നിമിഷ പ്രിയയുടെ വധശിക്ഷ തടയുന്നതിന് ഇടപെടണം: നരേന്ദ്ര മോഡിക്കും ജയശങ്കറിനും കത്തയച്ച് പിണറായി

നിമിഷ പ്രിയയുടെ വധശിക്ഷ തടയുന്നതിന് ഇടപെടണം:  നരേന്ദ്ര മോഡിക്കും ജയശങ്കറിനും കത്തയച്ച് പിണറായി


ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ തടയുന്നതിന് നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും വിദേശകാര്യമന്ത്രി ജയശങ്കറിനും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂലൈ 16നാണ് വധശിക്ഷ നടപ്പാക്കാന്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞുവെന്നും വിഷയത്തില്‍ ഇന്ത്യന്‍ എംബസി അടിയന്തരമായി ഇടപെട്ട് നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. മുമ്പും ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ കത്തെഴുതിയിരുന്നു, വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി പ്രഖ്യാപിച്ചതോടെ കൂടുതല്‍ നയതന്ത്ര ഇടപെടലുകള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അവരുടെ അമ്മ നിരന്തരം കേന്ദ്രത്തെ സമീപിച്ച കാര്യവും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. ബ്ലഡ് മണി (ദയാധനം) ഉള്‍പ്പെടെ നല്‍കുന്നതുമായി ബന്ധപ്പെട്ട് യെമന്‍ പൗരന്റെ കുടുംബുമായി ചര്‍ച്ച നടത്താനുള്ള നടപടികള്‍ കൈകൊള്ളണമെന്നും മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ പ്രേമകുമാരി യെമന്‍ സര്‍ക്കാരിന് മുന്നില്‍ അപേക്ഷ നല്‍കിയിരുന്നു. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയും ബ്ലഡ് മണിയുടെ കാര്യത്തില്‍ സമവായത്തില്‍ എത്താനാകുമെന്നുമാണ് കുടുംബത്തിന്റെ പ്രതീക്ഷ. കേന്ദ്രത്തിന്റെ ഇടപെടലും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വീണ്ടും കത്തയച്ചത്.

അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ തടയുന്നതിന് നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി അടിയന്തരമായി കേള്‍ക്കുന്നത്. നിയമപ്രകാരം ഇരയുടെ കുടുംബം ദയാധനം സ്വീകരിക്കാന്‍ തയാറായാല്‍, കുറ്റം ചുമത്തപ്പെട്ടയാളെ വിട്ടയക്കണം. ഈ സാധ്യതകള്‍ പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നിമിഷ പ്രിയയെ രക്ഷിക്കാന്‍ ആവശ്യമായ നയതന്ത്ര ഇടപെടലുകള്‍ നടത്താന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യെമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയായ നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്.  തലാല്‍ അബ്ദുള്‍ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനാണ് മഹ്ദിയെ നിമിഷ പ്രിയ കൊലപ്പെടുത്തിയത്. 2017ലായിരുന്നു സംഭവം. പിന്നീട് നിമിഷ കുറ്റക്കാരിയാണെന്ന് പൊലീസ് കണ്ടെത്തുകയും, യെമന്‍ സുപ്രീം കോടതി വധശിക്ഷ ശരിവയ്ക്കുകയും ചെയ്തിരുന്നു.