എസ്ബിഐ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ ചോര്‍ന്നതായി സംശയം; 3,897 രേഖകളില്‍ വ്യക്തിഗത വിവരങ്ങള്‍

എസ്ബിഐ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ ചോര്‍ന്നതായി സംശയം; 3,897 രേഖകളില്‍ വ്യക്തിഗത വിവരങ്ങള്‍


ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ പ്രത്യക്ഷപ്പെട്ടതായി സംശയം. ഓണ്‍ലൈനില്‍ കണ്ടെത്തിയ ഏകദേശം 3.75 ലക്ഷം രേഖകളുടെ പ്രാഥമിക പരിശോധനയില്‍ 3,897 രേഖകളില്‍ വ്യക്തികളെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ കണ്ടെത്തിയതായി ബാങ്ക് അറിയിച്ചു. അതേസമയം, ഉപഭോക്താക്കളുടെ പണവും ബാങ്കിങ് ഇടപാടുകളും സുരക്ഷിതമാണെന്നും ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ വിവരച്ചോര്‍ച്ച ബാധിച്ചിട്ടില്ലെന്നും എസ്ബിഐ വ്യക്തമാക്കി.

ഒക്ടോബര്‍ 16ന് തങ്ങളുടെ ത്രെറ്റ് ഇന്റലിജന്‍സ് സേവനദാതാവ്, ഡിഫന്‍സ് സൈബര്‍ ഏജന്‍സി, ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-In) എന്നിവരില്‍നിന്ന് ലഭിച്ച മുന്നറിയിപ്പിനെ തുടര്‍ന്നാണ് ബാങ്ക് അന്വേഷണം ആരംഭിച്ചത്. എസ്ബിഐ ഉപഭോക്താക്കളുമായി ബന്ധമുള്ളതാകാമെന്ന് സംശയിക്കുന്ന വിവരങ്ങളാണ് ഡാര്‍ക്ക് വെബില്‍ കണ്ടെത്തിയത്.

പേര്, മൊബൈല്‍ നമ്പര്‍, ജനനത്തീയതി, ലിംഗം, ഇമെയില്‍ വിലാസം, താമസവിലാസം, ശാഖാ വിവരങ്ങള്‍, കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ഫയല്‍ (ഇകഎ) തിരിച്ചറിയല്‍ നമ്പറുകള്‍, ലീഡ് ഐഡികള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖകളിലുണ്ടെന്നാണ് ബാങ്കിന്റെ വെളിപ്പെടുത്തല്‍. വായ്പകളുമായും ഉപഭോക്തൃ ലീഡ് രേഖകളുമായും ബന്ധപ്പെട്ട ചില മെറ്റാഡാറ്റയും ഇതില്‍ ഉള്‍പ്പെടുന്നു.

പണത്തിന് ഭീഷണിയില്ലെന്ന് ബാങ്ക്

വിവരങ്ങള്‍ പുറത്തായെന്ന സംശയമുണ്ടെങ്കിലും ബാങ്കിന്റെ പ്രധാന പ്രവര്‍ത്തനങ്ങളെയോ സാമ്പത്തിക പ്രകടനത്തെയോ ബിസിനസ് തുടര്‍ച്ചയെയോ ഇത് ബാധിച്ചിട്ടില്ലെന്ന് എസ്ബിഐ അറിയിച്ചു. അക്കൗണ്ടുകളും പണവും ഇടപാടുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബാങ്ക് വ്യക്തമാക്കി.

സംഭവത്തെത്തുടര്‍ന്ന് സൈബര്‍ സുരക്ഷാ നടപടികളും വിവരച്ചോര്‍ച്ച നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളും സജീവമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ സ്വഭാവവും വ്യാപ്തിയും വിശദമായി പരിശോധിക്കുന്നതിനായി ഇഋഞഠകി അംഗീകൃത സ്വതന്ത്ര സൈബര്‍ സുരക്ഷാ ഏജന്‍സിയെയും നിയോഗിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം തുടരുകയാണെന്നും ആവശ്യമായ പരിഹാര, പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ബാങ്ക് അറിയിച്ചു.

3.8 ലക്ഷം രേഖകള്‍ ലഭിച്ചതായി ഹാക്കര്‍ സംഘം

'Siriusim' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍ സംഘം എസ്ബിഐയുമായി ബന്ധപ്പെട്ട ഏകദേശം 3.8 ലക്ഷം ഡാറ്റാ എന്‍ട്രികളും 2,722 PDF രേഖകളും കൈവശപ്പെടുത്തിയതായി അവകാശപ്പെട്ടിരുന്നു. ഒക്ടോബര്‍ 16ന് സൈബര്‍ സുരക്ഷാ നിരീക്ഷണ അക്കൗണ്ടായ CyberPulse56 ആണ് ഈ അവകാശവാദം ശ്രദ്ധയില്‍പ്പെടുത്തിയത്.

എന്നാല്‍ ഹാക്കര്‍ സംഘത്തിന്റെ അവകാശവാദത്തിലെ എല്ലാ വിവരങ്ങളും യഥാര്‍ഥമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിവരങ്ങള്‍ യഥാര്‍ഥമാണെങ്കില്‍ വ്യക്തിത്വം മോഷ്ടിക്കല്‍, ലക്ഷ്യമിട്ടുള്ള ഫിഷിങ് ആക്രമണങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍, വ്യാജ വായ്പാ അപേക്ഷകള്‍ തുടങ്ങിയവയ്ക്ക് അവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്.

ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം

അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. ബാങ്കില്‍നിന്നാണെന്ന് അവകാശപ്പെട്ട് വിളിക്കുന്നവര്‍ക്കോ സന്ദേശമയക്കുന്നവര്‍ക്കോ ഒടിപി, പാസ്‌വേഡ്, എടിഎം കാര്‍ഡ് വിവരങ്ങള്‍ എന്നിവ കൈമാറരുത്. അക്കൗണ്ട് സ്ഥിരീകരിക്കാനോ വിവരങ്ങള്‍ പുതുക്കാനോ ആവശ്യപ്പെടുന്ന സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതും ഒഴിവാക്കണം.

അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റുകളും ഇടപാട് അലര്‍ട്ടുകളും പതിവായി പരിശോധിക്കണം. സംശയകരമായ ഇടപാടുകളോ സന്ദേശങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ എസ്ബിഐയുടെ ഔദ്യോഗിക ഹെല്‍പ്‌ലൈന്‍ വഴിയോ ബാങ്ക് ശാഖയിലൂടെയോ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം.