രാജി അഭ്യൂഹങ്ങള്‍ തള്ളി കാഷ് പട്ടേല്‍; ട്രംപിനൊപ്പമുള്ള സേവനം ബഹുമതിയെന്ന് കുറിപ്പ്

രാജി അഭ്യൂഹങ്ങള്‍ തള്ളി കാഷ് പട്ടേല്‍; ട്രംപിനൊപ്പമുള്ള സേവനം ബഹുമതിയെന്ന് കുറിപ്പ്


വാഷിംഗ്ടണ്‍: താന്‍ ട്രംപ് ഭരണകൂടത്തില്‍ നിന്ന് രാജിവെയ്ക്കുന്നു എന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് എഫ്ബിഐ ഡയറക്ടറും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേല്‍. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പട്ടേല്‍ അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞത്. 
ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ സത്യമല്ല, ഒരിക്കലും ആയിരുന്നിട്ടുമില്ല. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പ്രസിഡന്റിനെ സേവിക്കുന്നത് ഒരു ബഹുമതിയാണ്. അദ്ദേഹം ആവശ്യപ്പെടുന്നിടത്തോളം കാലം താന്‍ അത് തുടരുമെന്ന് കാഷ്പട്ടേല്‍ കുറിച്ചു.

ജെഫ്രി എപ്‌സ്‌റ്റൈന്‍ കേസ് രേഖകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നീതിന്യായ വകുപ്പും എഫ്ബിഐയും തമ്മില്‍ കടുത്ത ഭിന്നതയും സംഘര്‍ഷവുമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലും ഡെപ്യൂട്ടി ഡയറക്ടര്‍ ഡാന്‍ ബോംഗിനോയും രാജിക്കൊരുങ്ങിയതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ഇത്തരം ഊഹാപോഹങ്ങള്‍ക്ക് സത്യവുമായി ബന്ധമില്ല എന്നാണ് പട്ടേല്‍ വിശദമാക്കിയത്. 

എപ്‌സ്‌റ്റൈന്‍ കേസുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി കൈകാര്യം ചെയ്യുന്നതില്‍ കാഷ് പട്ടേല്‍ അതൃപ്തനാണെന്നും, ഡെപ്യൂട്ടി ഡാന്‍ ബോംഗിനോ സ്ഥാനമൊഴിയുകയാണെങ്കില്‍ താനും രാജിവെക്കാന്‍ തയ്യാറാണെന്നും 'ഡെയ്‌ലി വയര്‍' റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പ്രതികരണവുമായി കാഷ് പട്ടേല്‍ രംഗത്തുവന്നത്. 

ഡാന്‍ ബോംഗിനോ സ്ഥാനമൊഴിയുന്നതു സംബന്ധിച്ച വാര്‍ത്തകള്‍ ഞായറാഴ്ച പ്രസിഡന്റ് ട്രംപ് തള്ളിയിരുന്നു. അദ്ദേഹത്തെ നേരില്‍ കണ്ടിരുന്നുവെന്നും അദ്ദേഹം നല്ല നിലയില്‍ ഇരിക്കുന്നുവെന്നും എന്തെങ്കിലും പ്രശ്‌നം ഉള്ളതായി തോന്നിയില്ലെന്നുമാണ് ട്രംപ് ഇത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്. 


രാജി അഭ്യൂഹങ്ങള്‍ തള്ളി കാഷ് പട്ടേല്‍; ട്രംപിനൊപ്പമുള്ള സേവനം ബഹുമതിയെന്ന് കുറിപ്പ്