കൊച്ചി: അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടന്‍ മമ്മൂട്ടി തന്റെ അതുല്യമായ അഭിനയമികവിലൂടെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളെന്ന സ്ഥാനമാണ് വീണ്ടും ഉറപ്പിച്ചിരിക്കുന്നത്. തന്റെ കഥാപാത്രങ്ങളോരോന്നിനേയും വ്യത്യസ്തമായ അവതരണശൈലിയിലൂടെ അനശ്വരമാക്കിയ മമ്മൂട്ടി മികച്ച നടനുള്ള നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ അപൂര്‍വ നേട്ടത്തിന്റെ ഉടമയാണ്. ഏറ്റവും ഒടുവില്‍ 'ബ്രഹ്മയുഗം' എന്ന ചിത്രത്തിലെ കുഞ്ചമണ്‍ പോറ്റിയെന്ന കഥാപാത്രത്തിന്റെ പ്രകടനത്തിനാണ് അദ്ദേഹത്തിന് നാലാമത് ദേശീയ പുരസ്‌കാരം ലഭിച്ചത്.
'ഒരു വടക്കന്‍ വീരഗാഥ', 'മതിലുകള്‍' (1989) ആദ്യ ദേശീയ പുരസ്‌കാരം
1989-ലെ 37-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍, 'ഒരു വടക്കന്‍ വീരഗാഥ', 'മതിലുകള്‍' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടി ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയത്.
എം ടി വാസുദേവന്‍ നായര്‍ തിരക്കഥ രചിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത 'ഒരു വടക്കന്‍ വീരഗാഥ'യില്‍ ചതിയനായി ചിത്രീകരിക്കപ്പെട്ടിരുന്ന ചന്തുവിനെ പുതിയ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പ്രകടനം നിരൂപക പ്രശംസ നേടി. സുരേഷ് ഗോപി, ബാലന്‍ കെ നായര്‍, ക്യാപ്റ്റന്‍ രാജു, ഗീത, രാജലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'മതിലുകള്‍', വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മകഥാപരമായ നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയത്. മുരളി, രവി വള്ളത്തോള്‍, ശ്രീനാഥ്, കരമന ജനാര്‍ദനന്‍ നായര്‍, തിലകന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചു.
'വിധേയന്‍', 'പൊന്തന്‍മാട' (1994) രണ്ടാം ദേശീയ പുരസ്‌കാരം
41-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍, 'വിധേയന്‍', 'പൊന്തന്‍മാട' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടി വീണ്ടും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയത്.
സക്കറിയയുടെ ഭാസ്‌ക്കര പട്ടേലരും എ്‌ന്റെ ജീവിതവും എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'വിധേയന്‍' അധികാരം, അടിമത്തം, ധാര്‍മ്മികത എന്നിവയുടെ മാനസിക തലങ്ങള്‍ ആവിഷ്‌കരിച്ച ചിത്രമാണ്. എം ആര്‍ ഗോപകുമാര്‍, തന്‍വി ആസ്മി, സബിത ആനന്ദ്, ബാബു നമ്പൂതിരി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.
ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത 'പൊന്തന്‍മാട' എന്ന ചിത്രം സി വി ശ്രീരാമന്റെ ശീമതമ്പുരാന്‍, പൊന്തന്‍മാട എന്നീ ചെറുകഥകളെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയത്. 1940-കളിലെ ബ്രിട്ടീഷ് ഭരണകാലത്തെ പശ്ചാത്തലമാക്കി, ഒരു സാധാരണ തൊഴിലാളിയും നാടുകടത്തപ്പെട്ട ബ്രിട്ടീഷ്- ഐറിഷ് ഭൂവുടമയും തമ്മിലുള്ള അസാധാരണ സൗഹൃദത്തിന്റെ കഥയാണ് ഈ സിനിമ പറഞ്ഞത്. നസറുദ്ദീന്‍ ഷാ, ശ്രീജയ നായര്‍, ലബോണി സര്‍ക്കാര്‍, ജനാര്‍ദനന്‍, വി കെ ശ്രീരാമന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചു.
'ഡോ. ബാബാസാഹേബ് അംബേദ്കര്‍' (2000) മൂന്നാം ദേശീയ പുരസ്‌കാരം
46-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍, ഇംഗ്ലീഷ് ഭാഷാ ജീവചരിത്ര ചിത്രമായ 'ഡോ. ബാബാസാഹേബ് അംബേദ്കര്‍' എന്ന സിനിമയിലെ പ്രകടനത്തിനാണ് മമ്മൂട്ടി മൂന്നാം ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ഈ പുരസ്‌കാരം അജയ് ദേവ്ഗണുമായി (സഖം) പങ്കിട്ടു.
ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത് നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (എന്‍ എഫ് ഡി സി) നിര്‍മ്മിച്ച ചിത്രത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ഡോ. ബി ആര്‍ അംബേദ്കറുടെ ജീവിതമാണ് അവതരിപ്പിച്ചത്. സൊണാലി കുല്‍ക്കര്‍ണി, മൃണാള്‍ കുല്‍ക്കര്‍ണി, ഗോവിന്ദ് നംദേവ്, മോഹന്‍ ഗോഖലെ, തിര്‍ലോക് മാലിക്, അഞ്ജന്‍ ശ്രീവാസ്തവ്, നവാസുദ്ദീന്‍ സിദ്ദിഖി, സുശാന്ത് സിങ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചു.
'ബ്രഹ്മയുഗം' (2024) നാലാം ദേശീയ പുരസ്‌കാരം
72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍, 'ബ്രഹ്മയുഗം' എന്ന ചിത്രത്തിലെ കുഞ്ചമണ്‍ പോറ്റിയുടെ അതുല്യ പ്രകടനത്തിനാണ് മമ്മൂട്ടി നാലാമതായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയത്. 'ചന്തു ചാമ്പ്യന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് പുരസ്‌കാരം നേടിയ കാര്‍ത്തിക് ആര്യനൊപ്പം അദ്ദേഹം പുരസ്‌കാരം പങ്കിട്ടു.
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോക് ഹൊറര്‍ ത്രില്ലറായ 'ബ്രഹ്മയുഗം' അന്തരീക്ഷവും പുരാണഘടകങ്ങളും മനഃശാസ്ത്രപരമായ അവതരണവും കൊണ്ട് രാജ്യവ്യാപകമായി പ്രശംസിക്കപ്പെട്ടു. ചിത്രത്തിന് മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ പുരസ്‌കാരവും ഷെഹ്നാദ് ജലാലിലൂടെ ലഭിച്ചു. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ലോകശ്രദ്ധ നേടിയ അഭിനയയാത്ര
നിയമവൃത്തിയില്‍ നിന്ന് സിനിമയിലേക്കെത്തിയ മമ്മൂട്ടി 1970-കളില്‍ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്. 'യവനിക' (1982) ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന് ശ്രദ്ധ നേടിക്കൊടുത്തപ്പോള്‍, 'ന്യൂഡല്‍ഹി' (1987) സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തി.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ശക്തമായ സാന്നിധ്യം അറിയിച്ച മമ്മൂട്ടി, 'രാജമാണിക്യം', 'ബിഗ് ബി', 'ഭീഷ്മ പര്‍വ്വം', 'കണ്ണൂര്‍ സ്‌ക്വാഡ്' തുടങ്ങിയ ചിത്രങ്ങളിലൂടെ തലമുറകളെ ആവേശത്തിലാഴ്ത്തിയ അഭിനയപ്രതിഭയായി ഇന്നും തിളങ്ങി നില്‍ക്കുകയാണ്.
