പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെയും വിപണി മൂല്യത്തില്‍ കനത്ത ഇടിവ്

പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെയും വിപണി മൂല്യത്തില്‍ കനത്ത ഇടിവ്


മുംബൈ: ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെയും വിപണി മൂല്യത്തില്‍ കനത്ത ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂല്യം കണക്കാക്കിയാല്‍ നഷ്ടം 4,74,906 കോടിയാണ്. ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ക്കാണ്.പശ്ചിമേഷ്യയിലെ സംഘര്‍ഷവും വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 3884 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. റിലയന്‍സിന്റെ മാത്രം വിപണി മൂല്യത്തില്‍ 1,88,479 കോടിയുടെ നഷ്ടമാണ് നേരിട്ടത്. ഇതോടെ റിലയന്‍സിന്റെ മൊത്തം വിപണി മൂല്യം 18,76,718 കോടിയായി താഴ്ന്നു. എച്ച്ഡിഎഫ്‌സി ബാങ്കിന് ഉണ്ടായ നഷ്ടം 72,919 കോടിയാണ്. 12,64,267 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം താഴ്ന്നത്.

ഭാരതി എയര്‍ടെല്‍ 53,800 കോടി, ഐസിഐസിഐ ബാങ്ക് 47,461 കോടി, എല്‍ഐസി 33,490 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 27,525 കോടി, ഐടിസി 24,139 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. ഇന്‍ഫോസിസിന്റെ വിപണി മൂല്യത്തില്‍ മാത്രമാണ് നേട്ടം ഉണ്ടായത്. 4,629 കോടിയുടെ നേട്ടത്തോടെ ഇന്‍ഫോസിസിന്റെ വിപണി മൂല്യം 7,96,527 കോടിയായി ഉയര്‍ന്നു.