തിരുവനന്തപുരം: മലയാളം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകനും ചലച്ചിത്ര താരവുമായ പ്രണവ് മോഹന്‍ലാല്‍ സ്‌പെയിനില്‍ 'ആടുജീവിത'ത്തില്‍. കൃഷിയും വളര്‍ത്തു മൃഗങ്ങളുമുള്ള ഫാമില്‍ കൂലിപ്പണിക്കാരനായാണ് പ്രണവ് സ്‌പെയിനില്‍ ജീവിക്കുന്നതെന്ന് അദ്ദേഹത്തിന്റെ മാതാവ് സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു.
എല്ലാ വര്‍ഷവും ചില തിരക്കഥകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും തന്റെ മകന്‍ ഇപ്പോള്‍ സിനിമകള്‍ ഒഴികെയുള്ള കാര്യങ്ങളിലാണ് മുഴുകിയിരിക്കുന്നതെന്നും സുചിത്ര പറയുന്നു.
സ്പെയിനിലെ ഒരു ഫാമില്‍ 'വര്‍ക്ക് എവേ' എന്ന പരിപാടിയിലാണ് പ്രണവ് ഇപ്പോള്‍ പങ്കെടുക്കുന്നതെന്നും അവിടെ പണത്തിനു പകരം ഭക്ഷണത്തിനും താമസത്തിനും പകരമായി ജോലി ചെയ്യുകയാണെന്നുമുള്ള വിവരമാണ് സുചിത്ര പങ്കുവെച്ചത്.
സാമ്പത്തിക പ്രതിഫലത്തേക്കാള്‍ ഇത്തരം അനുഭവങ്ങള്‍ക്കാണ് പ്രണവ് പ്രാധാന്യം നല്‍കുന്നതെന്നും കുതിരകളെയും ആടുകളെയും പരിപാലിക്കുന്നത് പോലുള്ള ജോലികളാണ് പ്രണവ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും അവര്‍ വിശദീകരിച്ചു. പ്രണവ് സ്വന്തം ആശയങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നതെന്നും ധാര്‍ഷ്ട്യമല്ല തന്റെ ശരികളെ കുറിച്ച് ബോധ്യമുണ്ടെന്നും സുചിത്ര മോഹന്‍ലാല്‍ മകനെ കുറിച്ച് പറഞ്ഞു.
വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട് സിനിമകളെങ്കിലും ചെയ്യാന്‍ മകനോട് പറഞ്ഞിട്ടുണ്ടെങ്കിലും കഥകള്‍ കേള്‍ക്കുകയല്ലാതെ മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ലെന്നും സുചിത്ര പറഞ്ഞു. ജീവിതത്തില്‍ ഒരു ബാലന്‍സ് വേണമെന്നാണ് പ്രണവിന്റെ അഭിപ്രായമെന്നും സുചിത്ര വിശദമാക്കി.
സിനിമാ മേഖലയില്‍ പ്രണവ് പുതിയ അഭിനേതാവാണെങ്കിലും പിതാവ് മോഹന്‍ലാലുമായാണ് ആളുകള്‍ അവനെ താരതമ്യം ചെയ്യാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അപ്പുവിന് (പ്രണവ്) മോഹന്‍ലാല്‍ ആകാന്‍ കഴിയില്ലെന്നും സുചിത്ര വിശദീകരിച്ചു.
2003-ല്‍ 'പുനര്‍ജനി' എന്ന സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച പ്രണവ് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടിയിരുന്നു. 2015ല്‍ ജീത്തു ജോസഫിന്റെ കീഴില്‍ അസിസ്റ്റന്റ് ഡയറക്ടറായി ചലച്ചിത്രലോകത്തെത്തിയ അദ്ദേഹം പാപനാശം, ദി ലൈഫ് ഓഫ് ജോസൂട്ടി എന്നീ രണ്ട് പ്രോജക്ടുകള്‍ക്ക് ശേഷം 2018-ല്‍ ജീത്തു സംവിധാനം ചെയ്ത ആദിയില്‍ നായക വേഷം ഏറ്റെടുത്തു. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളിലൊന്നായിരുന്നു ആദി. അതോടൊപ്പം നവാഗത നടനുള്ള എസ്‌ഐഐഎംഎ പുരസ്‌ക്കാരവും പ്രണവ് നേടി. ആദി എന്ന ചിത്രത്തിലൂടെ ഗായകനും ഗാനരചയിതാവുമായും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടിയ ഹൃദയത്തില്‍ 2022ലും വിടെ അദ്ദേഹം 'ജിപ്സി വുമണ്‍' എന്ന ഗാനം എഴുതി, പാടി, അവതരിപ്പിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കുഞ്ഞാലിമരക്കാര്‍, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങള്‍.