ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരിക്കേറ്റതായി റിപ്പോര്‍ട്ട്

ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരിക്കേറ്റതായി റിപ്പോര്‍ട്ട്


ടെഹ്‌റാന്‍: കഴിഞ്ഞ മാസം ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഒന്നില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് നേരിയ പരിക്കേറ്റതായി റിപ്പോര്‍ട്ട്.

ജൂണ്‍ 16 ന്, ടെഹ്‌റാനിലെ ഒരു രഹസ്യ ഭൂഗര്‍ഭ കേന്ദ്രം ലക്ഷ്യമാക്കി ഇസ്രയേല്‍ സേന ബോംബാക്രമണം നടത്തിയപ്പോളായിരുന്നു പെസെഷ്‌കിയാന് പരുക്കേറ്റത്. പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അടിയന്തര യോഗം നടക്കുമ്പോളായിരുന്നു ആക്രമണമെന്ന് ഇറാന്റെ സ്‌റ്റേറ്റ് ഫാര്‍സ് വാര്‍ത്താ ഏജന്‍സി പറയുന്നു. 
പ്രസിഡന്റും മറ്റുള്ളവരും അടിയന്തര ഷാഫ്റ്റ് വഴി രക്ഷപ്പെട്ടപ്പോളാണ് അദ്ദേഹത്തിന്റെ കാലിന് പരിക്കേറ്റതെന്ന് പറയപ്പെടുന്നു.
റിപ്പോര്‍ട്ടിനെക്കുറിച്ച് ഇസ്രായേല്‍ പരസ്യമായി അഭിപ്രായം പറഞ്ഞിട്ടില്ല.

12 ദിവസത്തെ യുദ്ധത്തിനിടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോകള്‍ വടക്കുപടിഞ്ഞാറന്‍ ടെഹ്‌റാനിലെ ഒരു പര്‍വതനിരയില്‍ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ കാണിച്ചു.

യുദ്ധത്തിന്റെ നാലാം ദിവസത്തെ ആക്രമണങ്ങള്‍ അക്കാലത്ത് ഇറാന്റെ ഉന്നത നേതാക്കള്‍ ഉണ്ടായിരുന്ന ടെഹ്‌റാനിലെ ഒരു രഹസ്യ ഭൂഗര്‍ഭ കേന്ദ്രത്തെ ലക്ഷ്യമിട്ടായിരുന്നുവെന്ന വിവരം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

ഇസ്രായേല്‍ ആക്രമണത്തില്‍ ആറ് പ്രവേശന, എക്‌സിറ്റ് പോയിന്റുകളും വെന്റിലേഷന്‍ സംവിധാനവും തടസ്സപ്പെട്ടതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ഥാപനത്തിലേക്കുള്ള വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു  പക്ഷേ പെസെഷ്‌കിയന് സുരക്ഷിതമായി എത്താന്‍ കഴിഞ്ഞു.

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് ശേഷം ഇറാന്റെ ഏറ്റവും ഉയര്‍ന്ന തീരുമാനമെടുക്കല്‍ സ്ഥാപനമാണ് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍.

ഭരണമാറ്റം ലക്ഷ്യമിട്ട് ഇസ്രായേല്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് പെസെഷ്‌കിയാന്‍ കഴിഞ്ഞ ആഴ്ച, ആരോപിച്ചിരുന്നു. എന്നാല്‍ യുദ്ധത്തിന്റെ ലക്ഷ്യം ഭരണമാറ്റം അല്ല എന്ന് വ്യക്തമാക്കി ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഈ ആരോപണം നിഷേധിച്ചിരുന്നു.

അതേസമയം യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ ഇസ്രായേല്‍ പല ഉന്നത ഐആര്‍ജിസി, സൈനിക കമാന്‍ഡര്‍മാരെയും കൊലപ്പെടുത്തിയിരുന്നു.

ആക്രമണത്തിന് ശേഷം ആദ്യത്തെ 24 മണിക്കൂറെങ്കിലും തീരുമാനമെടുക്കല്‍ സംവിധാനങ്ങള്‍ സ്തംഭനാവസ്ഥയിലായിരുന്നുവെന്ന് ഇറാനിയന്‍ നേതാക്കള്‍ സമ്മതിക്കുന്നു.

ആയത്തുള്ള ഖമേനിയും  തങ്ങളുടെ ലക്ഷ്യമായിരുന്നുവെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. എന്നാല്‍ പുറം ലോകത്തില്‍ നിന്ന് വലിയതോതില്‍ ഒറ്റപ്പെട്ട ഒരു സുരക്ഷിത രഹസ്യ സ്ഥലത്തേക്ക് അദ്ദേഹത്തെ മാറ്റിയതോടെ അവര്‍ക്ക് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നഷ്ടപ്പെട്ടു.

ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരുടെയും കമാന്‍ഡര്‍മാരുടെയും സ്ഥാനം സംബന്ധിച്ച നിര്‍ണായക രഹസ്യ വിവരങ്ങള്‍ ഇസ്രായേല്‍ എങ്ങനെ ശേഖരിച്ചു എന്നത് ദുരൂഹമാണ്.
ജൂണ്‍ 13 ന്, ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ഒരു അപ്രതീക്ഷിത ആക്രമണം നടത്തിയിരുന്നു. 
ഇസ്രായേലിനെതിരെ വ്യോമാക്രമണങ്ങള്‍ നടത്തി തിരിച്ചടിച്ച ഇറാന്‍, ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ഇസ്രായേലിന്റെ ആരോപണം നിഷേധിക്കുകയും യുറേനിയം സമ്പുഷ്ടീകരണം സമാധാനപരമായ ആവശ്യങ്ങള്‍ക്കാണെന്ന് ആവര്‍ത്തിക്കുകയും ചെയ്യുകയാണ്.

ജൂണ്‍ 22 ന്, യുഎസ് വ്യോമസേനയും നാവികസേനയും മൂന്ന് ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമ, മിസൈല്‍ ആക്രമണങ്ങള്‍ നടത്തുകയുണ്ടായി.

 ആക്രമണത്തിലൂടെ ഇറാന്റെ ആണവകേന്ദ്രങ്ങളെ പൂര്‍ണമായും തകര്‍ത്തു എന്ന്് പിന്നീട് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.