നിത്യതയില്‍ അലിഞ്ഞ് എം ടി

നിത്യതയില്‍ അലിഞ്ഞ് എം ടി


കോഴിക്കോട്: എം ടി വാസുദേവന്‍ നായര്‍ ഇനി അദ്ദേഹത്തിന്റെ എഴുത്തിലും സാഹിത്യ പ്രേമികളുടെ ഹൃദയത്തിലും ജീവിക്കും. കോഴിക്കോട് സ്മൃതിപഥം ശ്മശാനത്തിലാണ് എം ടിയുടെ സംസ്‌കാരം നടത്തിയത്. 

എം ടിയുടെ സഹോദരന്റെ മകന്‍ ടി സതീശന്‍ ചിതയ്ക്ക് തീകൊളുത്തി. എം ടിയുടെ മകള്‍ അശ്വതി, മരുമക്കളായ എം ടി. രാമകൃഷ്ണന്‍, എം ടി രാജീവ്, ബന്ധുക്കളായ മോഹന്‍ നായര്‍, ദീപു മോഹന്‍, ടി സതീശന്‍ എന്നിവര്‍ ചേര്‍ന്നാണ് മതപരമായ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. ഞായറാഴ്ചയാണ് സഞ്ചയനം.

ബുധനാഴ്ച രാത്രി 10 മണിയോടെയാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എം ടി വാസുദേവന്‍ നായര്‍ അന്തരിച്ചത്. അദ്ദേഹത്തിന്റെ ഭൗതികദേഹം കോഴിക്കോട് നടക്കാവിലെ വസതിയായ സിതാരയില്‍ വ്യാഴാഴ്ച വൈകിട്ട് നാലു വരെ അന്ത്യദര്‍ശനത്തിന് ശേഷമാണ് സംസ്‌ക്കാരത്തിനായി എടുത്തത്. 

എം ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. തന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ച് ആളുകളെ ബുദ്ധിമുട്ടിക്കരുതെന്നും റോഡുകളില്‍ വാഹനഗതാഗതം തടസപ്പെടരുതെന്നും കര്‍ശനമായി പറഞ്ഞ എം ടിയുടെ ആഗ്രഹത്തിനൊപ്പം കുടുംബം നിന്നെങ്കിലും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്‌നേഹപൂര്‍വമായ സമ്മര്‍ദത്തിന് വഴങ്ങി സിതാരയില്‍ അന്ത്യദര്‍ശനം ഒരുക്കുകയായിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള, മോഹന്‍ലാല്‍, എഴുത്തുകാരന്‍ എം മുകുന്ദന്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, സജി ചെറിയാന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി അബ്ദുറഹിമാന്‍, നേതാക്കളായ എം വി ഗോവിന്ദന്‍, കെ കെ ശൈലജ, ഇ പി ജയരാജന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, ഷാഫി പറമ്പില്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുരേന്ദ്രന്‍, സംവിധായകന്‍ ഹരിഹരന്‍, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, നടന്‍ വിനീത്, ജോയ് മാത്യു, കുട്ട്യേടത്തി വിലാസിനി തുടങ്ങി നിരവധി പ്രമുഖര്‍ എം ടിയെ അവസാനമായി ഒരുനോക്കു കാണാനായി എത്തിയിരുന്നു.