എ.ഐ ഡിജിറ്റല്‍ സുന്ദരികള്‍ക്കായുള്ള സൗന്ദര്യ മത്സരത്തിലെ ആദ്യ പത്ത് സ്ഥാന പട്ടിക പുറത്ത്

എ.ഐ ഡിജിറ്റല്‍ സുന്ദരികള്‍ക്കായുള്ള സൗന്ദര്യ മത്സരത്തിലെ ആദ്യ പത്ത് സ്ഥാന പട്ടിക പുറത്ത്


ലണ്ടന്‍: നിര്‍മിത ബുദ്ധി(എ.ഐ.)യുടെ സഹായത്തോടെ സൃഷ്ടിക്കപ്പെട്ട ഡിജിറ്റല്‍ സുന്ദരികള്‍ക്കായുള്ള സൗന്ദര്യ മത്സരത്തിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടംപിടിച്ചവരുടെ പ്രസിദ്ധീകരിച്ചു. 16.7 ലക്ഷം രൂപയാണു സമ്മാനത്തുക. ഫാന്‍വ്യൂ വേള്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്രിയേറ്റര്‍ അവാര്‍ഡിന് 1,500 അപേക്ഷകളാണു ലഭിച്ചത്. അവരില്‍ ഫൈനലില്‍ പ്രവേശനം ലഭിച്ചത് 10 'സുന്ദരി'കള്‍ക്ക്.

യഥാര്‍ഥ മോഡലുകളല്ല മത്സരത്തില്‍ പങ്കെടുക്കുന്നത്. എ.ഐ. സഹായത്തോടെ തയാറാക്കിയ ചിത്രങ്ങളാണു മത്സരിക്കുന്നത്.

ചുവന്ന മുടിയുള്ള 'ട്രാവല്‍ ഇന്‍ഫ്ലുവന്‍സര്‍' ഒലിവിയ സി മുതല്‍ തുര്‍ക്കി മോഡല്‍ അസെന ഇലിക് വരെയുള്ളവാണു മത്സരാര്‍ഥികള്‍. വിജയികളെ സാങ്കേതികത്തികവും സാമൂഹിക മാധ്യമങ്ങളിലെ സ്വാധീനവും അടിസ്ഥാനമാക്കിയാകും നിശ്ചയിക്കുകയെന്നു ഫാന്‍വ്യൂ സഹസ്ഥാപകന്‍ വില്‍ മൊണാഞ്ചെ അറിയിച്ചു. ഓസ്‌കറിന് സമാനമായ മത്സരമാണു പ്രതീക്ഷിക്കുന്നതെന്നും മൊണാഞ്ചെ പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ എ.ഐ. മോഡലുകള്‍ തരംഗമാണ്. ഇത്തരം സുന്ദരികളെ സൃഷ്ടിച്ചു പ്രതിമാസം 8.34 ലക്ഷം രൂപ സമ്പാദിക്കുന്നവരുണ്ട്.
മിസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കിരീടം നേടാന്‍ മത്സരിക്കുന്ന 10 സാങ്കല്‍പ്പിക വനിതകള്‍ ഇവരാണ്.

ഒലിവിയ സി

ഒലിവിയ സിയ്ക്ക് ഇതുവരെ 10,000 ലധികം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുണ്ട്. സഞ്ചാരിയെന്ന നിലയിലാണ് അവളെ തയാറാക്കിയിരിക്കുന്നത്. 'യഥാര്‍ത്ഥ ലോകത്തിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യാത്രക്കാരി' എന്നാണു വിശേഷണം. സഞ്ചാരത്തിനിടയിലെ ചിത്രങ്ങളെന്ന നിലയിലാണു ഒലിവിയയുടെ ഫോട്ടോകള്‍ തയാറാക്കിയിരിക്കുന്നത്. അവള്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍, കഴിക്കുന്ന ഭക്ഷണം, കാഴ്ചകള്‍ എന്നിവ ആരാധകരെ ആകര്‍ഷിക്കുന്നു. എഐഇമേജ് ജനറേറ്റര്‍ മിഡ്ജൗര്‍ണി ഉപയോഗിച്ചാണ് ഒലിവിയയെ സൃഷ്ടിച്ചത്. അഡോബ് എഐ ഉപയോഗിച്ച് മാറ്റവും വരുത്തിയിട്ടുണ്ട്.

കെന്‍സ ലെയ്ലി

ഇന്‍സ്റ്റാഗ്രാമില്‍ 1,90,000 ഫോളോവേഴ്സാണു കെന്‍സ ലെയ്ലിക്കുള്ളത്. മൊറോക്കോയിലെ വനിതകളുടെ പ്രതിനിധിയാണത്രേ അവള്‍. കാര്‍ ഓടിക്കുക, ലൈബ്രറി സന്ദര്‍ശിക്കുക തുടങ്ങിയ നിലയിലാണു ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുന്നത്. ആരാധകരോട് തത്സമയം പ്രതികരിക്കാന്‍ കഴിയുന്ന ഒരു ചാറ്റ്ബോട്ട് എ.ഐ. സഹായത്തോടെ സൃഷ്ടാക്കള്‍ തയാറാക്കിയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമിലും ടിക് ടോക്കിലും ഏഴ് ഭാഷകളില്‍ തല്‍ക്ഷണം സംസാരിക്കാനും കെന്‍സയ്ക്കു കഴിയും.

ആന്‍ കെര്‍ഡി

ഒരു ഇന്‍ഫ്ളുവന്‍സര്‍ അല്ലെങ്കില്‍ മോഡല്‍ എന്ന നിലയിലാണു ആനിന്റെ തുടക്കം. ഫ്രഞ്ച് പ്രദേശമായ ബ്രിട്ടാനിയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ആനിയുടെ പ്രാഥമിക ലക്ഷ്യമെന്നു നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ആ പ്രദേശത്തിന്റെ അംബാസഡറായി ആനിനെ കാണുന്നവരുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ 9,800 ഫോളോവേഴ്സാണുള്ളത്.

സാറാ ശതാവരി

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണു സാറാ ശതാവരിയെ സൃഷ്ടിച്ചത്. 'ഹെര്‍മോണസ്' എന്ന പ്രകൃതിദത്ത ഹോര്‍മോണ്‍ സപ്ലിമെന്റ് പ്രോത്സാഹിപ്പിക്കുന്നതിനായാണു സാറയെ തയാറാക്കിയത്. ഇന്‍സ്റ്റാഗ്രാമില്‍ അവള്‍ക്ക് 6,000 ഫോളോവേഴ്സുണ്ട്. യാത്രയുടെയും ഫാഷന്റെയും ഭക്ഷണത്തിന്റെയും ആരോഗ്യ ബോധമുള്ള ആരാധികയാണു സാറ.
സാറയുടെ സൃഷ്ടാക്കള്‍ ഇന്ത്യയിലെ സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന്റെ ആവശ്യം തിരിച്ചറിയുകയും ചുറ്റുമുള്ള പ്രേക്ഷകരുമായി വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുകയും ചെയ്തുവെന്ന് ഫോസെറ്റ് പറയുന്നു.

അയ്യാന റെയിന്‍ബോ

റൊമാനിയന്‍ 'ബൈക്കര്‍ ബേബി', ഡിജെ അയാന റെയിന്‍ബോ എന്നീ പേരുകളിലും അയ്യാന റെയിന്‍ബോ അറിയപ്പെടും. വര്‍ക്ക്ഔട്ട് ഫോട്ടോകളിലൂടെയാണു അയ്യാന സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായത്. എല്‍.ജി.ബി.ടി. സമൂഹത്തിനു സ്വീകാര്യത ലഭിക്കുകയാണ് അയ്യാനയുടെ ലക്ഷ്യം.

ലാലിന

തങ്ങളുടെ ചിത്രങ്ങള്‍ എത്രത്തോളം യാഥാര്‍ത്ഥ്യബോധമുള്ളതാണെന്ന് പരീക്ഷിക്കുന്നതിനാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ നിര്‍മിച്ചതെന്ന് ലാലിനയുടെ സൃഷ്ടാക്കള്‍ പറയുന്നു.
ലക്ഷ്യങ്ങള്‍ ഇപ്പോള്‍ മാറിയെന്ന് അവര്‍ സമ്മതിക്കുന്നു. വ്യത്യസ്ത സംസ്‌കാരങ്ങളും വീക്ഷണങ്ങളും തമ്മിലുള്ള ധാരണ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണത്രേ ലാലിനയെ ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ് 93,200 ഫോളോവേഴ്സുണ്ട് ലാലിനയ്ക്ക്.

സെറന്‍ അയ്

തുര്‍ക്കിയുടെ എ.ഐ. ബ്രാന്‍ഡ് അംബാസഡര്‍ എന്നാണു സെറന്‍ എയ്ക്കുള്ള വിശേഷണം. ഇന്‍സ്റ്റാഗ്രാമില്‍ 11,000 ഫോളോവേഴ്സുണ്ട്. മൂന്ന് വ്യത്യസ്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമുകള്‍ ഉപയോഗിച്ച് അവളുടെ ചിത്രങ്ങള്‍ സൃഷ്ടിക്കുന്നത്. 'ടൈം ട്രാവലര്‍'കൂടിയാണ് അവള്‍. തുര്‍ക്കിയുടെ ആദ്യ പ്രസിഡന്റ് മുസ്തഫ കെമാല്‍ തുടങ്ങി ദിനോസറുകള്‍ വരെയുള്ളവയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അസെന ഇലിക്

തുര്‍ക്കി സ്വദേശിനിയെന്നാണു അസെനയ്ക്കു വിശേഷണം. ഇന്‍സ്റ്റാഗ്രാമില്‍ 29,200 ഫോളോവേഴ്സാണുള്ളത്. അസീന ലോകം ചുറ്റുന്നതും കാറുകള്‍ ഓടിക്കുന്നതും ബഹിരാകാശം സന്ദര്‍ശിക്കുന്നതുമൊക്കെയാണു എ.ഐ. തയാറാക്കിയ ചിത്രങ്ങളിലുള്ളത്. ജീവിച്ചിരിക്കുന്നതും മരിച്ചതുമായ സെലിബ്രിറ്റികളും അസെന പലപ്പോഴും തന്റെ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.

എലിസ ഖാന്‍

ബംഗ്ളാദേശിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ഫ്ളുവന്‍സര്‍മാരില്‍ ഒരാളാണ് എലിസ. എ.ഐ. സൃഷ്ടികളില്‍ തമാശ പറയാനുള്ള കഴിവ് അവള്‍ക്കുണ്ട്. 'ഫാഷനിസ്റ്റ്' എന്നാണു വിശേഷണം. ഇന്‍സ്റ്റഗ്രാമില്‍ അവള്‍ക്ക് 13,000 ഫോളോവേഴ്സുണ്ട്.

ഐല്യ ലൂ

'ജാപ്പനീസ്- ആഫ്രോ -ബ്രസീലിയന്‍ കലാകാരി' എന്നാണ് ഐല്യ ലൂവിന്റെ വിശേഷണം. ഐല്യ നായികയായി അഭിനയിക്കുന്ന നിരവധി ചലച്ചിത്ര സംരംഭകരുണ്ട്. ഐല്യയുടെ ചിത്രങ്ങള്‍ പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് നല്‍കിയ ടെക്സ്റ്റ് പ്രോംപ്റ്റുകളില്‍നിന്നു സൃഷ്ടിക്കപ്പെട്ടതാണെന്നും അവളുടെ സൃഷ്ടാവ് പറയുന്നു.
10,800 ഫോളോവേഴ്സാണ് അവള്‍ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.