വിജയ് യുടെ അവസാന ചിത്രം 'ജനനായകന്‍' ജൂലൈ 24ന്; മകന്‍ ജേസണ്‍ സഞ്ജയുടെ 'സിഗ്മ' റിലീസ് മാറ്റിയേക്കും

വിജയ് യുടെ അവസാന ചിത്രം 'ജനനായകന്‍' ജൂലൈ 24ന്; മകന്‍ ജേസണ്‍ സഞ്ജയുടെ 'സിഗ്മ' റിലീസ് മാറ്റിയേക്കും


ചെന്നൈ: നടന്‍ വിജയ്യുടെ അവസാന ചിത്രമെന്ന നിലയില്‍ ഏറെ ശ്രദ്ധ നേടുന്ന 'ജനനായകന്‍' ജൂലൈ 24ന് ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ആഗോള അഡ്വാന്‍സ് ബുക്കിംഗ് പല രാജ്യങ്ങളിലും ആരംഭിച്ചിട്ടുണ്ടെന്നും മിനിറ്റുകള്‍ക്കകം ആയിരക്കണക്കിന് ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നിന്ന് 'എ' സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് റിലീസ് തിയ്യതി ഉറപ്പായത്. നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ തിയേറ്റര്‍ ശൃംഖലകളും ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളും ജൂലൈ 24 റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടുണ്ട്.

ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ ഡിസ്ട്രിക്ട് പുറത്തിറക്കിയ വിവരമനുസരിച്ച് 34 വര്‍ഷത്തെ അഭിനയജീവിതത്തിനും 68 ചിത്രങ്ങള്‍ക്കും ശേഷം വിജയ്യുടെ അവസാന 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ' ആഘോഷം ജൂലൈ 24നായിരിക്കും.

ചിത്രത്തിന്റെ ഔദ്യോഗിക കഥാസംഗ്രഹം പ്രകാരം, ഒരു സാധാരണ മനുഷ്യന്‍ പ്രാദേശിക അനീതിക്കെതിരെ നിലകൊള്ളുന്നതിലൂടെ ജനങ്ങളുടെ പ്രതീക്ഷയായി മാറുന്നതും പിന്നീട് മനസ്സില്ലാമനസ്സോടെ ഒരു നേതാവായി വളരുന്നതുമാണ് പ്രമേയം.

അതേസമയം, ജൂലൈ 23ന് തന്നെ ചിത്രം റിലീസ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

വിജയ്യുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'സിഗ്മ' ജൂലൈ 31ന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 'ജനനായകന്‍' റിലീസിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനായി 'സിഗ്മ'യുടെ റിലീസ് ഓഗസ്റ്റിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ലൈക്ക പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്.

വിജയ്ക്കും മകന്‍ ജേസണ്‍ സഞ്ജയ്ക്കുമിടയില്‍ അകല്‍ച്ചയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പ്രചരിക്കുന്നുണ്ട്. വിജയ്യുടെ ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് ഇത്തരം അഭ്യൂഹങ്ങള്‍ ശക്തമായത്. നടി തൃഷ കൃഷ്ണനുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് വിവാഹമോചന വാര്‍ത്തകളും പുറത്തുവന്നത്. തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ഭാര്യയും മക്കളും പങ്കെടുത്തിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഈ കുടുംബവുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

വിജയ്ക്കൊപ്പം മമിത ബൈജു, ബോബി ഡിയോള്‍, പൂജ ഹെഗ്‌ഡെ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. തെലുങ്ക് ചിത്രം 'ഭഗവന്ത് കേസരി'യുടെ റീമേക്കായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രിലില്‍ ചിത്രത്തിന്റെ എച്ച് ഡി പതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്ന സംഭവത്തില്‍ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.