ഈന്തപ്പഴത്തില്‍ നിന്ന് സൗദി അറേബ്യയുടെ മിലാഫ് കോള; കൊക്കൊകോളയ്ക്കും പെപ്‌സിക്കും വെല്ലുവിളി

ഈന്തപ്പഴത്തില്‍ നിന്ന് സൗദി അറേബ്യയുടെ മിലാഫ് കോള; കൊക്കൊകോളയ്ക്കും പെപ്‌സിക്കും വെല്ലുവിളി


റിയാദ്:  കോള വിപണിയില്‍ വര്‍ഷങ്ങളായി ആധിപത്യം പുലര്‍ത്തുന്ന അമേരിക്കന്‍ കമ്പനികളുടെ കൊക്കൊകോളയ്ക്കും പെപ്‌സിക്കും വെല്ലുവിളിയായി സൗദി അറേബ്യ പുതിയ കോള പുറത്തിറക്കി. ഈന്തപ്പഴത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ലോകത്തെ ആദ്യത്തെ കോളയാണ് മിലാഫ് കോള എന്ന പേരില്‍ സൗദി വിപണിയിലിറക്കിയത്. റിയാദ് ഡേറ്റ്‌സ് ഫെസ്റ്റിവലിലാണ് മിലാഫ് കോള ആദ്യമായി അവതരിപ്പിച്ചത്.

സൗദിയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സബ്സിഡിയറിയായ തുറാത്ത് അല്‍മദീനയാണ് ഈ ഉത്പന്നത്തിന് പിന്നില്‍ .കോണ്‍സിറപ്പില്‍ നിന്നോ കരിമ്പിന്‍ പഞ്ചസാരയില്‍ നിന്നോ ഉത്പാദിപ്പിക്കുന്ന കോളകളില്‍ നിന്ന് മിലാഫ് കോളയെ വ്യത്യസ്തമാക്കുന്നത് ഇതില്‍ പഞ്ചസാര അടങ്ങിയിട്ടില്ല എന്നതാണ്.

പകരം ഈന്തപ്പഴത്തിന്റെ സൂപ്പര്‍ ഗുണങ്ങളെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. രുചിയിലും ഗുണത്തിലും വിട്ടുവീഴ്ചയില്ലാതെ പരമ്പരാഗത സോഫ്ട്  ഡ്രിങ്ക് വിപണിയില്‍ ആരോഗ്യപരമായ ഒരു ബദല്‍ സൃഷ്ടിക്കാന്‍ മിലാഫ് കോളയ്ക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

കമ്പനിയുടെ സിഇഒ ബാന്ദര്‍ അല്‍ ഖഹ്താനിയും സൗദി കൃഷി മന്ത്രി അബ്ദുല്‍റഹ്മാന്‍ അല്‍ ഫദ്‌ലിയും ചേര്‍ന്നാണ് മിലാഫ് കോള പുറത്തിറക്കിയത്. ' മിലാഫ് കോള ഒരു തുടക്കം മാത്രമാണ്. ഈന്തപ്പഴത്തില്‍ നിന്ന് കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നുവെന്നും കമ്പനി അറിയിച്ചു. റിയാദ് ഡേറ്റ് ഫെസ്റ്റിവലില്‍ മികച്ച പ്രതികരണമാണ് മിലാഫ് കോളയ്ക്ക് ലഭിച്ചിരിക്കുന്നത്.