ചെന്നൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ചുറ്റിപ്പറ്റിയുള്ള അതിരൂക്ഷ പ്രചാരണത്തെ ചോദ്യം ചെയ്ത് സോഹോ കോർപറേഷൻ സ്ഥാപകൻശ്രീധർ വെമ്പു വീണ്ടും രംഗത്ത്. എഐ യഥാർത്ഥത്തിൽ ഉൽപ്പാദനക്ഷമതയിൽ വലിയ മാറ്റമുണ്ടാക്കുന്നില്ലെന്നും, തൊഴിലാളികളെ പിരിച്ചുവിടാൻ കമ്പനികൾ ഉപയോഗിക്കുന്ന 'സൗകര്യപ്രദമായ വിശദീകരണം' മാത്രമായി അത് മാറുകയാണെന്നും അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി ലോകത്തെ പ്രമുഖ ടെക് കമ്പനികൾ എഐ ലക്ഷക്കണക്കിന് ജോലികൾ ഇല്ലാതാക്കുമെന്നും ഓഫീസ് ജോലികളുടെ വലിയൊരു ഭാഗം യന്ത്രങ്ങൾ ഏറ്റെടുക്കെന്നും ആവർത്തിച്ചു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കമ്പനികൾ വൻതോതിൽ നിക്ഷേപം നടത്തുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. എന്നാൽ യഥാർത്ഥത്തിൽ സാമ്പത്തിക സമ്മർദവും ചെലവ് കുറയ്ക്കലുമാണ് ഇതിന് പിന്നിലെന്നാണ് വേമ്പുവിന്റെ വാദം.
'ജോലി നഷ്ടങ്ങൾക്ക് എഐയെ കുറ്റപ്പെടുത്തുന്നത് കമ്പനികൾക്ക് ഇരട്ട നേട്ടമാണ്. ചെലവ് കുറയ്ക്കാനും ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന കമ്പനിയെന്ന പ്രതിഛായ സൃഷ്ടിക്കാനും അതിലൂടെ കഴിയുന്നു,' എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്.
എഐ രംഗത്തെ വൻ നിക്ഷേപങ്ങളെക്കുറിച്ചും വേമ്പു മുന്നറിയിപ്പ് നൽകി. 'എഐ നിക്ഷേപ കുമിള ഇപ്പോൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്നുണ്ടാകാം. പക്ഷേ അത് എന്നും തുടരില്ല,' അദ്ദേഹം പറഞ്ഞു. ഐഫോൺ വിപ്ലവം ഉണ്ടായിട്ടും 2008 ലെ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനായില്ലെന്ന ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി.
സോഫ്റ്റ്‌വെയർ രംഗത്ത് എഐ പത്ത് മടങ്ങ് ഉൽപ്പാദനക്ഷമത വർധിപ്പിക്കുമെന്ന വാദത്തെയും വേമ്പു സംശയത്തോടെയാണ് കാണുന്നത്. നൂറുകണക്കിന് ബില്യൺ ഡോളറുകളുടെ നിക്ഷേപം നടക്കുമ്പോഴും യാഥാർത്ഥ്യത്തിൽ അത്ര വലിയ മാറ്റം കാണുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഇതിനിടെ, സാം ആൾട്ട്മാൻ അടക്കമുള്ള പ്രമുഖ ടെക് നേതാക്കളും ജോലികളെ പൂർണമായി എഐ ഇല്ലാതാക്കുമെന്ന മുൻ നിലപാടിൽ നിന്ന് പിന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് വേമ്പുവിന്റെ പരാമർശങ്ങൾ ശ്രദ്ധ നേടുന്നത്.
'എഐ കൊണ്ട് വലിയ നേട്ടമില്ല'; ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനികൾക്ക് പുതിയ കാരണം മാത്രമെന്ന് ശ്രീധർ വേമ്പു
