രാജി അഭ്യൂഹങ്ങള്‍ക്കിടെ എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ ഡാന്‍ ബോംഗിനോയുമായി സംസാരിച്ചതായി ട്രംപ്

രാജി അഭ്യൂഹങ്ങള്‍ക്കിടെ എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ ഡാന്‍ ബോംഗിനോയുമായി സംസാരിച്ചതായി ട്രംപ്


വാഷിംഗ്ടണ്‍ : മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണ രേഖകള്‍ പുറത്തുവിടുന്നതു സംബന്ധിച്ച് നീതിന്യായ വകുപ്പും എഫ്ബിഐയും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെതുടര്‍ന്ന് എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടറും മുന്‍ റേഡിയോ അവതാരകനുമായ ഡാന്‍ ബോംഗിനോ രാജിക്കൊരുങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.  ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണ രേഖകള്‍ കൂടുതലായി പുറത്തുവിടേണ്ടതില്ല എന്ന നീതിന്യായ വകുപ്പിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഡാന്‍ ബോംഗിനോ എഫ്ബിഐ ഡയറക്ടര്‍ സ്ഥാനം ഉപേക്ഷിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ഞായറാഴ്ച ട്രംപിനെ സമീപിച്ച മാധ്യമ പ്രവര്‍ത്തകര്‍ ഡാന്‍ ബോംഗിനോ തന്നെയാണോ ഇപ്പോഴും എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ എന്ന് ചോദിച്ചപ്പോളാണ് താന്‍ ഡാന്‍ ബോംഗിനോയുമായി സംസാരിച്ച വിവരം പ്രസിഡന്റ് വെളിപ്പെടുത്തിയത്.  

ബോംഗിനോ 'നല്ല നിലയിലാണെന്ന്' ട്രംപ് പറഞ്ഞു.

'ഞാന്‍ അറിഞ്ഞു, ഇന്ന് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു, ഡാന്‍ ബോംഗിനോ, വളരെ നല്ല വ്യക്തിയാണ്. എനിക്ക് അദ്ദേഹത്തെ വളരെക്കാലമായി അറിയാം,' ട്രംപ് പറഞ്ഞു. 'ഞാന്‍ അദ്ദേഹത്തിന്റെ ഷോ പലതവണ ചെയ്തിട്ടുണ്ട്, അദ്ദേഹം ശരിക്കും മികച്ചതായി തോന്നി. അദ്ദേഹം നല്ല നിലയിലാണെന്ന് ഞാന്‍ കരുതുന്നു', പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

എപ്സ്റ്റീന്റെ കേസ് അവലോകനവുമായി ബന്ധപ്പെട്ട് എഫ്ബിഐയും ഡിഒജെയും ഭാവിയില്‍ പരസ്യമായി വെളിപ്പെടുത്തലുകള്‍ നടത്തേണ്ടതില്ലെന്ന് പദ്ധതിയിട്ടിരിക്കുന്നതായി പറയുന്ന ഒരു മെമ്മോയെച്ചൊല്ലിയുള്ള പ്രതിഷേധം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് രാജിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ബോംഗിനോ അടുത്തിടെ തന്റെ വിശ്വസ്തരോട് പറഞ്ഞതായി ഒന്നിലധികം സ്രോതസ്സുകളെ ഉദ്ധരിച്ച് ഈ ആഴ്ച ആദ്യം എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എഫ്.ബി.ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ഡാന്‍ ബോങ്കിനോയുടെ രാജി അഭ്യൂഹത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്  ഇന്ത്യന്‍ വംശജനും എഫ്.ബി.ഐ ഡയറക്ടറുമായ കാഷ് പട്ടേലും സ്ഥാനം ഒഴിയുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അറ്റോണി ജനറല്‍ പാം ബോണ്ടിയുമായുള്ള അഭിപ്രായവ്യത്യാസമാണ് സുപ്രധാന പദവിയില്‍നിന്നുള്ള കൂട്ടരാജിയിലേക്ക് നയിക്കുന്നതെന്നാണ് സൂചന.

അഭിഭാഷകനായ കാഷ്, ട്രംപിന്റെ അടുത്ത അനുയായി ആയാണ് അറിയപ്പെടുന്നത്. കശ്യപ് പട്ടേല്‍ എന്നാണ് പേരെങ്കിലും കാഷ് പട്ടേലെന്നാണ് അറിയപ്പെടുന്നത്



രാജി അഭ്യൂഹങ്ങള്‍ക്കിടെ എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ ഡാന്‍ ബോംഗിനോയുമായി സംസാരിച്ചതായി ട്രംപ്