മനുഷ്യോപഭോഗത്തിന് പറ്റില്ല; ഇന്ത്യയുടെ എവറസ്റ്റ് ഫിഷ് മസാല സിംഗപ്പൂരില്‍ നിന്നും തിരിച്ചു വിളിച്ചു

മനുഷ്യോപഭോഗത്തിന് പറ്റില്ല; ഇന്ത്യയുടെ എവറസ്റ്റ് ഫിഷ് മസാല സിംഗപ്പൂരില്‍ നിന്നും തിരിച്ചു വിളിച്ചു


സിംഗപ്പൂര്‍: എഥിലീന്‍ ഓക്‌സൈഡിന്റെ സാന്നിധ്യം ഉയര്‍ന്ന അളവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി സിംഗപ്പൂരിലെ ഭക്ഷ്യ ഏജന്‍സി ഇന്ത്യയില്‍ നിന്നുള്ള എവറസ്റ്റ് ഫിഷ് കറി മസാല തിരിച്ചുവിളിച്ചു. എഥിലിന്‍ ഓക്‌സൈഡ് കീടനാശിനിയാണെന്ന് പ്രസ്താവിച്ച ഭക്ഷ്യ ഏജന്‍സി എവറസ്റ്റ് ഫിഷ് മസാല മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതാണെന്നും പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് ഇത്  ഉപയോഗിക്കാമെങ്കിലും ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതിന് അംഗീകാരമില്ല.

'അനുവദനീയമായ പരിധിയില്‍ കൂടുതല്‍ എഥിലീന്‍ ഓക്‌സൈഡിന്റെ സാന്നിധ്യം ഉള്ളതിനാല്‍ എവറസ്റ്റ് ഫിഷ് കറി മസാല ഇന്ത്യയില്‍ നിന്ന് തിരിച്ചുവിളിക്കുന്നതിനെക്കുറിച്ച് ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു'  എന്ന് സിംഗപ്പൂര്‍ ഫുഡ് ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു. ഉത്പന്നങ്ങള്‍ മുഴുവന്‍ തിരിച്ചു വിളിക്കാന്‍ ഇറക്കുമതി ചെയ്യുന്ന എസ് പി മുത്തയ്യ ആന്റ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന് നിര്‍ദ്ദേശം നല്‍കി. 

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ബ്രാന്റാണ് എവറസ്റ്റെന്നും എല്ലാ ഉത്പന്നങ്ങളും അയക്കുന്നതിന് മുമ്പ് ഫാക്ടറിയില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാറുണ്ടെന്നും ഏറ്റവും ഉയര്‍ന്ന ശുചിത്വ, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും ഈ വിഷയത്തില്‍ എവറസ്റ്റ് പ്രതികരിച്ചു.

'കയറ്റുമതിക്കുമുമ്പ്, ഓരോ ഉത്പന്നത്തിലും ഇന്ത്യയുടെ സ്പൈസ് ബോര്‍ഡിന്റെ ഗുണനിലവാര പരിശോധന നടക്കാറുണ്ടെങ്കിലും എങ്കിലും പ്രശ്‌നം മനസിലാക്കാന്‍ ഔദ്യോഗിക ആശയവിനിമയത്തിന് കാത്തിരിക്കുകയാണെന്നും തങ്ങളുടെ ഗുണനിലവാര നിയന്ത്രണ സംഘം ഇക്കാര്യം പരിശോധിക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. 

കുറഞ്ഞ അളവില്‍ എഥിലീന്‍ ഓക്‌സൈഡ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഉടനടി അപകടസാധ്യതയില്ലെന്ന് ഭക്ഷ്യ ഏജന്‍സി അറിയിച്ചു. എന്നിരുന്നാലും, അത്തരം രാസവസ്തുക്കളുമായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും കൂട്ടിച്ചേര്‍ത്തു.

ഉത്പന്നങ്ങള്‍ വാങ്ങിയ ഉപഭോക്താക്കള്‍ അത് ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിച്ച അധികൃതര്‍ ഉല്‍പന്നങ്ങള്‍ കഴിച്ചവര്‍ അവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍  വൈദ്യോപദേശം തേടണമെന്നും ആവശ്യപ്പെട്ടു. അന്വേഷണങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് അവരുടെ പര്‍ച്ചേസ് പോയിന്റുമായി ബന്ധപ്പെടാവുന്നതാണെന്നും ഏജന്‍സി അറിയിച്ചു.