള്‍ഫിനുകളുടേയുമെല്ലാം അകൃതിയില്‍ ലൂയി വിറ്റോണ്‍ പുറത്തിറക്കിയ ഹാന്‍ഡ് ബാഗുകള്‍ ട്രെന്‍ഡായിരുന്നു. 

പക്ഷേ ഓട്ടോറിക്ഷയുടെ രൂപത്തില്‍ ലൂയി വിറ്റോണിന്റെ ഹാന്‍ഡ് ബാഗ് എത്തിയത് ഏവരേയും കൗതുകത്തിലാക്കി. ഇന്റര്‍നെറ്റില്‍ ഇതിന്റെ വിഡിയോ വൈറലാവുകയും ചെയ്തു. ഈ ഹാന്‍ഡ് ബാഗ് കൗതുകമാവുന്നതിനൊപ്പം ഇന്ത്യന്‍ സംസ്‌കാരത്തെ പരിഹസിക്കുകയാണോ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. 
മിഡില്‍ ക്ലാസ് ഇന്ത്യയുടെ മുഖമായ ഓട്ടോറിക്ഷയെ ആഡംബര ഫാഷനായി ഉപയോഗിച്ച് ഇത്രയും വലിയ തുകയ്ക്ക് വില്‍ക്കുന്നതിനെ പരിഹസിച്ചുള്ള കമന്റുകളും വരുന്നുണ്ട്. ഒരു ഇന്ത്യന്‍ ഡിസൈനര്‍ ആണ് ഈ വിധം ഒരു ഹാന്‍ഡ് ബാഗ് പുറത്തിറക്കുന്നത് എങ്കില്‍ ഈ വിധം ശ്രദ്ധയും പ്രശംസയും ലഭിക്കുമോ എന്നും പലരും ചോദിക്കുന്നു.