കെന്റക്കി: കെന്റക്കിയിലെ ലെക്‌സിംഗ്ടണിലുള്ള റിച്ച്മണ്ട് റോഡ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ ഞായറാഴ്ച നടന്ന വെടിവെപ്പില്‍ 72 ഉം 32 ഉം വയസ്സുള്ള രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. അക്രമിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ രണ്ട് പുരുഷന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
അക്രമിക്ക് പള്ളിയിലെ ആളുകളുമായി ബന്ധമുണ്ടായിരുന്നിരിക്കാമെന്ന് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നതായി ലെക്‌സിംഗ്ടണ്‍ പോലീസ് മേധാവി ലോറന്‍സ് വെതേഴ്‌സ് ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടില്ല. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, കുടുംബത്തെ അറിയിക്കാത്തതിനാല്‍ പേര് വെളിപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
ഞായറാഴ്ച രാവിലെ 11:35ഓടെ ലെക്‌സിംഗ്ടണ്‍ വിമാനത്താവളത്തിന് സമീപത്തുനിന്നാണ് സംഭവങ്ങളുടെ ആരംഭം. ലൈസന്‍സ് പ്ലേറ്റ് റീഡര്‍ അലേര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് ഒരു സ്‌റ്റേറ്റ് ട്രൂപ്പര്‍ ടെര്‍മിനല്‍ ഡ്രൈവില്‍ ഒരു വാഹനം തടഞ്ഞു. പരിശോധനയ്ക്കിടെ അക്രമി സ്‌റ്റേറ്റ് ട്രൂപ്പറെ വെടിവെച്ച് രക്ഷപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ മറ്റൊരു വാഹനം തട്ടിയെടുത്ത് ഏകദേശം 15 മൈല്‍ അകലെയുള്ള റിച്ച്മണ്ട് റോഡ് ബാപ്റ്റിസ്റ്റ് പള്ളിയിലേക്ക് എത്തുകയായിരുന്നു.
പള്ളിയിലെത്തിയ ശേഷം അക്രമി രണ്ട് പുരുഷന്മാരെ വെടിവെച്ച് പരിക്കേല്‍പ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നും മറ്റൊരാള്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും വെതേഴ്‌സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് മൂന്ന് ഉേദ്യാഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ അക്രമി കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.
സംഭവത്തില്‍ പ്രതികരിച്ച് കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ സമൂഹമാധ്യമങ്ങളിലെത്തി. 'ഈ വിവേകശൂന്യമായ അക്രമ പ്രവര്‍ത്തനങ്ങളാല്‍ ബാധിക്കപ്പെട്ട എല്ലാവര്‍ക്കും വേണ്ടി ദയവായി പ്രാര്‍ത്ഥിക്കുക. ലെക്‌സിംഗ്ടണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കെന്റക്കി സ്‌റ്റേറ്റ് പോലീസിന്റെയും വേഗത്തിലുള്ള പ്രതികരണത്തിന് നമുക്ക് നന്ദി പറയാം,'- അദ്ദേഹം കുറിച്ചു.
വാര്‍ത്ത: സാം മാത്യു
