മുംബൈ : പ്രമുഖ ഹാസ്യനടനും ടെലിവിഷന്‍ താരവുമായ സതീഷ് ഷാ (74) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖങ്ങള്‍ മൂലമുള്ള അവയവ പ്രവര്‍ത്തന തകരാര്‍ ആയിരുന്നു മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ശനിയാഴ്ച പുലര്‍ച്ചെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം. പെട്ടെന്നുണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സനിമയിലും ടെലവിഷന്‍ സ്ക്രീനിലും നിറഞ്ഞുനിന്ന താരമാണ് സതീഷ് ഷാ.
ഹാസ്യഭാവങ്ങള്‍ നിറഞ്ഞ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടിയ സതീഷ് ഷാ, ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത് ഹിറ്റ് ടി.വി. സീരീസായ സാരാഭായി വേഴ്സസ് സാരാഭായിയിലെ തന്റെ കഥാപാത്രം മൂലമാണ്.
അദ്ദേഹം അഭിനയിച്ച ശ്രദ്ധേയമായ സിനിമകളില്‍ 'മൈന്‍ ഹൂ നാ', 'ജാനേ ഭി ദോ യാരോ' എന്നിവ ഉള്‍പ്പെടുന്നു. ടെലിവിഷന്‍ മേഖലയിലും ബോളിവുഡിലും സമാനമായ വിജയം നേടിയ അപൂര്‍വ്വം നടന്മാരില് ഒരാളായിരുന്നു അദ്ദേഹം.
നടന്റെ നിര്യാണവാര്‍ത്ത സംവിധായകന് അശോക് പണ്ഡിറ്റ് ഇന്‍സ്റ്റാഗ്രാമിലൂടെ സ്ഥിരീകരിച്ചു.
'പ്രിയ സുഹൃത്തും മികച്ച നടനുമായ സതീഷ് ഷാ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. ഹിന്ദുജ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്. വേര്‍പാട് ഇന്ത്യന്‍ സിനിമാലോകത്തിന് വലിയ നഷ്ടമാണ്. ഓം ശാന്തി, എന്ന് പണ്ഡിറ്റ് പോസ്റ്റില്‍ രേഖപ്പെടുത്തി.
മുതിര്‍ന്ന ബോളിവുഡ് ഹാസ്യ നടന് സതീഷ് ഷാ അന്തരിച്ചു
