അഞ്ച് പതിറ്റാണ്ട് സിനിമയെ സമ്പന്നമാക്കി; ഇന്ന് ചികിത്സയ്ക്കും പണമില്ലാതെ വൃദ്ധസദനത്തില്‍

അഞ്ച് പതിറ്റാണ്ട് സിനിമയെ സമ്പന്നമാക്കി; ഇന്ന് ചികിത്സയ്ക്കും പണമില്ലാതെ വൃദ്ധസദനത്തില്‍


മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 170-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച് അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതം പിന്നിട്ട മുതിര്‍ന്ന നടന്‍ മോഹന്‍ ശര്‍മ്മ ഇന്ന് കഴിയുന്നത് തമിഴ്‌നാട്ടിലെ ഒരു വൃദ്ധസദനത്തില്‍. വാര്‍ധക്യവും ആരോഗ്യപ്രശ്‌നങ്ങളും സ്ഥിരവരുമാനമില്ലായ്മയും കാരണം ചികിത്സാ ചെലവുകള്‍ പോലും കണ്ടെത്താന്‍ പ്രയാസപ്പെടുകയാണെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തലാണ് ജീവിതത്തിന്റെ ഈ ദുരവസ്ഥ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തിച്ചത്.

76-കാരനായ മോഹന്‍ ശര്‍മ്മ അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ പ്രതിസന്ധികള്‍ തുറന്നുപറഞ്ഞത്. വര്‍ഷങ്ങളോളം വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന ഒരു നടന് ഇന്ന് മറ്റുള്ളവരുടെ സഹായം തേടേണ്ടിവരുന്ന സാഹചര്യം ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത് വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്.

രജനികാന്തിന്റെ സഹായഹസ്തം

മോഹന്‍ ശര്‍മ്മയുടെ അവസ്ഥ അറിഞ്ഞ ഉടന്‍ തന്നെ സഹായവുമായി എത്തിയത് തമിഴ് സൂപ്പര്‍താരം രജനികാന്ത് ആയിരുന്നു. ചികിത്സയ്ക്കും ദൈനംദിന ചെലവുകള്‍ക്കുമായി അദ്ദേഹം ഒരു ലക്ഷം രൂപ കൈമാറി. രജനികാന്തിന്റെ ഈ ഇടപെടല്‍ സിനിമാരംഗത്തും സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായ അഭിനന്ദനമാണ് നേടിയത്.

നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന മോഹന്‍ ശര്‍മ്മയ്ക്ക് പ്രതിമാസം ഏകദേശം 40,000 രൂപ ചികിത്സയ്ക്കും ജീവിതച്ചെലവുകള്‍ക്കുമായി ആവശ്യമാണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് സ്ഥിരമായ വരുമാനമൊന്നുമില്ല. 2020-ല്‍ പുറത്തിറങ്ങിയ ഫോറന്‍സിക് എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

അനശ്വര കഥാപാത്രങ്ങള്‍ സമ്മാനിച്ച നടന്‍

1970-കളില്‍ അഭിനയരംഗത്തെത്തിയ മോഹന്‍ ശര്‍മ്മ മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ചട്ടക്കാരി, നെല്ല്, അക്കരൈ പച്ചൈ, പ്രയാണം, ചുവന്ന സന്ധ്യകള്‍, തൂണ്ടില്‍ മീന്‍, നാടകമേ ഉലകം, കാന്തവലയം, സാഗര സംഗമം, വേട്ട, സ്വയംവരം, ദാദാസാഹിബ്, ഫ്രണ്ട്‌സ്, കുബേരന്‍, പാര്‍ത്തിബന്‍ കനവ്, പ്രിയമാന തോഴി, സച്ചിന്‍, മായാമോഹിനി, മാമാങ്കം, ഫോറന്‍സിക് തുടങ്ങി നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ അഭിനയമികവിന്റെ തെളിവുകളാണ്.

അഭിനേതാവ് എന്നതിലുപരി സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ സംവിധായകരോടും ഇന്ത്യന്‍ സിനിമയിലെ നിരവധി സൂപ്പര്‍താരങ്ങളോടും ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഈ കലാകാരന്‍ ഇന്ന് ഒറ്റപ്പെടലിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും നടുവിലാണ്. ഗൗരവവും വൈകാരികതയും സമന്വയിപ്പിച്ച കഥാപാത്രങ്ങളെ അനായാസം അവതരിപ്പിക്കുന്ന നടനെന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ടായിരുന്നു.

വ്യക്തിജീവിതവും വഴിത്തിരിവുകളും

ചട്ടക്കാരി, രാഗം, പ്രയാണം എന്നീ ചിത്രങ്ങളിലെ സഹതാരമായിരുന്ന നടി ലക്ഷ്മിയെയാണ് മോഹന്‍ ശര്‍മ്മ ആദ്യം വിവാഹം ചെയ്തത്. 1975-ല്‍ വിവാഹിതരായ ഇരുവരും അഞ്ച് വര്‍ഷത്തിന് ശേഷം വേര്‍പിരിഞ്ഞു. പിന്നീട് ശാന്തിയെയാണ് അദ്ദേഹം വിവാഹം ചെയ്തത്.


അഞ്ച് പതിറ്റാണ്ട് സിനിമയെ സമ്പന്നമാക്കി; ഇന്ന് ചികിത്സയ്ക്കും പണമില്ലാതെ വൃദ്ധസദനത്തില്‍

'ഗ്രാമം' സമ്മാനിച്ചത് അംഗീകാരവും കടബാധ്യതയും

തന്റെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത് ദേശീയ ശ്രദ്ധ നേടിയ ദ്വിഭാഷാ ചിത്രം ഗ്രാമം/ നമ്മ ഗ്രാമം ആണെന്ന് മോഹന്‍ ശര്‍മ്മ പറയുന്നു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയെങ്കിലും ചിത്രത്തിന്റെ നിര്‍മാണവും റിലീസും അദ്ദേഹത്തെ കനത്ത സാമ്പത്തിക ബാധ്യതയിലേക്കാണ് തള്ളിവിട്ടത്.

'ചിത്രത്തിന്റെ ആദ്യ ബജറ്റ് 1.25 കോടി രൂപയായിരുന്നു. പക്ഷേ അവസാനം അത് രണ്ട് കോടി രൂപ കടന്നു. തിയേറ്റര്‍ ചെലവുകളും പരസ്യങ്ങളും പ്രചാരണ സാമഗ്രികളും ഉള്‍പ്പെടെ പല കാര്യങ്ങള്‍ക്കും സ്വന്തം കൈയില്‍ നിന്ന് പണം ചെലവഴിക്കേണ്ടിവന്നു,' അദ്ദേഹം പറഞ്ഞു.

കടങ്ങള്‍ വീട്ടാന്‍ ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള സ്വന്തം ഫ്‌ളാറ്റ് പോലും വില്‍ക്കേണ്ടിവന്നതായി അദ്ദേഹം പറയുന്നു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ നിര്‍ദേശപ്രകാരമാണ് ആ ഫ്‌ളാറ്റ് വാങ്ങിയതെന്നും പിന്നീട് കടബാധ്യതകള്‍ തീര്‍ക്കാന്‍ അത് വിറ്റഴിക്കേണ്ടിവന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു.

വയോധിക കലാകാരന്മാരുടെ സുരക്ഷ വീണ്ടും ചര്‍ച്ചയാകുന്നു

മോഹന്‍ ശര്‍മ്മയുടെ ജീവിതാവസ്ഥ, വാര്‍ധക്യത്തില്‍ നിരവധി കലാകാരന്മാര്‍ നേരിടുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്കാണ് വീണ്ടും വിരല്‍ചൂണ്ടുന്നത്. പ്രശസ്തിയും അംഗീകാരവും നേടിയ ഒരു കലാജീവിതം പോലും വാര്‍ധക്യത്തില്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നില്ലെന്ന യാഥാര്‍ഥ്യമാണ് അദ്ദേഹത്തിന്റെ ജീവിതകഥ ഓര്‍മിപ്പിക്കുന്നത്.

രജനികാന്തിന്റെ സഹായത്തിന് പിന്നാലെ ആരാധകരും സിനിമാസ്‌നേഹികളും വിവിധ രീതിയില്‍ സഹായഹസ്തം നീട്ടുന്നുണ്ടെന്നത് മാത്രമാണ് ഈ ഘട്ടത്തിലെ ആശ്വാസം.